മോട്ടറോള റൈസര്‍ 2019 പുറത്തിറക്കി. ലോസ് അഞ്ചലോസില്‍ നടന്ന ചടങ്ങിലാണ് ഈ ഫോണ്‍ പുറത്തിറക്കിയത്. 2020 ജനുവരി 9നായിരിക്കും ഈ ഫോണ്‍ വിപണിയില്‍ എത്തുക. ഇതിന്റെ പ്രീ ഓഡര്‍ ഡിസംബര്‍ അവസാനം തുടങ്ങും. അമേരിക്കയില്‍ ഈ ഫോണിന് പ്രഖ്യാപിച്ചിരിക്കുന്ന വില 1,07,400 രൂപയാണ്. 

ഫ്‌ളിപ്പ് ഫോണ്‍ ആണ് റെസര്‍. ഒരു കാലത്ത് ഫ്‌ളിപ്പ് ഫോണുകളിലൂടെ തരംഗം സൃഷ്ടിച്ച മോഡലാണ് മോട്ടറോള. ആ പരമ്പ്യര്യം വീണ്ടെടുക്കാനാണ് ഇപ്പോള്‍ ലെനോവയുടെ കയ്യിലുള്ള മോട്ടോയുടെ ശ്രമം. ഇന്ത്യയില്‍ എപ്പോഴാണ് റെസര്‍ എത്തുക എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ഒന്നും വന്നിട്ടില്ല. ഇന്ത്യയില്‍ എത്തിയ സാംസങ്ങിന്റെ ഫ്‌ളിപ്പ് ഫോണ്‍ സാംസങ്ങ് ഫോള്‍ഡ് വില്‍ക്കുന്നത് 1,64,999 രൂപയ്ക്കാണ്. അതിനാല്‍ ഇതിന് സമാനമായ തുകയായിരിക്കും ഇന്ത്യയില്‍ റെസറിന് ഈടാക്കുക എന്നതാണ് സൂചന.

കര്‍വ്ഡായി ഒരു ചിന്‍ അടിയില്‍ ഉള്ള രീതിയിലാണ് മോട്ടറോള റെസറിന്റെ ഡിസൈന്‍. ഫോണിന്റെ പ്രൈമറി ഡിസ്‌പ്ലേ 6.2 ഇഞ്ച് ഫ്‌ളെക്‌സിബിള്‍ ഒഎല്‍ഇഡി എച്ച്ഡി പ്ലസ് സ്‌ക്രീനാണ്. 876x2142 പിക്‌സലാണ് സ്‌ക്രീന്‍ റെസല്യൂഷന്‍. 21:9 അനുപാതത്തിലുള്ള ബോഡി സ്‌ക്രീന്‍ അനുപാതമാണ് ഇതിന്. ഫോണ്‍ ഫോള്‍ഡ് ചെയ്യുന്ന സമയത്ത് 2.7 ഇഞ്ച് വലിപ്പത്തില്‍ രണ്ടാമത്തെ സ്‌ക്രീന്‍ ലഭിക്കും. ഇതിന്റെ റെസല്യൂഷന്‍ 600x 800 പിക്‌സലാണ്. ഈ ക്യൂക്ക് വ്യൂ ഡിസ്‌പ്ലേ സെല്‍ഫി എടുക്കാനും, നോട്ടിഫിക്കേഷന്‍ കാണാനും, മ്യൂസിക്ക് കണ്‍ട്രോള്‍ ചെയ്യാനും എല്ലാം ഉപയോഗിക്കാം.

രണ്ട് ക്യാമറകളാണ് ഫോണിന് ഉള്ളത്. ഫോള്‍ഡ് ചെയ്യുന്ന സമയത്ത് സെല്‍ഫിയായും, അള്‍ഫോള്‍ഡ് ചെയ്യുന്ന സമയത്ത് പ്രധാന ക്യാമറയായും ഉപയോഗിക്കാവുന്ന 16 എംപി ക്യാമറ. ഇത് ഫോണിന്റെ പിന്നില്‍ മധ്യഭാഗത്തായി കാണാം. ഈ ഫോണിന്റെ അപ്പാച്ചര്‍ എഫ് 1.7 ആണ്. നൈറ്റ് വിഷന്‍ അടക്കമുള്ള പ്രത്യേകതകള്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. രണ്ടാമത്തെ ക്യാമറ പ്രധാന ഡിസ്‌പ്ലേയുടെ മുകളിലെ നോച്ചിലാണ് കാണപ്പെടുന്നത്. ഇത് സെല്‍ഫിയായി ഉപയോഗിക്കാം. ഒപ്പം വീഡിയോ കോളിംഗും സാധ്യമാകും. 

ആന്‍ഡ്രോയ്ഡ് 9 പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പിന്നീട് ആന്‍ഡ്രോയ്ഡ് 10 അപ്‌ഡേറ്റ് ഇതില്‍ ലഭിക്കും എന്നാണ് സൂചന. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 എസ്ഒസിയാണ് ഈ ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ്. സി-ടൈപ്പ് ചാര്‍ജിംഗ് സംവിധാനമാണ് ഈ ഫോണിനുള്ളത്. 2510 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഫോണിന്. ഇതിന്റെ ചാര്‍ജിംഗ് സ്പീഡ് 15 വാട്ട് ആണ്. 

ഇ-സിം മോഡലാണ് ഇപ്പോള്‍ മോട്ടറോള പുറത്തിറക്കിയിരിക്കുന്നത്. അതായത് ഇതില്‍ സിം സ്ലോട്ട് ഇല്ല. പക്ഷെ അമേരിക്കന്‍ മാര്‍ക്കറ്റിനെ ഉദ്ദേശിച്ച് ഇറക്കിയ ഈ മോഡല്‍ മാറ്റ രാജ്യങ്ങളില്‍ എത്തുമ്പോള്‍ സിം സ്ലോട്ട് മോഡലും എത്തും. 205 ഗ്രാം ആണ് ഫോണിന്റെ തൂക്കം.