ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഫോണായ 'ഐഫോൺ ഫോൾഡ്' അഥവാ 'ഐഫോൺ അൾട്ര'യുടെ കെയ്‌സ് ചിത്രങ്ങൾ ചോർന്നു. ഈ ചിത്രങ്ങൾ ഫോണിന്‍റെ ഡിസൈൻ, ഡ്യുവൽ ക്യാമറ സംവിധാനം, ബട്ടണുകളുടെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു. ഫേസ് ഐഡിക്ക് പകരം ടച്ച് ഐഡി, പുതിയ എ20 പ്രോ ചിപ്പ്, ഐഫോണിലെ ഏറ്റവും വലിയ ബാറ്ററി എന്നിവയും ഈ മോഡലിൽ പ്രതീക്ഷിക്കുന്നു.
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ സ്‍മാർട്ട്ഫോണായി കരുതപ്പെടുന്ന 'ഐഫോൺ ഫോൾഡ്' അഥവാ 'ഐഫോൺ അൾട്ര'യെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നു. ഈ വർഷം സെപ്റ്റംബറിൽ പുതിയ ഉൽപ്പന്നങ്ങളോടൊപ്പം ആപ്പിൾ ഫോൾഡബിൾ ഐഫോണും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഫോണിന്‍റെ കെയ്‌സിന്‍റെ ചിത്രങ്ങൾ ലീക്കായതോടെ ഉപകരണത്തിന്‍റെ രൂപകൽപ്പനയെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ സൂചനകൾ ലഭിച്ചിരിക്കുകയാണ്.
ഐഫോണ്‍ അള്‍ട്ര: കൂടുതല്‍ ലീക്കുകള്‍
ചൈനീസ് ടെക് വെബ്സൈറ്റുകളായ ഐഫൺസ്‍മാർട്ട് ഉൾപ്പെടെ നിരവധി പ്ലാറ്റ്ഫോമുകളിലാണ് ഫോൾഡബിൾ ഐഫോണിന്‍റേതായി പറയപ്പെടുന്ന കെയിസ് ചിത്രങ്ങൾ പ്രചരിക്കുന്നത്. വിവിധ കോണുകളിൽ നിന്നുള്ള ചിത്രങ്ങൾ പരിശോധിക്കുമ്പോൾ, കറുപ്പ് നിറത്തിലുള്ള കെയിസാണ് കാണുന്നത്. ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം, ഈ ഫോൺ ഇൻബിൽറ്റ് മാഗ്‌സേഫ് (MagSafe) പിന്തുണയില്ലാതെ എത്തിയേക്കാമെന്നാണ് വിലയിരുത്തൽ. അതിനാൽ മാഗ്‌നറ്റിക് വയർലെസ് ചാർജിങ് ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് പ്രത്യേക മാഗ്‌സേഫ് അനുയോജ്യമായ കേസ് ഉപയോഗിക്കേണ്ടി വരാൻ സാധ്യതയുണ്ട്.
വോള്യം ബട്ടണുകൾ ഫോണിന്‍റെ മുകളിലെ ഭാഗത്തായിരിക്കും സ്ഥിതിചെയ്യുക എന്നാണ് ലീക്കായ ചിത്രങ്ങൾ നൽകുന്ന സൂചന. പവർ ബട്ടൺ വലതുവശത്തും അതിന് താഴെ ആന്‍റിന ബാൻഡിനായി കരുതുന്ന ചെറിയ കട്ട്-ഔട്ടും കാണാം. ഫോണിന്‍റെ പിൻഭാഗത്ത് ഡ്യുവൽ ക്യാമറ സംവിധാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമറ മോഡ്യൂളിന്‍റെ രൂപകൽപ്പന ആപ്പിളിന്‍റെ ഐഫോൺ എയർ മോഡലുമായി സാമ്യമുള്ളതായും റിപ്പോർട്ടുകൾ പറയുന്നു.
മുൻപ് പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഐഫോൺ അൾട്രയ്ക്ക് തുറന്ന നിലയിൽ വെറും 4.7 മില്ലിമീറ്റർ കനം മാത്രമായിരിക്കും ഉള്ളത് എന്നാണ്. ഫോൾഡ് ചെയ്‌താൽ 9.23 മില്ലിമീറ്റർ കനം ഉണ്ടായിരിക്കും. പുറം സ്‌ക്രീൻ 5.5 ഇഞ്ചും അകത്തെ പ്രധാന ഡിസ്പ്ലേ 7.8 ഇഞ്ചും ആയിരിക്കുമെന്നാണ് സൂചന. രണ്ട് സ്‌ക്രീനുകളിലും സാംസങ്ങിന്റെ എം16 ഒഎൽഇഡി സാങ്കേതികവിദ്യ ഉപയോഗിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ഫേസ് ഐഡിയും ഡൈനാമിക് ഐലൻഡും ഈ മോഡലിൽ ഒഴിവാക്കപ്പെടുമെന്ന അഭ്യൂഹമാണ്. പകരം, രണ്ട് സ്‌ക്രീനുകളിലും പഞ്ച്-ഹോൾ ക്യാമറകളും സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ടച്ച് ഐഡി സംവിധാനവും ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. പെർഫോമൻസിന്‍റെ കാര്യത്തിൽ, ആപ്പിളിന്‍റെ പുതിയ എ20 പ്രോ ചിപ്പാണ് ഈ ഫോണിന് കരുത്തേകുക. 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ഈ പ്രോസസർ മികച്ച പ്രകടനവും ഉയർന്ന ഊർജക്ഷമതയും നൽകുമെന്നാണ് വിലയിരുത്തൽ. 12 ജിബി റാം, 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ലഭ്യമാകും.
48എംപി ഇരട്ട റിയര്‍ ക്യാമറ
ക്യാമറ വിഭാഗത്തിൽ 48-മെഗാപിക്സൽ പ്രധാന സെൻസറും 48-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമാകും ഉണ്ടായിരിക്കുക. സെൽഫികൾക്കായി രണ്ട് സ്‌ക്രീനുകളിലും 18-മെഗാപിക്സൽ പഞ്ച്-ഹോൾ ക്യാമറകൾ നൽകിയേക്കും. കൂടാതെ അകത്തെ ഡിസ്പ്ലേയ്ക്ക് കീഴിൽ ക്യാമറ ഒളിപ്പിക്കുന്ന അണ്ടർ-ഡിസ്‌പ്ലേ സാങ്കേതികവിദ്യയും ആപ്പിൾ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ബാറ്ററി വിഭാഗത്തിലും വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. 5,400 എംഎഎച്ച് മുതൽ 5,800 എംഎഎച്ച് വരെ ശേഷിയുള്ള ബാറ്ററിയായിരിക്കും ഫോണിൽ ഉൾപ്പെടുത്തുക. ഇത് ഇതുവരെ ഒരു ഐഫോണിൽ നൽകിയതിൽ ഏറ്റവും വലിയ ബാറ്ററിയാകുമെന്നാണ് ടെക് ലോകത്തിന്‍റെ വിലയിരുത്തൽ. ഔദ്യോഗിക പ്രഖ്യാപനത്തിന് ഇനി മാസങ്ങൾ ബാക്കിയുള്ളതിനാൽ, കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



