ബംഗലൂരു: ഷവോമിയുടെ എംഐ ബാന്‍റ് 4 ചൊവ്വാഴ്ച പുറത്തിറങ്ങും എന്നാണ് സൂചന. സ്മാര്‍ട്ടര്‍ ലിവിംഗ് 2020 എന്ന ഷവോമിയുടെ ഈവന്‍റിനൊപ്പമാണ് ഷവോമിയുടെ സ്മാര്‍ട്ട് വാച്ചിന്‍റെ പുതിയ പതിപ്പ് പുറത്തിറക്കുന്നത്. ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ഷവോമി എംഐ ബാന്‍റ് 4 ന്‍റെ വില പുറത്തു വന്നിരിക്കുകയാണ്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം ഷവോമി എംഐ ബാന്‍റ് 4ന്‍റെ ഔദ്യോഗിക വില രൂപ 2499 രൂപയായിരിക്കും. ഇതിന് മുന്‍പുള്ള ഷവോമി എംഐ ബാന്‍റ് 3 ഇന്ത്യയില്‍ പുറത്തിറക്കിയത് 1999 രൂപയ്ക്കായിരുന്നു. 

അടുത്ത് തന്നെ പുറത്തായ ഷവോമി എംഐ ബാന്‍റ് 4 ന്‍റെ ഒരു ബോക്സിന്‍റെ ചിത്രമാണ് വില സംബന്ധിച്ച സൂചന നല്‍കുന്നത്. എന്നാല്‍ ബോക്സ് പ്രൈസിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഷവോമി പ്രോഡക്ടുകള്‍ പ്രഖ്യാപിക്കാറുണ്ടെന്നതിനാല്‍ വില കുറയാനും സാധ്യതയുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. 

മറ്റു ചില സൂചനകള്‍ അനുസരിച്ച് എംഐ ബാന്‍റിന് ഇന്ത്യയില്‍ 2200 രൂപയ്ക്കും 2499 രൂപയ്ക്കും ഇടയിലുള്ള വിലയാണ് വരുക എന്നാണ് സൂചന. ആമസോണ്‍ ഇന്ത്യ വഴിയായിരിക്കും എംഐ 4 ബാന്‍റിന്‍റെ വില്‍പ്പന നടക്കുക.