Asianet News MalayalamAsianet News Malayalam

ഇനി ഒളിമ്പസ് ക്യാമറയില്ല, കമ്പനി ജപ്പാന്‍ വ്യവസായ പങ്കാളികള്‍ക്ക് കൈമാറിയതായി ഒളിമ്പസ്

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഒളിമ്പസ് അതിന്റെ ഇമേജിംഗ് ഡിവിഷന്‍ 2021 ജനുവരി 1 മുതല്‍ ജെഐപിയിലേക്ക് പൂര്‍ണ്ണമായും മാറ്റി. 2020 സെപ്റ്റംബര്‍ 30 ന് ഇതു സംബന്ധിച്ച് ഇരു പാര്‍ട്ടികളും കരാറില്‍ ഒപ്പിട്ടിരുന്നു.

Olympus confirms transfer of imaging business to Japan Industrial Partners
Author
Olympus Camera, First Published Jan 6, 2021, 1:28 AM IST

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സങ്കടകരമാണ് ഈ വാര്‍ത്ത. ഏറെ പേരെടുത്ത ഒളിമ്പസ് ക്യാമറ കമ്പനി ഇനിയില്ല. 2020 ജൂലൈ മാസത്തിലാണ് ഒളിമ്പസ് അതിന്റെ ക്യാമറ ബിസിനസ്സ് ജപ്പാന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ട്ണര്‍മാര്‍ക്ക് (ജെഐപി) വില്‍ക്കുന്നതായി അറിയിച്ചത്. തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തെ നഷ്ടത്തിന് ശേഷം അതിന്റെ ഇമേജിംഗ് വിഭാഗം വില്‍ക്കാന്‍ തീരുമാനിച്ചു. കൊറോണ കാലത്തിനു ശേഷവും പ്രതീക്ഷയുടെ ഒരു കിരണവും ഉണ്ടാകാതെ വന്നതോടെ ക്യാമറ വിപണിയില്‍ നിന്ന് പുറത്തുകടക്കുകയാണെന്ന് ഒളിമ്പസ് അറിയിക്കുകയായിരുന്നു. 

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഒളിമ്പസ് അതിന്റെ ഇമേജിംഗ് ഡിവിഷന്‍ 2021 ജനുവരി 1 മുതല്‍ ജെഐപിയിലേക്ക് പൂര്‍ണ്ണമായും മാറ്റി. 2020 സെപ്റ്റംബര്‍ 30 ന് ഇതു സംബന്ധിച്ച് ഇരു പാര്‍ട്ടികളും കരാറില്‍ ഒപ്പിട്ടിരുന്നു. ഒഎം ഡിജിറ്റല്‍ സൊല്യൂഷന്‍സ് എന്ന പുതിയ ബ്രാന്‍ഡില്‍ ജിഐപി പുതിയ ബിസിനസ് ആരംഭിച്ചു കഴിഞ്ഞു. ജപ്പാന്‍ ഓഫീസില്‍ നിന്നുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തുടരും. ടോക്കിയോയിലെ ഹച്ചിയോജിഷിയിലെ തകകുര മാച്ചിയിലെ ഒഎം ഡിജിറ്റല്‍ സൊല്യൂഷന്‍സിന്റെ കെട്ടിടത്തിലേക്ക് ഗവേഷണവികസന, വില്‍പ്പന വിഭാഗത്തെ മാറ്റും. അതേസമയം, വിയറ്റ്‌നാമിലെ ഡോങ് നായ് പ്രവിശ്യയിലെ ഫാക്ടറികളില്‍ ക്യാമറ ഉത്പാദനം നടക്കും. പുതിയ ഒഎം ഡിജിറ്റല്‍ സൊല്യൂഷനുകള്‍ക്കായി, ഷിഗെമി സുഗിമോട്ടോയെ സിഇഒ ആയി നിയമിച്ചു. ഒളിമ്പസിലെ മുന്‍ എക്‌സിക്യൂട്ടീവ് ആണ് സുഗിമോട്ടോ.

ക്യാമറ വിപണിയില്‍ നിന്ന് മാറിയതിനു ശേഷം, എന്‍ഡോസ്‌കോപ്പുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഒളിമ്പസ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം. സോണിയുടെ വിഎഐഒ കമ്പ്യൂട്ടര്‍ ബിസിനസ്സ് വാങ്ങിയ അതേ കമ്പനിയാണ് ഒഎം. ഇപ്പോള്‍, ജിഐപിയുടെ കീഴിലുള്ള കോര്‍പ്പറേഷനായ ഒഎം ഡിജിറ്റല്‍ സൊല്യൂഷന്‍സ് ഒളിമ്പസില്‍ നിന്ന് ക്യാമറ ബിസിനസ്സ് ഏറ്റെടുത്തു കഴിഞ്ഞതോടെ ക്യാമറ വിപണിയിലാവും ഇനി താരയുദ്ധം നടക്കുക.

Follow Us:
Download App:
  • android
  • ios