2024ലെ രാജാവ് ഐഫോണ്‍ 15; ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 10 സ്മാര്‍ട്ട്‌ഫോണുകളില്‍ ഏഴും ആപ്പിളിന്‍റെത്

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഹാന്‍ഡ്‌സെറ്റുകളുടെ പട്ടിക പുറത്ത്, ഐഫോണ്‍ 15 ആണ് 2024ല്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട സ്മാര്‍ട്ട്ഫോണ്‍

iPhone 15 was the most shipped smartphone in 2024

ബെംഗളൂരു: ആഗോളതലത്തില്‍ 2024ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സ്‌മാര്‍ട്ട്‌ഫോണായി ഐഫോണ്‍ 15. ആദ്യ പത്തില്‍ ഏഴ് ഫോണുകളും ആപ്പിള്‍ പുറത്തിറക്കിയ വിവിധ ഐഫോണ്‍ മോഡലുകളാണ്. അവശേഷിക്കുന്ന മൂന്ന് ഫോണുകള്‍ സാംസങ് ഗ്യാലക്സിയുടെതാണ് എന്നും മാര്‍ക്കറ്റ് അനാലിസിസ് കമ്പനിയായ കനാലിസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഏഴ് ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായതായി കനാലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഫോണ്‍ വില്‍പന 1.22 ബില്യണ്‍ യൂണിറ്റിലേക്ക് ഉയര്‍ന്നു. രണ്ട് വര്‍ഷത്തെ ഇടിവിന് ശേഷമാണ് ഫോണ്‍ വിപണി 2024ല്‍ ശക്തമായി തിരിച്ചെത്തിയത്. എങ്കിലും ആപ്പിള്‍, സാംസങ് കമ്പനികളുടെ ഫോണ്‍ വില്‍പനയില്‍ ഒരു ശതമാനത്തിന്‍റെ വീതം കുറവുണ്ടായി. എന്നാല്‍ വാവെയ് 36 ശതമാനവും ലെനോവ 23 ശതമാനവും ഷവോമി (സബ് ബ്രാന്‍ഡുകളും ഉള്‍പ്പടെ) 15 ശതമാനവും ട്രാന്‍ഷ്യന്‍ 15 ശതമാനവും വിവോ 14 ശതമാനവും ഹോണര്‍ 13 ശതമാനവും റിയല്‍മീ 9 ശതമാനവും ഒപ്പോ (വണ്‍പ്ലസ് ഉള്‍പ്പടെ) 8 ശതമാനവും വില്‍പന വളര്‍ച്ച നേടിയത് വിപണിക്ക് കരുത്തായി. 

2024ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ആപ്പിളിന്‍റെ ഐഫോണ്‍ 15 ആണ്. ഐഫോണ്‍ 16 പ്രോ മാക്സ്, ഐഫോണ്‍ 15 പ്രോ മാക്സ്, ഗ്യാലക്സി എ15, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 16, ഗ്യാലക്സി എ15 5ജി, ഗ്യാലക്സി എസ്24 അള്‍ട്ര, ഐഫോണ്‍ 13 എന്നിവയാണ് ആദ്യ പത്തില്‍ യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍. തൊട്ടുമുമ്പത്തെ വര്‍ഷം 2023ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഫോണും ആപ്പിളിന്‍റെതായിരുന്നു. ആ വര്‍ഷം ഐഫോണ്‍ 14 പ്രോ മാക്സാണ് ഏറ്റവുമധികം വിറ്റത്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്, ഗ്യാലക്സി എ14 4ജി, ഐഫോണ്‍ 13, ഐഫോണ്‍ 15 പ്രോ, ഗ്യാലക്സി എ14 5ജി, ഗ്യാലക്സി എ54 5ജി, ഐഫോണ്‍ 15 എന്നിവ പിന്നീടുള്ള സ്ഥാനങ്ങളിലെത്തി. 

Read more: മോട്ടോറോളയുടെ ബജറ്റ് ഫോൺ കുറഞ്ഞ വിലയിൽ, അതിശയിപ്പിക്കും ഡീൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios