ഐഫോൺ 18 പ്രോ സീരീസിൽ വേരിയബിൾ-അപേർച്വർ റിയർ ക്യാമറ സംവിധാനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ. കോസ്മിക് ഓറഞ്ചിന് പകരം ഡാർക്ക് ചെറി പോലുള്ള പുതിയ നിറങ്ങൾ അവതരിപ്പിച്ചേക്കാം. ഈ സീരീസിനൊപ്പം ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ അൾട്രയും പ്രതീക്ഷിക്കുന്നു.
സോള്‍: ആപ്പിളിന്‍റെ ഐഫോണ്‍ 18 പ്രോ സീരീസ് പുറത്തിറങ്ങാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കുകയാണെങ്കിലും അഭ്യൂഹങ്ങള്‍ സജീവം. ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവയുടെ കളര്‍, റിയര്‍ ക്യാമറ ഫീച്ചറുകളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ഇതുപ്രകാരം, ഐഫോണ്‍ 18 പ്രോ മോഡലുകളില്‍ വേരിയബിള്‍-അപേര്‍ച്വര്‍ റിയര്‍ ക്യാമറ സംവിധാനമാണുണ്ടാവുക.
ഐഫോണ്‍ 18 പ്രോയില്‍ വേരിയബിള്‍-അപേര്‍ച്വര്‍ റിയര്‍ ക്യാമറ
ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവ പുത്തന്‍ വേരിയബിള്‍-അപേര്‍ച്വര്‍ റിയര്‍ ക്യാമറയോടെയാണ് അവതരിക്കുക എന്ന വിവരം കൊറിയന്‍ മാധ്യമമായ ഇടിന്യൂസാണ് റിപ്പോര്‍ട്ട് ചെയ്‌തത്. സ്‌മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പടെയുള്ള ഗാഡ്‌ജറ്റുകളുടെ ലീക്കുകള്‍ക്ക് പ്രസിദ്ധമായ മാധ്യമ സ്ഥാപനമാണ്. സാഹചര്യത്തിന് അനുസരിച്ച് ക്യാമറ ലെന്‍സ് അഡ്‌ജസ്റ്റ് ആവുന്നതിനെയാണ് വേരിയബിള്‍-അപേര്‍ച്വര്‍ സംവിധാനം എന്നുപറയുന്നത്. സെന്‍സറിലേക്ക് കൃത്യമായ പ്രകാശം എത്തിച്ചേരാന്‍ ഇതിലൂടെ സാധിക്കും. ഫോട്ടോഗ്രഫിയില്‍ കൂടുതല്‍ മെച്ചപ്പെട്ട കൃത്യതയും പ്രകാശവിന്യാസവും ഇത് ഉറപ്പുവരുത്തും. ഐഫോണ്‍ 18 പ്രോ മോഡലുകളില്‍ വേരിയബിള്‍-അപേര്‍ച്വര്‍ ഉണ്ടാകുമെന്ന് മുമ്പുതന്നെ ചില അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഐഫോണ്‍ 18-ന് പുത്തന്‍ നിറം
ഐഫോണ്‍ 17 പ്രോ മോഡലുകളിലെ വിവാദമായ കോസ്‌മിക് ഓറഞ്ച് നിറത്തിന് പകരം ഐഫോണ്‍ 18 പ്രോ സീരീസില്‍ പുത്തന്‍ ഡാര്‍ക്ക് ചെറി കളര്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്ന് സൂചനകളുണ്ട്. ഇതൊരു ഡാര്‍ക്ക് റെഡ് കളര്‍ ആയിരിക്കും. ലൈറ്റ് ബ്ലൂ, ഡാര്‍ക്ക് ഗ്രേ, സില്‍വര്‍ നിറങ്ങളും ഐഫോണ്‍ 18 പ്രോയ്‌ക്കുണ്ടാകുമെന്ന് മാക്‌വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്‌തു. കറുപ്പ് നിറത്തിലുള്ള ഐഫോണ്‍ 18 പ്രോ വിപണിയിലെത്തുമെന്ന് നേരത്തെ മറ്റ് ലീക്കുകളുമുണ്ടായിരുന്നു.
2026 സെപ്റ്റംബര്‍ മാസത്തില്‍ ഐഫോണ്‍ 18 സീരീസ് പുറത്തിറങ്ങുമ്പോള്‍ മൂന്ന് ഫോണ്‍ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ്, പുത്തന്‍ ഫോള്‍ഡബിളായ ഐഫോണ്‍ അള്‍ട്ര/ഐഫോണ്‍ ഫോള്‍ഡ് എന്നിവയാണിത്. ആപ്പിളിന്‍റെ കന്നി ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ അള്‍ട്രയായിരിക്കും ഇതില്‍ ഏറ്റവും ശ്രദ്ധേയം എന്നുറപ്പ്.



