ഐഫോണ്‍ 17 സീരീസിലുണ്ടാവുക നാല് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍, പുത്തന്‍ ഐഫോണ്‍ 17 എയര്‍ ഏറ്റവും ആകര്‍ഷണം

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങാന്‍ മൂന്ന് മാസം അവശേഷിക്കുകയാണെങ്കിലും അഭ്യൂഹങ്ങള്‍ നിറയുന്നു. സെപ്റ്റംബര്‍ 9നും 17നും ഇടയിലുള്ള ഒരു തീയതിയിലാവും ആപ്പിള്‍ പുത്തന്‍ ഐഫോണ്‍ സീരീസ് പുറത്തിറക്കുക എന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍.

സാധാരണയായി സെപ്റ്റംബര്‍ മാസമാണ് ആപ്പിള്‍ അവരുടെ പുതിയ ഐഫോണ്‍ സീരീസുകള്‍ പുറത്തിറക്കാന്‍ തെരഞ്ഞെടുക്കാറ്. കൊവിഡ് മഹാമാരി കാരണം ഐഫോണ്‍ 12 സീരീസ് പുറത്തിറക്കാന്‍ 2020ല്‍ ലോഞ്ച് ഇവന്‍റ് ഒക്‌ടോബറിലേക്ക് മാറ്റിയതാണ് ഇതിലുണ്ടായ ഒരു മാറ്റം. വരാനിരിക്കുന്ന ഐഫോണ്‍ 17 സീരീസ് ലോഞ്ച് തീയതിയെ കുറിച്ച് ചില സൂചനകള്‍ രാജ്യാന്തര മാധ്യമമായ ഫോബ്‌സ് പുറത്തുവിട്ടു. സാധാരണയായി ആപ്പിള്‍ സെപ്റ്റംബറിലെ രണ്ടാം ചൊവ്വാഴ്‌ചയോ ബുധനാഴ്‌ചയോ ആണ് ഐഫോണ്‍ കീനോട്ട് ഇവന്‍റ് സംഘടിപ്പിക്കാറ്. അതേ ആഴ്‌ചയിലെ വെള്ളിയാഴ്‌ച പ്രീ-ഓര്‍ഡറുകളും ആരംഭിക്കുന്നതാണ് പതിവ്. ഒരാഴ്‌ചയ്ക്ക് ശേഷം പുത്തന്‍ ഐഫോണുകള്‍ വില്‍പനയ്ക്കായി സ്റ്റോറുകളിലെത്തും. സെപ്റ്റംബറിലെ ആദ്യ ആഴ്‌ച യുഎസ് തൊഴിലാളി ദിനമുള്ളതിനാല്‍ ആപ്പിള്‍ ഐഫോണ്‍ ലോഞ്ചിനായി ആ ആഴ്‌ച തെരഞ്ഞെടുക്കാന്‍ സാധ്യതയില്ല എന്നാണ് സൂചന. അതിനാല്‍തന്നെ സെപ്റ്റംബര്‍ 9 ചൊവ്വാഴ്‌ചയോ, സെപ്റ്റംബര്‍ 10 ബുധനാഴ്‌ചയോ ആവും ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങാന്‍ സാധ്യത.

ഇതെല്ലാം ആപ്പിള്‍ റൂമര്‍മാരെ ഉദ്ദരിച്ചുള്ള വാര്‍ത്തകളാണ് എന്നതും പ്രത്യേകം പരിഗണിക്കണം. ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് എപ്പോള്‍ പുറത്തിറങ്ങുമെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഐഫോണ്‍ 17 സീരീസിന്‍റെ വലിയ തോതിലുള്ള നിര്‍മ്മാണവും കയറ്റുമതിയും വിതരണവും പൂര്‍ത്തിയാവുന്ന മുറയ്ക്കാവും ആപ്പിള്‍ ലോഞ്ച് തീയതി പ്രഖ്യാപിക്കുക.

മുന്‍ മോഡലുകളില്‍ നിന്ന് ചില മാറ്റങ്ങളോടെയാവും ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങുക. ഐഫോണ്‍ 17 സീരീസില്‍ നാല് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന് പുറമെ ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ മാക്സ് എന്നീ ഫോണുകളാണ് പുത്തന്‍ സീരീസിലുണ്ടാവുക. മുമ്പുണ്ടായിരുന്ന ഐഫോണ്‍ പ്ലസ് വേരിയന്‍റിന് പകരം ആപ്പിള്‍ അവതരിപ്പിക്കുന്ന മോഡലാണ് എയര്‍. ഐഫോണ്‍ 17 എയര്‍ ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ സ്‌മാര്‍ട്ട്ഫോണായിരിക്കും. പുതിയ ക്യാമറ മൊഡ്യൂള്‍, മറ്റ് ഡിസൈന്‍ ചേഞ്ചുകള്‍, ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ തുടങ്ങി നിരവധി അപ്‌ഡേറ്റുകള്‍ ഐഫോണ്‍ 17 സീരീസില്‍ പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ സെല്‍ഫി ക്യാമറയില്‍ വമ്പന്‍ അപ്‌ഡേറ്റ് വന്നേക്കും.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News