ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമാതാക്കളായ ലാവ പുതിയ ബജറ്റ് 5ജി ഫോണായ 'ലാവ ബോൾഡ് എൻ4 പ്രോ 5ജി' വിപണിയിൽ അവതരിപ്പിച്ചു. 6000mAh ബാറ്ററി, 50MP ക്യാമറ, 120Hz ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകൾ. 13,999 രൂപ വിലയുള്ള ഈ ഫോൺ സെപ്റ്റംബർ 26 മുതൽ ആമസോണിൽ ലഭ്യമാകും.

ന്ത്യൻ സ്‍മാർട്ട്ഫോൺ നിർമാതാക്കളായ ലാവ പുതിയ ബജറ്റ് 5ജി സ്‍മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ലാവ ബോൾഡ് എൻ4 പ്രോ 5ജി എന്ന പേരിലാണ് പുതിയ ഫോൺ വിപണിയിലെത്തുന്നത്. കഴിഞ്ഞ മാസം ബോൾഡ് എൻ4 ലൈറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് കൂടുതൽ ശേഷിയുള്ള ബാറ്ററിയും നവീകരിച്ച ഹാർഡ്‌വെയറുമായുള്ള പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 6000എംഎഎച്ച് ബാറ്ററിയും 50എംപി പ്രധാന ക്യാമറയുമാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ. മോനാക്കോ ബ്ലൂ, ഒപ്പുലന്റ് ലിലാക് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും.

6.75 ഇഞ്ച് ഡിസ്‌പ്ലേ

ഫ്ലാറ്റ് പിൻ പാനലാണ് ലാവ ബോൾഡ് എൻ4 പ്രോ 5ജിയുടെ ഡിസൈൻ. മുകൾഭാഗത്ത് ഇടതുവശത്തായാണ് ക്യാമറ മൊഡ്യൂൾ നൽകിയിരിക്കുന്നത്. രണ്ട് പ്രധാന ക്യാമറ ലെൻസുകൾ, ചെറിയ വൃത്താകൃതിയിലുള്ള ഭാഗങ്ങൾ, എൽഇഡി ഫ്ലാഷ് എന്നിവ ക്യാമറ മൊഡ്യൂളിലുണ്ട്. ഫ്ലാറ്റ് ഫ്രെയിമിന്റെ വലതുവശത്താണ് ശബ്‍ദനിയന്ത്രണ ബട്ടണുകളും പവർ ബട്ടണും നൽകിയിരിക്കുന്നത്. സെൽഫി ക്യാമറയ്ക്കായി മുൻവശത്ത് വാട്ടർഡ്രോപ്പ് മാതൃകയിലുള്ള നോച്ചും നൽകിയിട്ടുണ്ട്. 6.75 ഇഞ്ച് എൽസിഡി എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും പരമാവധി 550 നിറ്റ് തെളിച്ചവും ഡിസ്‌പ്ലേ നൽകുന്നു. വേഗത്തിലുള്ള സ്ക്രോളിങ്ങിനും ദൃശ്യങ്ങൾ കൂടുതൽ സുഗമമായി കാണുന്നതിനും ഉയർന്ന റിഫ്രഷ് റേറ്റ് സഹായിക്കും.

യുണിസോക് ടി8200 5ജി ചിപ്സെറ്റ്

യുണിസോക് ടി8200 5ജി ചിപ്സെറ്റാണ് ലാവ ബോൾഡ് എൻ4 പ്രോ 5ജിക്ക് കരുത്തേകുന്നത്. 6ജിബി റാമിനൊപ്പം 6ജിബി വരെ വെർച്വൽ റാം പിന്തുണയും ലഭിക്കും. 128ജിബിയാണ് ആന്തരിക സംഭരണശേഷി. ആൻഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിൽ ലഭിക്കുക. വൃത്തിയുള്ള സോഫ്റ്റ്‌വെയർ അനുഭവമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

50എംപി ക്യാമറ

ഫോട്ടോഗ്രഫിക്കായി എഐ പിന്തുണയുള്ള 50എംപി ഡ്യുവൽ പിൻ ക്യാമറ സംവിധാനമാണ് ഫോണിൽ നൽകിയിരിക്കുന്നത്. വിവിധ സാഹചര്യങ്ങളിൽ മികച്ച ചിത്രങ്ങൾ പകർത്താൻ എഐ അധിഷ്ഠിത ക്യാമറ സംവിധാനത്തിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 6000എംഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. 18വാട്ട് ചാർജിങ് പിന്തുണയുമുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്ന ഐപി64 റേറ്റിങ്ങും ഫോണിന് ലഭിച്ചിട്ടുണ്ട്.

വില 13,999 രൂപ

6ജിബി റാമും 128ജിബി സംഭരണശേഷിയുമുള്ള വേരിയന്റിന് 13,999 രൂപയാണ് പ്രത്യേക ലോഞ്ച് വില. എല്ലാ ഓഫറുകളും ഉൾപ്പെടുത്തിയുള്ള വിലയാണിത്. സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വഴി ഫോൺ വിൽപ്പനയ്ക്കെത്തും. മോനാക്കോ ബ്ലൂ, ഒപ്പുലന്റ് ലിലാക് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. ഫോണിന്റെ കൂടുതൽ സവിശേഷതകൾ വിൽപ്പന ആരംഭിക്കുന്നതിന് മുന്നോടിയായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്കായി വീടുകളിലെത്തി സേവനം നൽകുന്ന സൗജന്യ സർവീസ് അറ്റ് ഹോം സൗകര്യവും ലാവ ബോൾഡ് എൻ4 പ്രോ 5ജിക്കായി ലഭ്യമാക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് വീട്ടിൽവെച്ച് തന്നെ വിൽപ്പനാനന്തര സേവനം ലഭ്യമാക്കുന്നതാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.