2026 രണ്ടാം പാദത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി 10% ഇടിവ് രേഖപ്പെടുത്തി. വിലവർധനവ് വിപണിയെ ബാധിച്ചപ്പോൾ, 105% വളർച്ചയോടെ 'നത്തിങ്' ബ്രാൻഡ് ശ്രദ്ധേയമായ മുന്നേറ്റം നടത്തി. വിവോ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ സാംസങ്, ഓപ്പോ തുടങ്ങിയ ബ്രാൻഡുകളും വിപണിയിൽ സാന്നിധ്യമറിയിച്ചു
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിൽ 10 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്‍റ് റിസർച്ച് റിപ്പോർട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ ജൂൺ പാദത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിത്. മെമ്മറി ചിപ്പുകളുടെ വില കുത്തനെ ഉയർന്നതോടെ സ്‍മാർട്ട്ഫോണുകളുടെ വിലയും വർധിച്ചതാണ് വിപണിയെ ബാധിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഫോണുകളുടെ വില ഉയർന്നതോടെ പുതിയ മോഡലുകൾ വാങ്ങാൻ ഉപഭോക്താക്കൾ മടിക്കുന്നതും പഴയ ഫോൺ കൂടുതൽ കാലം ഉപയോഗിക്കുന്ന പ്രവണത വർധിച്ചതും ആവശ്യകത കുറയാൻ കാരണമായി. എങ്കിലും ഈ പ്രതികൂല സാഹചര്യത്തിലും 'നത്തിങ്' ബ്രാൻഡ് ശ്രദ്ധേയമായ നേട്ടമാണ് സ്വന്തമാക്കിയത്. കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കുകൾ പ്രകാരം, 2026-ലെ രണ്ടാം പാദത്തിൽ 'നത്തിങ്' 105 ശതമാനം വാർഷിക വളർച്ചയാണ് നേടിയത്. കഴിഞ്ഞ പത്ത് പാദങ്ങളിൽ ഒമ്പതാം തവണയാണ് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സ്‍മാർട്ട്ഫോൺ ബ്രാൻഡായി 'നത്തിങ്' മാറുന്നത്.
'ഫോൺ 4എ' ശ്രേണിക്ക് ലഭിച്ച മികച്ച സ്വീകരണവും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മുഖ്യ സ്പോൺസറായതിലൂടെ ബ്രാൻഡിന് ലഭിച്ച വലിയ പ്രചാരണവുമാണ് വളർച്ചയ്ക്ക് പ്രധാന കാരണങ്ങളെന്ന് കമ്പനി വ്യക്തമാക്കി. തുടർന്ന് പുറത്തിറക്കിയ 'ഫോൺ 4ബി' 30,000 രൂപയ്ക്ക് മുകളിലുള്ള വിഭാഗത്തിൽ അവതരണവാരത്തിൽ തന്നെ
ഫ്ലിപ്‍കാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‍മാർട്ട്ഫോൺ ആയി മാറിയതായും കമ്പനി അവകാശപ്പെട്ടു.
വിപണിയിൽ 18 ശതമാനം ഓഹരിയുമായി വിവോ ഒന്നാം സ്ഥാനം നിലനിർത്തി. ബജറ്റ് ശ്രേണിയിലെ വൈ, ടി മോഡലുകൾക്ക് വിലവർധന തിരിച്ചടിയായെങ്കിലും മുൻതൂക്കം നിലനിർത്താനായി. രണ്ട് ശതമാനം വാർഷിക വളർച്ചയോടെ സാംസങ് രണ്ടാം സ്ഥാനത്തെത്തി. ഗാലക്‌സി എ, ഗാലക്‌സി എസ് ശ്രേണികൾക്കും വേനൽക്കാല ഓഫറുകൾക്കും ലഭിച്ച മികച്ച പ്രതികരണമാണ് സാംസങ്ങിന് നേട്ടമായത്.
14 ശതമാനം വിപണി വിഹിതവുമായി ഓപ്പോ മൂന്നാം സ്ഥാനത്തും 13 ശതമാനം വിഹിതവുമായി ഷവോമിയും പോക്കോയും ചേർന്ന് നാലാം സ്ഥാനത്തുമെത്തി. റിയൽമി ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. അതേസമയം, ആപ്പിളിന്റെ വിൽപ്പന മൂന്ന് ശതമാനം കുറഞ്ഞെങ്കിലും ഐഫോൺ 17 ശ്രേണിക്ക് മികച്ച ആവശ്യകത തുടരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിതരണം പരിമിതമായതാണ് കൂടുതൽ വിൽപ്പന നേടുന്നതിന് തടസ്സമായത്. 45,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം വിഭാഗത്തിൽ 68 ശതമാനം വളർച്ചയോടെ ഗൂഗിൾ മികച്ച മുന്നേറ്റം നടത്തി.
മെമ്മറിയുടെയും മറ്റ് ഘടകങ്ങളുടെയും വില ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഈ വർഷം മുഴുവൻ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി സമ്മർദത്തിലായിരിക്കുമെന്നാണ് കൗണ്ടർപോയിന്റ് റിസർച്ചിന്റെ വിലയിരുത്തൽ. പ്രത്യേകിച്ച് 15,000 രൂപയിൽ താഴെയുള്ള സ്‍മാർട്ട്ഫോൺ വിഭാഗമാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


