Asianet News MalayalamAsianet News Malayalam

'കണ്‍വിന്‍സിംഗ് സ്റ്റാറോ' ഐഫോണ്‍ 16 സിരീസ്; വില്‍പന മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്

ഐഫോണ്‍ 16 സിരീസ് വാങ്ങാനായി കാത്തിരുന്നവരെ ആപ്പിള്‍ ഇന്‍റലിജന്‍സ് വൈകുന്നത് പിന്നോട്ടടിച്ചു എന്ന് റിപ്പോര്‍ട്ട്

iPhone 16 Series sale are not upto expected
Author
First Published Oct 1, 2024, 11:16 AM IST | Last Updated Oct 1, 2024, 11:19 AM IST

ന്യൂയോര്‍ക്ക്: ഏറെ പ്രതീക്ഷകളുമായി വിപണിയിലേക്ക് എത്തിയ ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന് പ്രതീക്ഷിച്ച വില്‍പനയുണ്ടായില്ല എന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഫോണുകളിലേക്ക് എത്താന്‍ വൈകിയത് വില്‍പനയെ സാരമായി ബാധിച്ചതായും രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഐഫോണ്‍ 16 സിരീസ് വന്‍ ഹിറ്റാകേണ്ടത് കഴിഞ്ഞ വര്‍ഷങ്ങളിലെ തിരിച്ചടി മറക്കാന്‍ ആപ്പിളിന് ആവശ്യമായിരുന്നു. എന്നാല്‍ ഐഫോണ്‍ 12ല്‍ 5ജി കണക്റ്റിവിറ്റി ചേര്‍ത്ത ശേഷം പുത്തന്‍ ഐഫോണ്‍ മോഡലുകള്‍ വാങ്ങിക്കാന്‍തക്ക ഫീച്ചറുകള്‍ അണിനിരത്താന്‍ ആപ്പിളിന് കഴിയാതെപോയി. ഏറ്റവും പുതിയ ഐഫോണ്‍ 16 സിരീസില്‍ പോലും കാര്യമായ അപ്‌ഗ്രേഡുകള്‍ കൊണ്ടുവരാന്‍ ആപ്പിളിനായില്ല എന്ന പരാതിയുണ്ട്. ആപ്പിളിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയായ ആപ്പിള്‍ ഇന്‍റലിജന്‍സ് ഐഫോണ്‍ 16 സിരീസിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാകും എന്ന് കരുതിയെങ്കിലും എഐ ഫീച്ചറുകള്‍ ഇതുവരെ ഫോണുകളിലേക്ക് എത്തിയിട്ടില്ല. ഇത് ഐഫോണ്‍ 16 സിരീസ് വാങ്ങാനായി കാത്തിരുന്നവരെ പിന്നോട്ടടിച്ചു എന്നാണ് വിലയിരുത്തല്‍.

ഐഫോണ്‍ 16 സിരീസ് പ്രീ-സെയില്‍ തുടങ്ങി ആദ്യ ആഴ്‌ച 3.7 കോടി ഫോണുകള്‍ക്ക് മാത്രമാണ് ബുക്കിംഗ് ലഭിച്ചത്. 2023ല്‍ ഇറങ്ങിയ ഐഫോണ്‍ 15 സിരീസിന്‍റെ ആദ്യ വാര പ്രീ-സെയിലുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനത്തിന്‍റെ കുറവ് ഇത്തവണ കാണാം. ഉയര്‍ന്ന വിലയുള്ള പ്രോ മോഡലുകളെ അപേക്ഷിച്ച് ഇത്തവണ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നീ സ്റ്റാന്‍ഡേര്‍ഡ് മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. ഇത് ഐഫോണ്‍ 16 സിരീസിന്‍റെ ആകെ വില്‍പനയെയും വരുമാനത്തിലെ കുറവും വ്യക്തമാക്കുന്നു. 2023നെ അപേക്ഷിച്ച് ഐഫോണ്‍ 16 പ്രോയ്ക്ക് 27 ശതമാനവും പ്രോ മാക്‌സിന് 16 ശതമാനവും പ്രീ-സെയില്‍ കുറഞ്ഞു. 

2024 സെപ്റ്റംബര്‍ 9നാണ് ആപ്പിള്‍ കമ്പനി ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകള്‍ പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ ആരംഭിക്കുകയും ചെയ്‌തു. സെപ്റ്റംബര്‍ 20ന് ആരംഭിച്ച വില്‍പനയില്‍ എത്ര ഫോണുകള്‍ ഇരുവരെ വിറ്റഴിഞ്ഞു എന്ന് ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല. 

Read more: 'ഐഫോണ്‍ 16 ഏശിയില്ല, ബുക്കിംഗില്‍ കനത്ത ഇടിവ്, പ്രോ മോഡലുകള്‍ക്ക് തീരെ ഡിമാന്‍ഡില്ല'- കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios