റേ-ബാൻ ഗ്ലാസുകൾ ഉപയോഗിച്ച് ക്ലിക്ക് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഒരു ഡിവൈസിൽ ലോക്കലായി മാത്രമേ സംഭരിക്കൂ എന്ന് മെറ്റയുടെ വാദം 

കാലിഫോര്‍ണിയ: മെറ്റയുടെ റേ-ബാൻ സ്‍മാർട്ട് ഗ്ലാസുകൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു. ഈ വർഷം ഒക്ടോബറോടെ മെറ്റ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. എന്നാൽ ഈ എഐ ഗ്ലാസുകളുടെ ഇന്ത്യയിലെ അരങ്ങേറ്റത്തിന് മുന്നോടിയായി, മെറ്റ തങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നതിനെക്കുറിച്ചും അത് സ്റ്റോർ ചെയ്ത് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് എന്നാണ് സൂചന. നയത്തിലെ മാറ്റത്തെക്കുറിച്ച് മെറ്റ ഉപഭോക്താക്കൾക്ക് ഒരു ഇമെയിൽ അയച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. വോയ്‌സ് റെക്കോർഡിംഗുകൾ സംഭരിക്കുന്നത് തടയാന്‍ ഉപയോക്താക്കൾക്ക് നേരത്തെ ലഭിച്ചിരുന്ന ഫീച്ചര്‍ പുതിയ നയം ഉപയോഗിച്ച മെറ്റ നീക്കം ചെയ്‌തു എന്നും പറയപ്പെടുന്നു. നിരീക്ഷണത്തെയും സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കൾക്കും പുതിയ ചർച്ചകൾക്കും തുടക്കമിട്ടേക്കാവുന്ന ഒരു നീക്കമാണിതെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.

റേ-ബാൻ ഗ്ലാസുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾ മെറ്റ എഐയുമായി ഇടപഴകുമ്പോഴുള്ള വോയ്‌സ് റെക്കോർഡിംഗുകൾ മെറ്റ ഇതിനകം തന്നെ സംഭരിച്ചു തുടങ്ങിയിട്ടുണ്ട്. നേരത്തെ, നിങ്ങൾക്ക് മെറ്റാ ഈ റെക്കോർഡിംഗുകൾ സംഭരിക്കുന്നത് നിരസിക്കാമായിരുന്നു. ഇപ്പോൾ നയത്തിലെ മാറ്റത്തോടെ,അങ്ങനെ ചെയ്യാനുള്ള ഓപ്ഷൻ കമ്പനി പൂർണ്ണമായും നീക്കം ചെയ്‌തു. ഉപയോക്താക്കൾക്ക് ഇപ്പോൾ ഉള്ള ഏക ഓപ്ഷൻ സെറ്റിംഗ്‍സിലേക്ക് പോയി വോയ്‌സ് റെക്കോർഡിംഗുകൾ സ്വമേധയാ ഇല്ലാതാക്കുക എന്നതാണ്. മെറ്റ എഐയ്‌ക്കുള്ള "ക്യാമറ ഉപയോഗം" എന്നതിനുള്ള ക്രമീകരണവും ഇപ്പോൾ ഡിഫോൾട്ടായി പ്രവർത്തനക്ഷമമാക്കി.

"'ഹേ മെറ്റ' ഓഫാക്കിയില്ലെങ്കിൽ, ക്യാമറ ഉപയോഗിച്ചുള്ള മെറ്റ എഐ എപ്പോഴും നിങ്ങളുടെ ഗ്ലാസുകളിൽ പ്രവർത്തനക്ഷമമായിരിക്കും", എന്ന് റേ-ബാൻ ഉപഭോക്താക്കൾക്കുള്ള മെറ്റാ ഇമെയിൽ അയച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. മെറ്റ എഐ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ശബ്‍ദത്തിന്‍റെ റെക്കോർഡിംഗുകൾ ഡിഫോൾട്ടായി സംഭരിക്കപ്പെടുമെന്നും കൂടാതെ മെറ്റയിലും മറ്റ് മെറ്റ ഉൽപ്പന്നങ്ങളിലും എഐ മെച്ചപ്പെടുത്താൻ ഇത് ഉപയോഗിച്ചേക്കാം എന്നും ഇമെയിൽ പറയുന്നു. വോയ്‌സ് റെക്കോർഡിംഗ് സ്റ്റോറേജ് പ്രവർത്തനരഹിതമാക്കാനുള്ള ഓപ്ഷൻ ഇനി ലഭ്യമല്ല എന്നും പക്ഷേ സെറ്റിംഗ്‍സിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും റെക്കോർഡിംഗുകൾ ഇല്ലാതാക്കാൻ കഴിയും എന്നും ഇമെയിൽ വ്യക്തമാക്കുന്നു.

