ദില്ലി: പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മൈക്രോമാക്സ്. 'ഇന്‍' എന്ന പേരില്‍ ഒരു പുതിയ ബ്രാന്‍റ് തന്നെയാണ് മൈക്രോമാക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉടന്‍ ഇറങ്ങുന്ന ഈ ഫോണ്‍ സീരിസിന്‍റെ ചില പ്രത്യേകതകള്‍ ഇപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ടെക് സൈറ്റുകളില്‍ ലഭ്യമാണ്. തുടക്കത്തില്‍ 'ഇന്‍' ബ്രാന്‍റില്‍ രണ്ട് ഫോണുകളാണ് ഇറങ്ങുന്നത്.

മൊബൈല്‍ ഇന്ത്യന്‍ റിപ്പോര്‍ട്ട് പ്രകാരം മൈക്രോമാക്സിന്‍റെ പുതിയ ബ്രാന്‍റില്‍ മീഡിയ ടെക് ഹീലിയോ ജി35 പ്രോസസ്സറാണ് ഉണ്ടാകുക. 6.5 ഇഞ്ച് ഡിസ് പ്ലേ എച്ച്ഡി പ്ലസ് ആയിരിക്കും. 2ജിബി റാം+32 ജിബി പതിപ്പിലും, 3ജിബി റാം + 32 ജിബി പതിപ്പിലും ഈ ഫോണുകള്‍ ഇറങ്ങും. 5,000 എംഎഎച്ചായിരിക്കും ബാറ്ററി ശേഷി. 2ജിബി പതിപ്പിന് രണ്ട് ക്യാമറകളാണ് പിന്നില്‍ ഉണ്ടാകുക. 13എംപിയും, 2എംപിയും ആയിരിക്കും സെന്‍സറുകള്‍. 8എംപി സെല്‍ഫി ക്യാമറയുണ്ടാകും.

3ജിബി പതിപ്പിന് പിന്നില്‍ മൂന്ന് ക്യാമറയുണ്ടാകും. 13എംപി, 5എംപി,2എംപി എന്നിങ്ങനെയായിരിക്കും ക്യാമറ.  13 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. രണ്ട് ഫോണുകളുടെയും വില 7,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലായിരിക്കും. എന്നാല്‍ ഔദ്യോഗികമായി ഈ ഫോണ്‍ പുറത്തിറങ്ങുന്ന തീയതി വ്യക്തമാക്കിയിട്ടില്ല. നവംബറിലെ ഒന്നാം വാരത്തില്‍ പുറത്തിറങ്ങും എന്നാണ് സൂചനകള്‍.

മൈക്രോമാക്‌സ് പുതിയ സബ് ബ്രാന്‍ഡിനായി 500 കോടി രൂപയുടെ പുതിയ പദ്ധതിക്കും തുടക്കം കുറിക്കുകയാണ് എന്നാണ് മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ അവരുടെ ഔദ്യോഗിക പേജില്‍ പങ്കിട്ട ഒരു വൈകാരിക വീഡിയോയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. 

ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെന്നും അടുത്തിടെ നടന്ന ഇന്തോ-ചൈനീസ് പിരിമുറുക്കത്തിന് ശേഷം ഇത് കൂടുതല്‍ ഉപയോക്താക്കളെ നേടിയിട്ടുണ്ടെന്നും രാഹുല്‍ ശര്‍മ പറഞ്ഞു. ഒരിക്കല്‍ മാര്‍ക്കറ്റ് ലീഡറായിരുന്ന മൈക്രോമാക്‌സിന് ഷവോമി, ഓപ്പോ, വിവോ തുടങ്ങിയവരുടെ വരവോടെയാണ് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നത്. എന്നാല്‍, കോവിഡ് 19 മൂലമുള്ള സപ്ലൈ ചെയിന്‍ തകരാറും ചൈന വിരുദ്ധ വികാരവും കാരണം, ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ വിപണി വിഹിതം 2020 ജൂണ്‍ പാദത്തില്‍ 72 ശതമാനമായി കുറഞ്ഞിരുന്നു. (കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പ്രകാരം). ഇതു മുതലാക്കാനാണ് മൈക്രോമാക്‌സിന്റെ ശ്രമം.