Asianet News MalayalamAsianet News Malayalam

ചൂടിനെ ചെറുക്കാന്‍ എ സി വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; നിര്‍ദേശങ്ങളുമായി കെഎസ്ഇബി

വേനല്‍ കടുക്കുമ്പോള്‍ എ സി ഉപയോഗിക്കുന്നവര്‍ക്കും പുതുതായി വാങ്ങുന്നവര്‍ക്കും ഉപദേശവുമായി സംസ്ഥാന വൈദ്യുതി വകുപ്പ്.

KSEB Facebook post on Purchasing AC
Author
Thiruvananthapuram, First Published Mar 7, 2020, 7:47 PM IST

വേനല്‍ കടുക്കുമ്പോള്‍ എ സി ഉപയോഗിക്കുന്നവര്‍ക്കും പുതുതായി വാങ്ങുന്നവര്‍ക്കും ഉപദേശവുമായി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുതി ഉപഭോഗം കുറക്കുന്നതും കൂടുതല്‍ കാര്യക്ഷമവുമായ എ സി വാങ്ങാനാണ് ബോര്‍ഡിന്‍റെ ഉപദേശം. റൂമുകളുടെ വലുപ്പത്തിനനുസരിച്ച് എ സി തെരഞ്ഞെടുക്കണമെന്നും ഫേസ്ബുക്ക് പേജിലൂടെ കെഎസ്ഇബി പറയുന്നു.


ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

വേനൽ വന്ന് വാതിലിൽ മുട്ടുമ്പോൾ- AC വാങ്ങാൻ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1.മുറിയുടെ വലിപ്പം നോക്കി വേണം AC തെരഞ്ഞെടുക്കാൻ. ചെറിയ മുറിക്ക് വലിയ AC വച്ചാൽ അധിക തണുപ്പിനും ആരോഗ്യപ്രശ്നങ്ങൾക്കുമൊപ്പം വിലയും കൂടും. 100 ചതുരശ്ര അടിയിൽ താഴെ വലിപ്പമുള്ള മുറിക്ക് മുക്കാൽ ടൺ 100-140 ചതുരശ്രയടി വരെ വലിപ്പമുള്ള മുറിക്ക് ഒരു ടൺ, 180 ചതുരശ്രയടി വരെ വലിപ്പമുള്ള മുറിക്ക് 1.5 ടൺ, 200 ചതുരശ്രയടിവരെയുള്ളതിന് രണ്ട് ടൺ കപ്പാസിറ്റിയുള്ള AC വാങ്ങുന്നതാണ് നല്ലത്.
2.സ്റ്റാർ റേറ്റിങ് കൂടിയ AC യോ ഇൻവർട്ടർ AC യോ വാങ്ങിയാൽ വൈദ്യുതിച്ചെലവ് ലാഭിക്കാം. 3 സ്റ്റാർ ഇൻവർട്ടർ AC സാധാരണ 5 സ്റ്റാർ AC യെക്കാൾ കുറവ് വൈദ്യുതിയാണ് ഉപയോഗിക്കുക.
3.സ്റ്റാർ എന്നതിനൊപ്പം ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ഔദ്യോഗിക മുദ്രയും നോക്കി വാങ്ങുക.
4.കോപ്പർ കണ്ടൻസറുള്ള AC തെരഞ്ഞെടുക്കുക. ഇവ ഈട് നിൽക്കും. പ്രവർത്തനക്ഷമതയും കൂടുതലാണ്. അലോയ് കണ്ടൻസറുള്ള AC കൾ എളുപ്പത്തിൽ കേട് വരാനുള്ള സാധ്യതയുണ്ട്.
5.മികച്ച സർവീസ് ഉറപ്പാക്കുക. AC സ്ഥാപിച്ച് കഴിഞ്ഞ് പിന്നീടുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം സർവീസ് സെന്ററിനെ ആശ്രയിക്കേണ്ടി വന്നേക്കും. അതിനാൽ അടുത്ത് സർവീസ് സെന്ററുള്ള, മികച്ച സർവീസ് പിന്തുണ നൽകുന്ന ബ്രാൻഡ് തെരഞ്ഞെടുക്കുക.
6.വിലക്കുറവ് മാത്രം നോക്കി AC വാങ്ങരുത്. ഉപയോഗിക്കുന്ന മെറ്റിരിയലുകൾ, ശബ്ദം, വൃത്തിയാക്കാനുള്ള എളുപ്പം തുടങ്ങിയ കാര്യങ്ങൾ കൂടി പരിഗണിക്കണം. AC യുടെ ഗുണനിലവാരത്തിൽ കാര്യത്തിൽ ബ്രാൻഡിന് വലിയ പ്രാധാന്യമുണ്ട്.

Follow Us:
Download App:
  • android
  • ios