കൂടാതെ, റേ-ബാൻ ഗ്ലാസുകൾ ഉപയോഗിച്ച് ക്ലിക്ക് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഒരു ഡിവൈസിൽ ലോക്കലായി മാത്രമേ സംഭരിക്കൂ എന്നും ആ ഫോട്ടോകൾ ഒരു മെറ്റാ ഉൽപ്പന്നം ഉപയോഗിക്കുന്നില്ലെങ്കിൽ മെറ്റ ആക്‌സസ് ചെയ്യില്ലെന്നും മെറ്റ പറയുന്നു. മെറ്റ എഐ ഉപയോഗിച്ച് ഒരു ഫോട്ടോയോ വീഡിയോയോ ഉപയോഗിക്കുകയാണെങ്കിൽ, അല്ലെങ്കിൽ ക്ലൗഡ് പ്രോസസ്സിംഗ് ഓണാക്കി മീഡിയ മെറ്റയുടെ സെർവറുകളിലേക്ക് അയയ്ക്കുകയാണെങ്കിൽ, മെറ്റയുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ അത് ഉപയോഗിക്കും എന്നും ഇമെയിലിൽ പറയുന്നു. അതായത്, റേ-ബാൻ ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിലേക്കോ മറ്റേതെങ്കിലും മെറ്റ ആപ്പിലേക്കോ ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ, മെറ്റയ്ക്ക് അവരുടെ മെറ്റ സേവനങ്ങളും ഉൽപ്പന്നങ്ങളും മെച്ചപ്പെടുത്തുന്നതിനായി അവ ആക്‌സസ് ചെയ്യാൻ കഴിയും.

മെറ്റയുടെ ഒറിജിനൽ റേ-ബാൻ ഗ്ലാസുകളായ റെയ്ബാൻ സ്റ്റോറീസ് 2021-ൽ ആണ് പുറത്തിറങ്ങിയത്. നിലവിലെ രണ്ടാം തലമുറ 2023-ൽ പുറത്തിറങ്ങിയതാണ്. നിലവിലുള്ള റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ അടിസ്ഥാനപരമായി ലളിതമായ "ഹേ മെറ്റ" ഉപയോഗിച്ച് മെറ്റ എഐയുമായുള്ള ഹാൻഡ്‌സ്-ഫ്രീ ആശയവിനിമയം ലക്ഷ്യമിടുന്നു. ഇത് ഉപയോക്താക്കളെ കണ്ണടയോട് ചോദ്യങ്ങൾ ചോദിക്കാനും സംഗീതം പ്ലേ ചെയ്യാനും സന്ദേശങ്ങൾ അയയ്ക്കാനും ഫോൺ കോളുകൾക്ക് മറുപടി നൽകാനും ഗ്ലാസുകളിലെ ബിൽറ്റ്-ഇൻ ക്യാമറ ഉപയോഗിച്ച് വീഡിയോകൾ റെക്കോർഡുചെയ്യാനും ചിത്രങ്ങൾ ക്ലിക്ക് ചെയ്യാനും അനുവദിക്കുന്നു.ഈ ഗ്ലാസുകൾ തത്സമയ ട്രാൻസിലേഷനെയും പിന്തുണയ്ക്കുന്നു. ഇതൊരു സംഭാഷണം തത്സമയം വിവർത്തനം ചെയ്യുന്നു. ഈ ഫീച്ചർ നിലവിൽ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളിൽ മാത്രമേ ലഭ്യമാകൂ.

Read more: തത്സമയ വിവര്‍ത്തനം, ലൈവ് സ്ട്രീമിംഗ്, മ്യൂസിക്, വീഡിയോ കോള്‍; റേ-ബാന്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസ് ഇന്ത്യയിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം