ദില്ലി: വിപണിയിലെ ചൈനീസ് ആധിപത്യത്തെ തകര്‍ക്കാന്‍ ഇന്ത്യന്‍ ബ്രാന്‍ഡ് മൈക്രോമാക്‌സ് വീണ്ടും വരുന്നു. ഇന്ത്യന്‍ ജനതയില്‍ ചൈനീസ് ബഹിഷ്കരണം എന്ന ആശയം ശക്തമാകുന്ന ഈ സമയത്ത് തിരിച്ചുവരണമെന്ന ആരാധകരുടെ സമൂഹമാധ്യമത്തിലൂടെയുള്ള ആവശ്യത്തോട് കമ്പനി ഇന്നു ക്രിയാത്മകമായി പ്രതികരിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ ഒരുങ്ങുമ്പോള്‍ എതിരാളികളായ ചൈനീസ് ഫോണുകളെ തകര്‍ത്തെറിയാനുള്ള തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കമ്പനി കാഴ്ച വെക്കുമെന്നുറപ്പ്. 

വലിയ ലോഞ്ചിന് മുന്നോടിയായി മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മൈക്രോമാക്‌സ് സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു. ബജറ്റ് വിഭാഗത്തില്‍ പുറത്തിറക്കാനാണ് മൈക്രോമാക്‌സ് ഒരുങ്ങുന്നത്. എല്ലാ സ്മാര്‍ട്ട്‌ഫോണുകളുടെയും വില 10,000 രൂപയില്‍ താഴെയാണ്, കൂടാതെ ഫോണുകള്‍ക്ക് പ്രീമിയം സവിശേഷതകള്‍ ഉണ്ടെന്നും ആധുനിക രൂപമുണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു. കമ്പനി അവസാനമായി പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണിന്റെ വില 8,199 രൂപയായിരുന്നു.

ഗാല്‍വാന്‍ താഴ്‌വരയിലെ ചൈനീസ് പ്രകോപനവും, സൈനികരുടെ വീരമൃത്യുവും, ചൈന വിരുദ്ധ വികാരം ക്രമാനുഗതമായി വിപണിയിലും ഉയരുകയായിരുന്നു. ചൈന ആസ്ഥാനമായുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെ എല്ലാ ചൈനീസ് ഉല്‍പ്പന്ന ബഹിഷ്കരണം വലിയ ക്യാംപെയിനായി ഓണ്‍ലൈനിലും മറ്റും പ്രചരിക്കുകയാണ്. 
 
ഈ ഘട്ടത്തിലാണ് മൈക്രോമാക്സ് തിരിച്ചുവരവിന് ശ്രമം ആരംഭിക്കുന്നത്. ഉടന്‍ വിപണിയില്‍ തിരിച്ചെത്തുമെന്ന് കമ്പനി അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. വരാനിരിക്കുന്ന ഉപകരണങ്ങള്‍ക്ക് പ്രീമിയം സവിശേഷതകളും തികച്ചും ആധുനിക രൂപവും ഉണ്ടായിരിക്കുമെന്ന് സൂചനകളും നല്‍കി. ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി കമ്പനി #MadeByIndian #MadeForIndian എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ ട്വീറ്റ് ചെയ്യുന്നത്. ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തെക്കുറിച്ച് മൈക്രോമാക്‌സ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഒരുകാലത്ത് ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായിരുന്നു മൈക്രോമാക്‌സ്. 2014 ല്‍ ലോകമെമ്പാടുമുള്ള പത്താമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി ഇത് മാറി. എന്നാലും, ഷവോമി ഉള്‍പ്പെടെയുള്ള ചൈനയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ പെട്ടെന്നുള്ള ആക്രമണം കാരണം, ഡിമാന്‍ഡും സമ്മര്‍ദ്ദവും നേരിടുന്നതില്‍ പരാജയപ്പെടുകയും ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിന്ന് നിശബ്ദമായി പിന്‍വാങ്ങുകയും ചെയ്തു.