വിൻഡോസ് 11-ലെ ജനുവരിയിലെ സുരക്ഷാ അപ്‌ഡേറ്റ് മൂലമുണ്ടായ സിസ്റ്റം ക്രാഷ്, ഔട്ട്‌ലുക്ക് തകരാർ തുടങ്ങിയ പ്രശ്നങ്ങൾക്ക് മൈക്രോസോഫ്റ്റ് പുതിയ പാച്ചിലൂടെ പരിഹാരം കണ്ടു. ക്ലൗഡ് ഫയലുകളുമായുള്ള സാങ്കേതിക പൊരുത്തക്കേടാണ് പ്രശ്നത്തിന് കാരണമെന്ന് കണ്ടെത്തി 

റെഡ്മണ്ട്: 2026 ജനുവരിയിലെ സുരക്ഷാ അപ്‌ഡേറ്റിന് പിന്നാലെ വിൻഡോസ് 11 ഉപയോക്താക്കൾ നേരിട്ട ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾക്ക് മൈക്രോസോഫ്റ്റ് പരിഹാരം കണ്ടു. കമ്പ്യൂട്ടറുകൾ അപ്രതീക്ഷിതമായി ക്രാഷാകുന്നതും മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് പ്രവർത്തനരഹിതമാകുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പുതിയ അപ്‌ഡേറ്റിലൂടെ പരിഹരിച്ചതായി കമ്പനി അറിയിച്ചു.

ജനുവരിയിലെ അപ്‌ഡേറ്റിന് ശേഷം ഉപയോക്താക്കൾ പ്രധാന പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇമെയിലുകൾ തുറക്കാനോ ആപ്പ് പ്രവർത്തിപ്പിക്കാനോ കഴിയാത്ത സാഹചര്യം പലർക്കും നേരിട്ടു. ദൈനംദിന ഓഫീസ് ജോലികളെ ഇത് സാരമായി ബാധിച്ചു. പ്രധാനപ്പെട്ട ആപ്പുകൾ തുറക്കുമ്പോൾ കമ്പ്യൂട്ടറുകൾ ഹാങ്ങാകുകയോ ക്രാഷാകുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായി. അപ്‌ഡേറ്റും ക്ലൗഡ് ഫയലുകളും തമ്മിലുള്ള സാങ്കേതിക പൊരുത്തക്കേടാണ് പ്രശ്നത്തിന് കാരണമെന്ന് മൈക്രോസോഫ്റ്റ് കണ്ടെത്തി. ക്ലൗഡിൽ സേവ് ചെയ്തിരിക്കുന്ന ഫയലുകൾ ഉപയോഗിക്കുമ്പോൾ ആപ്പുകൾക്ക് പിശക് സംഭവിക്കുകയായിരുന്നു. സിങ്ക് ചെയ്ത ഫോൾഡറുകളിൽ ഔട്ട്‌ലുക്ക് ഡാറ്റ സൂക്ഷിച്ചവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്.

ഏറ്റവും പുതിയ പാച്ചിലൂടെ മൈക്രോസോഫ്റ്റ് പ്രധാന അപ്ഡേറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്. സിസ്റ്റം ക്രാഷിന് കാരണമായ എല്ലാ ബഗുകളും നീക്കം ചെയ്ത് ഫിക്സ് ചെയ്തു. ഔട്ട്‌ലുക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ക്ലൗഡ് ഫയലുകൾ വേഗത്തിൽ തുറക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു. ഷട്ട്ഡൗൺ, റീസ്റ്റാർട്ട്, സ്ലീപ്പ് മോഡ് എന്നിവയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി.

ഉപയോക്താക്കൾ ശ്രദ്ധിക്കാൻ

വിൻഡോസ് സെറ്റിംഗ്സിലെ 'വിൻഡോസ് അപ്‌ഡേറ്റ് വഴി ഈ പുതിയ അപ്‌ഡേറ്റ് ഓട്ടോമാറ്റിക്കായി ഇൻസ്റ്റാൾ ചെയ്യാം. പ്രധാനപ്പെട്ട ഫയലുകൾ കൃത്യസമയത്ത് ബാക്കപ്പ് ചെയ്യാനും, എന്തെങ്കിലും പ്രശ്നങ്ങൾ തുടരുന്നുണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനും മൈക്രോസോഫ്റ്റ് ഉപയോക്താക്കളോട് നിർദ്ദേശിച്ചു. കമ്പ്യൂട്ടറുകളുടെ സുരക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിക്കുകയാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി.