റിയല്‍മിയുടെ പുതുപുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളാണോ നോക്കുന്നേ? ഇതാ രണ്ട് മോഡലുകൾ കുറഞ്ഞ വിലയില്‍ വാങ്ങാം

ദില്ലി: റിയൽമി പുതുതായി പുറത്തിറക്കിയ 5ജി സ്മാർട്ട്‌ഫോണുകളുടെ വിലയിൽ വലിയ കുറവ് വരുത്തി. ഈ മൊബൈലുകള്‍ക്ക് യഥാർഥ വിലയിൽ നിന്ന് 7,000 രൂപ വരെ കുറച്ചു എന്നാണ് റിപ്പോർട്ടുകൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് റിയൽമി പി3 അൾട്ര, റിയൽമി പി3, റിയൽമി പി3 പ്രോ എന്നിവ ഉൾപ്പെടുന്ന റിയൽമി പി3 സീരീസ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നടന്നുകൊണ്ടിരിക്കുന്ന പി-സീരീസ് കാർണിവൽ വിൽപ്പനയ്ക്കിടെ ഈ മോഡലുകൾ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. അവിടെ ഉപഭോക്താക്കൾക്ക് ബാങ്ക് കിഴിവുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉൾപ്പെടെ വിവിധ ഓഫറുകൾ പ്രയോജനപ്പെടുത്താം.

ഈ കാർണിവൽ വിൽപ്പനയുടെ ഭാഗമായി പി3 പ്രോ, പി3 എന്നിവ വാങ്ങുന്നവർക്ക് 4,000 രൂപ ബാങ്ക് കിഴിവും 3,000 രൂപ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഈ ആനുകൂല്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പി3 പ്രോ സ്മാർട്ട്‌ഫോൺ യഥാർഥ വിലയായ 23,999 രൂപയ്ക്ക് പകരം 19,999 രൂപയ്ക്ക് സ്വന്തമാക്കാം. റിയൽമി പി3 പ്രോ 8 ജിബി റാം + 128 ജിബി, 8 ജിബി റാം + 256 ജിബി, 12 ജിബി റാം + 256 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. 256 ജിബി മോഡല്‍ 20,999 രൂപയിൽ ആരംഭിക്കുമ്പോൾ, 12 ജിബി റാം വേരിയന്‍റിന് 22,999 രൂപയിലാണ് വില.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റിയൽമി പി3യുടെ അടിസ്ഥാന മോഡൽ വാങ്ങുമ്പോൾ 1,000 രൂപ വിലമതിക്കുന്ന ബാങ്ക് ഓഫർ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. ഇത് പ്രാരംഭ വില 15,999 രൂപയായി കുറയ്ക്കും. ഈ മോഡലിന്‍റെ മറ്റ് രണ്ട് വേരിയന്‍റുകൾക്ക് 2,000 രൂപ ബാങ്ക് കിഴിവും ലഭ്യമാണ്. ഈ സീരീസിന്‍റെ അൾട്രാ പതിപ്പിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ 3,000 രൂപയുടെ ബാങ്ക് ഓഫറിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം നേടാം. ഇത് അതിന്‍റെ യഥാർഥ ലോഞ്ച് വിലയായ 29,999 രൂപയിൽ നിന്ന് 26,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാൻ നിങ്ങളെ അനുവദിക്കുന്നു.

റിയൽമി പി3 അൾട്രാ സ്പെസിഫിക്കേഷനുകൾ

6.83 ഇഞ്ച് ഡിസ്‌പ്ലേയുള്ള റിയൽമി പി3 അൾട്രയിൽ 6,000 എംഎഎച്ച് ബാറ്ററിയാണ് ലഭിക്കുന്നത്. 12 ജിബി വരെ റാം പിന്തുണയ്ക്കുന്ന ഇത് 256 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. പിന്നിൽ 50 എംപി പ്രധാന ക്യാമറയും 8 എംപി സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണവും നിങ്ങൾക്ക് കാണാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, സൗകര്യപ്രദമായ 16 എംപി മുൻ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Read more: ഹമ്മോ, 7300 എംഎഎച്ച് ബാറ്ററി; വിവോ ടി4 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി, വിലയും ഫീച്ചറുകളും വിശദമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം