ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എയറിന് പ്രതീക്ഷിച്ച ഡിമാന്‍ഡ് ഉണ്ടായില്ല. ആളുകള്‍ പകരം ഐഫോണ്‍ പ്രോ മോഡലുകള്‍ വാങ്ങാന്‍ മത്സരിക്കുന്നു. 

കാലിഫോര്‍ണിയ: അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ പുറത്തിറക്കിയ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സ്ലിമ്മായ ഐഫോൺ ആയിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അവതരിപ്പിക്കപ്പെട്ട 'ഐഫോൺ എയർ'. എന്നാൽ ഐഫോൺ എയർ വിൽപ്പനയിൽ കമ്പനി അത്ര തൃപ്‍തരല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ. വിൽപ്പന ദുർബലമായതിനാൽ ആപ്പിൾ ഐഫോൺ എയറിന്‍റെ ഉത്പാദനം കുറയ്ക്കാൻ തുടങ്ങിയതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ ഡിമാൻഡ് കാരണം ആപ്പിൾ ഈ വർഷം ഐഫോൺ എയറിന്‍റെ ഉത്പാദനം ഏകദേശം 10 ലക്ഷം യൂണിറ്റ് കുറയ്ക്കുമെന്ന് കരുതുന്നതായി ജപ്പാനിലെ മിസുഹോ സെക്യൂരിറ്റീസിനെ ഉദ്ദരിച്ച് ദി ഇലക് റിപ്പോർട്ട് ചെയ്യുന്നു.

ഡിസൈന്‍ ഹിറ്റ്, ഫോണ്‍ ഹിറ്റായില്ല

ആപ്പിള്‍ ഐഫോണ്‍ എയര്‍ അവതരിപ്പിച്ചപ്പോള്‍ അത് വലിയ ആഗോള വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണായ ഐഫോണ്‍ എയറിന് 5.6 എംഎം മാത്രമായിരുന്നു കനം. 6.5 ഇഞ്ച് പ്രോമോഷൻ 120 ഹെര്‍ട്‌സ് സൂപ്പർ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലേ, എ19 പ്രോ ചിപ്, 2x ടെലിഫോട്ടോ പിന്തുണയുള്ള 48 എംപി സിംഗിൾ റിയർ ക്യാമറ, 18 എംപി സെൽഫി ക്യാമറ, 40 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് എന്നിവയായിരുന്നു ഐഫോണ്‍ എയറിന്‍റെ പ്രധാന സവിശേഷതകള്‍. 256 ജിബി അടിസ്ഥാന സ്റ്റോറേജ് വേരിയന്‍റിന് 1,19,900 രൂപയായിരുന്നു വിലത്തുടക്കം. എന്നാല്‍ വളരെ നേർത്ത രൂപകൽപ്പനയും ഫ്ലാഗ്ഷിപ്പ് ലെവൽ സവിശേഷതകളും ഉണ്ടായിരുന്നിട്ടും ഐഫോൺ എയറിന് ശക്തമായ വിൽപ്പന കൈവരിക്കാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ആപ്പിൾ ഐഫോൺ എയറിന്‍റെ ഉത്പാദനം ഒരുദശലക്ഷം യൂണിറ്റ് കുറയ്ക്കാൻ പദ്ധതിയിടുന്നതായാണ് പുതിയ വാര്‍ത്ത.

ആളുകള്‍ ഐഫോണ്‍ എയര്‍ വിട്ട് പ്രോ മോഡലുകളിലേക്ക്

അതേസമയം, ചൈനയിൽ ലോഞ്ച് ചെയ്‌ത ഉടൻ തന്നെ ഐഫോൺ എയർ വിറ്റുതീർന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഡിസൈന്‍ അമ്പരപ്പിച്ചെങ്കിലും പാശ്ചാത്യ വിപണികളിൽ ഐഫോണ്‍ എയറിന് വിപണിയില്‍ ലഭിച്ചത് തണുപ്പന്‍ പ്രതികരണമായിരുന്നു. ഉയര്‍ന്ന വില ഐഫോണ്‍ എയറിനോടുള്ള താത്പര്യം കുറച്ചതായി വിശകലന വിദഗ്ധർ പറയുന്നു. ഉപഭോക്താക്കൾ ഐഫോൺ എയറിന് പകരം ഐഫോൺ 17-നെ തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ മെച്ചപ്പെട്ട ക്യാമറ സംവിധാനവും പ്രീമിയം സവിശേഷതകളും കാരണം ഐഫോൺ 17 പ്രോ മോഡലുകൾ വാങ്ങുകയോ ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ.

എന്തുകൊണ്ട് ഐഫോണ്‍ എയറിന് ഡിമാന്‍ഡ് കുറഞ്ഞു?

ഐഫോണ്‍ 17 സീരീസിലെ മറ്റ് സ്‌മാര്‍ട്ട്‌ഫോണുകളായ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനും ആപ്പിൾ പദ്ധതിയിടുന്നു. 2026-ന്‍റെ തുടക്കത്തിൽ, ഐഫോൺ 17 ലൈനപ്പിന്‍റെ മൊത്തത്തിലുള്ള ഉൽപാദനം 88 ദശലക്ഷത്തിൽ നിന്ന് 94 ദശലക്ഷം യൂണിറ്റായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇത് സൂചിപ്പിക്കുന്നത് പുതിയ ഐഫോൺ സീരീസ് മൊത്തത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട് എന്നാണ്. സ്ലിം ബിൽഡുകളുള്ള സ്‌മാർട്ട്‌ഫോണുകൾക്ക് നിലവിൽ വിപണിയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അവയുടെ സ്ലിം ഡിസൈൻ പലപ്പോഴും ബാറ്ററിയുടെ വലുപ്പം കുറയ്ക്കുന്നതിനും ദുർബലമായ ക്യാമറ ഫീച്ചറുകൾക്കും കാരണമാകുന്നു. അതിനാൽ പല ഉപയോക്താക്കളും ഇത്തരം സ്‍മാർട്ട്ഫോണുകളെ ഉപേക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്