ഐഫോണ്‍ 17 പ്രോ മോഡലുകളിലെ കോസ്മിക് ഓറഞ്ച് ഹാന്‍ഡ്‌സെറ്റുകള്‍ നിറംമങ്ങി പിങ്കായതിന് കാരണം എന്ത്? ആപ്പിളിന്‍റെ പ്രീമിയം ഐഫോണുകളുടെ നിറംമാറ്റത്തിനെ കുറിച്ച് വ്യാപക പരാതികള്‍.
കാലിഫോര്‍ണിയ: ഐഫോണ്‍ 17 പ്രോ മോഡലുകളുടെ കോസ്‌മിക് ഓറഞ്ച് വേരിയന്‍റിന്‍റെ നിറംമങ്ങുന്നതായി ഉപഭോക്താക്കളുടെ പരാതി. പ്രോ മോഡലുകളില്‍ ആപ്പിള്‍ ആദ്യമായി അവതരിപ്പിച്ച കോസ്‍മിക് ഓറഞ്ച് വേരിയന്‍റിന്‍റെ നിറംമാറി പിങ്കാവുന്നതായാണ് ആക്ഷേപം. എന്താണ് കോസ്‌മിക് ഓറഞ്ച് നിറത്തിലുള്ള ഐഫോണുകളുടെ നിറ വ്യത്യാസത്തിന് കാരണം?
പിങ്ക് ആയി മാറി കോസ്‌മിക് ഓറഞ്ച് ഐഫോണുകള്‍
ഐഫോണ്‍ 17 സീരീസ് ഇന്ത്യയിലെത്തിയപ്പോള്‍ കോസ്‍മിക് ഓറഞ്ച് നിറത്തിലുള്ള പ്രോ മോഡലുകള്‍ വാങ്ങാന്‍ നല്ല തിരക്കായിരുന്നു. ഇന്ത്യയില്‍ മാത്രമല്ല, മറ്റ് രാജ്യങ്ങളിലും ഈ ഫോണിന് വലിയ ശ്രദ്ധ കിട്ടി. ഐഫോണ്‍ 17 പ്രോയുടെയും, പ്രോ മാക്‌സിന്‍റെ കോസ്‍മിക് ഓറഞ്ച് വേരിയന്‍റിന്‍റെ ചിത്രം ഇപ്പോള്‍ നിരവധിയാള്‍ എക്‌സിലും റെഡ്ഡിറ്റിലും പോസ്റ്റ് ചെയ്‌തിരിക്കുകയാണ്. ഐഫോണ്‍ 17 പ്രോ, പ്രോ മാക്‌സ് കോസ്‍മിക് ഓറഞ്ച് വേരിയന്‍റ് വാങ്ങിയ പലരും നിരാശരാണ്. കോസ്‌മിക് ഓറഞ്ച് നിറംമങ്ങി ഒറ്റ മാസം കൊണ്ട് പിങ്കായിരിക്കുന്നു. ഐഫോണ്‍ 17 പ്രോ മോഡലുകളുടെ ഫ്രെയിമുകളില്‍ പൊട്ടലും പാടുകളുമെന്ന് ഉപഭോക്താക്കളുടെ മറ്റൊരു പരാതിയുമുണ്ട്.
ആപ്പിളിന്‍റെ ഏറ്റവും പ്രീമിയം സ്‌മാര്‍ട്ട്‌ഫോണുകളാണ് പ്രോ മോഡലുകള്‍. നാളിതുവരെ ക്വാളിറ്റിയും ഫീച്ചറുകളിലെ ഗരിമയും തന്നെയായിരുന്നു ഐഫോണ്‍ പ്രോ മോഡലുകളുടെ മുഖമുദ്ര. എന്നാല്‍ ഐഫോണ്‍ 17 പ്രോ മോഡലുകളിലെ കോസ്മിക് ഓറഞ്ച് വേരിയന്‍റിന്‍റെ നിറംമങ്ങുന്നത് ആപ്പിളിന്‍റെ ഏറ്റവും പുതിയ പ്രീമിയം ഉപകരണങ്ങളെക്കുറിച്ച് ഗുണനിലവാര ആശങ്കകൾ ഉയർത്തുന്നു. കോസ്‍മിക് ഓറഞ്ച് കണ്ണടച്ച് തുറക്കുമ്പോള്‍ പിങ്കായി മാറുന്നതനെ കുറിച്ചുള്ള ആദ്യ പരാതി ജപ്പാനിലെ ഒരു ഉപയോക്താവിൽ നിന്നാണ് പുറത്തുവന്നതെന്നാണ് റിപ്പോർട്ടുകൾ. നിറംമങ്ങിയ പുതിയ ഫോണുകളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫോണിന്‍റെ മാഗ്സേഫ് റിംഗ് ഏരിയ അതിന്‍റെ യഥാർഥ കോസ്‌മിക് ഓറഞ്ച് നിറം നിലനിർത്തിയെങ്കിലും, അലുമിനിയം ഫ്രെയിമും ചുറ്റുമുള്ള പിൻഭാഗവും വലിയതോതിൽ മങ്ങിയതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ഐഫോണ്‍ 17-ന്‍റെ രണ്ട് പ്രോ മോഡലുകളിലും സമാനമായ മങ്ങൽ പ്രശ്‍നം ഉപയോക്താക്കൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ ഫോണുകളുടെ അലുമിനിയം ഫ്രെയിമിലും ക്യാമറ മൊഡ്യൂളിലുമാണ് പ്രധാന നിറംവ്യത്യാസം. ഫോണുകളുടെ ഫ്രെയിമുകളും റിയര്‍ ഭാഗവും ഓറഞ്ച് നിറത്തിൽ നിന്ന് ഇളം പിങ്ക് അല്ലെങ്കിൽ റോസ് ഗോൾഡ് നിറങ്ങളിലേക്ക് മാറുന്നു. ഈ പ്രശ്‌നം പ്രധാനമായും കോസ്‍മിക് ഓറഞ്ച് പതിപ്പിനെയാണ് ബാധിക്കുന്നത്. അതേസമയം ഡീപ് ബ്ലൂ യൂണിറ്റുകളിലും നിറവ്യത്യാസം അനുഭവപ്പെടുന്നതായും പരാതികൾ ഉയരുന്നുണ്ട്. എന്നാല്‍ അതത്ര സങ്കീര്‍ണമല്ല.
എന്തുകൊണ്ടാണ് ഇങ്ങനെ ഐഫോണുകളുടെ നിറം മാറുന്നത്?
ഫോണിന്‍റെ ഉപരിതല സംരക്ഷണ പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നത് മൂലമുള്ള അലുമിനിയത്തിന്‍റെ സ്വാഭാവിക ഓക്‌സീകരണമാണ് മങ്ങൽ സംഭവിക്കുന്നതിന്‍റെ പ്രധാന കാരണമെന്നാണ് നിരീക്ഷണം. ഈ പ്രതിപ്രവർത്തനം തടയാൻ ആപ്പിൾ സാധാരണയായി ഒരു ആനോഡൈസ്‍ഡ് പാളി ഐഫോണുകളിൽ നൽകാറുണ്ട്. എന്നാൽ ഈ കോട്ടിംഗിൽ എന്തെങ്കിലും തകരാറ് സംഭവിച്ചാൽ രാസപ്രവർത്തനങ്ങൾ കാരണം അലുമിനിയം കെയ്‌സിന്‍റെ ക്രമേണ നിറം മാറിയേക്കാം. അൾട്രാവയലറ്റ് രശ്‍മികൾ എക്സ്പോഷർ ചെയ്യുന്നത് നിറംമാറ്റത്തിന്‍റെ വേഗത കൂട്ടുന്നുവെന്നും, വെയിലത്ത് പുറത്ത് വച്ചിരിക്കുന്ന ഡിവൈസുകൾക്ക് വേഗത്തിൽ നിറംമങ്ങൽ സംഭവിക്കുമെന്നും ചില ഉപയോക്താക്കൾ അവകാശപ്പെടുന്നു. പതിവായി സ്‍പർശിക്കുന്നതോ ഘർഷണത്തിന് വിധേയമാകുന്നതോ ആയ ഭാഗങ്ങളായ ഫ്രെയിമിനും ക്യാമറ മൊഡ്യൂളിനും ചുറ്റുമാണ് ഏറ്റവും കാര്യമായ നിറവ്യത്യാസം സംഭവിക്കുന്നത്.
അതേസമയം, ഐഫോണ്‍ 17 പ്രോ മോഡലുകളിലെ നിറവ്യത്യാസത്തെ കുറിച്ച് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കമ്പനിക്ക് ഈ പ്രശ്‍നത്തെക്കുറിച്ച് അറിയാമെന്നും ആന്തരിക റിപ്പോർട്ടുകൾ അവലോകനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രശ്‍നബാധിതരായ ഉപയോക്താക്കൾ വ്യക്തമായ ഫോട്ടോകൾ സഹിതം ആപ്പിൾ സപ്പോർട്ടുമായി ബന്ധപ്പെടുകയോ, ഒരു ആപ്പിൾ സ്റ്റോർ സന്ദർശിക്കുകയോ വേണം. മെറ്റീരിയൽ തകരാറാണെന്ന് സ്ഥിരീകരിച്ചാൽ, വാറന്‍റി കാലയളവിനുള്ളിൽ ഉപയോക്താക്കൾക്ക് സൗജന്യമായി ഫോൺ ആപ്പിള്‍ മാറ്റിനൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ.



