ഈ സ്മാര്‍ട്ട് ഗ്ലാസ് നിങ്ങളെ ഞെട്ടിക്കും! നിരവധി എഐ ഫീച്ചറുകളും ലൈവ് സ്ട്രീമിംഗും സഹിതമാണ് റേ-ബാന്‍ മെറ്റ എഐ സ്മാര്‍ട്ട് ഗ്ലാസ് രാജ്യത്ത് അവതരിപ്പിക്കുന്നത്

ദില്ലി: നിങ്ങളോട് സംസാരിക്കുന്ന ആളുടെ ഭാഷ മനസിലാവുന്നില്ലേ? ഇനി കാര്യങ്ങള്‍ മനസിലാക്കാന്‍ റേ-ബാന്‍ മെറ്റ എഐ സ്മാര്‍ട്ട് ഗ്ലാസ് അണിഞ്ഞാല്‍ മാത്രം മതി. തത്സമയ വിവര്‍ത്തനം അടക്കമുള്ള അതിശയകരമായ ഫീച്ചറുകളോടെ റേ-ബാന്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസ് ഇന്ത്യന്‍ വിപണിയിലേക്ക് വരികയാണ്. നിരവധി എഐ ഫീച്ചറുകളും ലൈവ് സ്ട്രീമിംഗും സഹിതമാണ് റേ-ബാന്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസ് മെറ്റ രാജ്യത്ത് അവതരിപ്പിക്കുന്നത്. മെറ്റയും റേ-ബാന്‍ ഗ്ലാസ് നിര്‍മ്മാതാക്കളായ എസ്സിലോര്‍ ലക്‌സോട്ടിക്കയും സംയുക്തമായി വികസിപ്പിച്ചതാണ് ഈ അത്ഭുത സ്മാര്‍ട്ട് ഗ്ലാസ്. 

റേ-ബാന്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസ് ഇന്ത്യ, മെക്സിക്കോ, യുഎഇ എന്നീ രാജ്യങ്ങളില്‍ പുറത്തിറക്കുന്നതായി ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു. അടുത്ത തലമുറ എഐ കേന്ദ്രീകൃത സ്മാര്‍ട്ട് ഗ്ലാസ് എന്ന് മെറ്റ വിശേഷിപ്പിക്കുന്ന ഈ കണ്ണടയില്‍ മെറ്റ എഐയിലേക്കുള്ള സൗജന്യ ആക്സസ്, ലൈവ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചറുകള്‍, മ്യൂസിക് കണ്‍ട്രോള്‍, മെസേജിംഗ് സൗകര്യം, ലൈവ് സ്ട്രീമിംഗ് തുടങ്ങി അനവധി ഫീച്ചറുകളുണ്ടായിരിക്കും. 

റേ-ബാന്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസ്- ഫീച്ചറുകള്‍ വിശദമായി

നിങ്ങള്‍ക്ക് മെറ്റ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കണോ? 'ഹേയ് മെറ്റ' എന്നൊന്ന് ഉച്ഛരിച്ചാല്‍ മാത്രം മതി, റേ-ബാന്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസ് വഴി മെറ്റ എഐയുമായി സംവദിക്കാം. നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സ്മാര്‍ട്ട് ഗ്ലാസ് ഉത്തരം നല്‍കും. സംഗീതപ്രേമികള്‍ക്ക് സ്പോട്ടിഫൈ, ആമസോണ്‍ മ്യൂസിക്, ആപ്പിള്‍ മ്യൂസിക് എന്നിവയിലേക്ക് ആക്സസ് സ്മാര്‍ട്ട് ഗ്ലാസില്‍ നിന്ന് നേടാം. ഇതിലെ ക്യാമറകള്‍ ഉപയോഗിച്ച് വീഡിയോയും ചിത്രങ്ങളും പകര്‍ത്താം. അത് മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി സ്ട്രീം ചെയ്യാം. ഇതിനൊപ്പം വോയിസ്, വീഡിയോ കോളിംഗും സാധ്യമാകും. വാട്സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവ വഴി മെസേജുകള്‍ അയക്കുകയുമാവാം. 

റേ-ബാന്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസിലെ സോഫ്റ്റ്‌വെയര്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് മെറ്റ. ആഗോളതലത്തില്‍ പുറത്തിറക്കിയിരിക്കുന്ന തത്സമയ വിവര്‍ത്തന ഫീച്ചറില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് തുടങ്ങിയ പ്രധാന ഭാഷകളില്‍ നിന്ന് റിയല്‍-ടൈം വോയിസ് ട്രാന്‍സ്‌ലേഷന്‍ സാധ്യമാണ്. ട്രാന്‍സ്‌ലേറ്റ് ചെയ്ത വിവരങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ വായിക്കാനും കഴിയും. ഇതിനെല്ലാം പുറമെ മറ്റ് ചില ഫീച്ചറുകളും തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മെറ്റ പരീക്ഷിച്ചുവരികയാണ്. 

റേ-ബാന്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇന്ത്യയില്‍ നിന്ന് ഉടന്‍ വാങ്ങാം. എന്നാല്‍ കൃത്യമായ ലോഞ്ച് തിയതി മെറ്റ പ്രഖ്യാപിച്ചിട്ടില്ല. സ്മാര്‍ട്ട് ഗ്ലാസിന്‍റെ വിലവിവരവും പുറത്തുവരുന്നതേയുള്ളൂ. 2023 സെപ്റ്റംബറില്‍ ആദ്യമായി പുറത്തിറക്കിയ റേ-ബാന്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസുകള്‍ അതിശയകരമായ എഐ ഫീച്ചറുകള്‍ സഹിതം വരുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രധാന സവിശേഷത.

Read more: സാംസങ് ഗാലക്‌സി എസ്25 എഫ്ഇ ലോഞ്ച് ഉടന്‍? ഏറ്റവും സുപ്രധാന വിവരം ചോര്‍ന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം