മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോണായ മോട്ടറോള എഡ്‍ജ് 2026 ആഗോള വിപണിയിൽ അവതരിപ്പിച്ചു. 6.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 7450 പ്രോസസർ, 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ. 68W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്.
സ്‍മാർട്ട്ഫോൺ വിപണിയിൽ പുതിയ മോഡലുമായി മോട്ടറോള. കമ്പനി മോട്ടറോള എഡ്‍ജ് 2026 ആഗോള വിപണിയിലെ ചില രാജ്യങ്ങളിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. മികച്ച ഡിസ്പ്ലേ, ശക്തമായ പ്രോസസർ, ഉയർന്ന നിലവാരമുള്ള ക്യാമറ സംവിധാനം, ദൈർഘ്യമേറിയ ബാറ്ററി ശേഷി എന്നിവയാണ് പുതിയ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
6.3 ഇഞ്ച് വലുപ്പമുള്ള അമോലെഡ് ഡിസ്പ്ലേയോടെയാണ് മോട്ടറോള എഡ്‍ജ് 2026 എത്തുന്നത്. 1.5K റെസല്യൂഷനും 120Hz റിഫ്രെഷ് റേറ്റും പിന്തുണയ്ക്കുന്ന ഈ സ്‌ക്രീൻ പരമാവധി 5,200 നിറ്റ്‌സ് വരെ തെളിച്ചം നൽകും. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും ഫോണിന് ലഭ്യമാണ്. ആൻഡ്രോയിഡ് 16 അധിഷ്ഠിതമായ ഹെലോ യുഐ ഉപയോഗിച്ചാണ് ഈ സ്‍മാർട്ട് ഫോൺ പ്രവർത്തിക്കുന്നത്.
പെർഫോമൻസിനായി മീഡിയടെക്കിന്റെ ഡൈമൻസിറ്റി 7450 പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. 8GB LPDDR5X റാമും 128GB സ്റ്റോറേജും ഫോണിന് ലഭിക്കുന്നു. ദൈനംദിന ഉപയോഗത്തിനും ഗെയിമിംഗിനും ആവശ്യമായ വേഗതയും കാര്യക്ഷമതയും ഈ ചിപ്‌സെറ്റ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഫോട്ടോഗ്രഫി വിഭാഗത്തിലും മോട്ടറോള ശ്രദ്ധേയമായ അപ്‌ഗ്രേഡുകളാണ് നൽകിയിരിക്കുന്നത്. ഫോണിന്റെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 50 മെഗാപിക്സൽ Sony LYTIA 710 പ്രധാന ക്യാമറയ്ക്കൊപ്പം 50 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 50 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു.
5,000mAh ശേഷിയുള്ള ബാറ്ററിയാണ് ഫോണിന് കരുത്താകുന്നത്. 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗിനും 15W വയർലെസ് ചാർജിംഗിനും പിന്തുണയുണ്ട്. ഒറ്റ ചാർജിൽ 50 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
5G, 4G LTE,വൈ-ഫൈ 6E, ബ്ലൂടൂത്ത്, NFC, യുഎസ്ബി ടൈപ്പ് - സി തുടങ്ങിയ ആധുനിക കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ IP68, IP69 റേറ്റിംഗുകളുള്ള ജല-പൊടി പ്രതിരോധ സംവിധാനവും MIL-STD-810H സൈനിക നിലവാരത്തിലുള്ള ദൃഢത സർട്ടിഫിക്കേഷനും ഫോണിന് ലഭിച്ചിട്ടുണ്ട്. ഡോൾബി അറ്റ്‍മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഈ സ്‍മാർട്ട് ഫോണിൽ ലഭിക്കുന്നു.
അമേരിക്കയിൽ 8GB റാം, 128GB സ്റ്റോറേജ് വേരിയന്റിന് 599.99 ഡോളർ (ഏകദേശം 57,000 രൂപ) ആണ് വില. ജൂൺ 11 മുതൽ വിൽപ്പന ആരംഭിക്കും. മറ്റ് വിപണികളിലേക്കുള്ള ലഭ്യത സംബന്ധിച്ച വിവരങ്ങൾ കമ്പനി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
