Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ഐഫോണ്‍ 12 വില; കണക്കുകള്‍ മാറ്റി ഇന്ത്യക്കാര്‍ക്ക് ആപ്പിള്‍ പണി തന്നോ.!

യുഎസ് വിലയുമായി ആപ്പിള്‍ ഇന്ത്യന്‍ വിനിമയനിരക്ക് താരമത്യപ്പെടുത്തുമ്പോള്‍ നേരത്തെ ഇത് ഒരു ഡോളറിന് 90 രൂപ എന്ന നിലയിലായിരുന്നു ആപ്പിള്‍ കണക്കിലെടുത്തിരുന്നത്. 93 മുതല്‍ 94 രൂപ വരെയും പലപ്പോഴും കണക്കുകൂട്ടിയിട്ടുണ്ട്.

On iPhone 12 India price Apple dollar rupee math does not add up
Author
Apple Headquarters, First Published Oct 16, 2020, 10:10 AM IST

ഐഫോണ്‍ 12 ഇന്ത്യയിലേക്ക് വരുമ്പോള്‍ അതിന്റെ ഉയര്‍ന്ന വിലയെക്കുറിച്ചാണ് ഇപ്പോള്‍ കൂടുതല്‍ പേരും സംസാരിക്കുന്നത്. ഐഫോണ്‍ 12 പ്രോയും ഐഫോണ്‍ 12 പ്രോ മാക്‌സും വിലയേറിയതാണ്. സ്‌പോര്‍ട്‌സ് കാറുകള്‍ പോലെ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഐഫോണ്‍ 12 പ്രോയുടെ വില 119,900 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. മറ്റ് രണ്ട് ഫോണുകള്‍ വിലകുറഞ്ഞതാണെന്നല്ല. ഐഫോണ്‍ 12 മിനി വില 69,900 രൂപയിലും ഐഫോണ്‍ 12 വില 79,900 രൂപയിലും ആരംഭിക്കുന്നു. ഐഫോണ്‍ 11 ന്റെ അരങ്ങേറ്റ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഐഫോണ്‍ 12 ന്റെ ആരംഭ വില ഉയര്‍ന്നതാണ്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇത്ര ഉയര്‍ന്ന വില? നിരവധി കാരണങ്ങളുണ്ട്. പക്ഷേ അവ ആപ്പിളിന്റെ കാരണങ്ങളാണ്. എന്നാല്‍ അതല്ല രസകരം. യുഎസ് വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡോളറും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയനിരക്ക് പല ഉത്പന്നത്തിനും പല രൂപത്തിലാണ്. ഇക്കാര്യത്തില്‍ തെറ്റുപറ്റിയത് ആര്‍ക്കാണ്. അതോ ആപ്പിള്‍ ബോധപൂര്‍വ്വം ഇങ്ങനെ ചെയ്തതാണോ?

യുഎസ് വിലയുമായി ആപ്പിള്‍ ഇന്ത്യന്‍ വിനിമയനിരക്ക് താരമത്യപ്പെടുത്തുമ്പോള്‍ നേരത്തെ ഇത് ഒരു ഡോളറിന് 90 രൂപ എന്ന നിലയിലായിരുന്നു ആപ്പിള്‍ കണക്കിലെടുത്തിരുന്നത്. 93 മുതല്‍ 94 രൂപ വരെയും പലപ്പോഴും കണക്കുകൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് 100 രൂപയ്ക്കടുത്താണ്. ഐഫോണ്‍ 12 മിനിക്ക് യുഎസില്‍ 699 ഡോളറാണ് വില. ഇന്ത്യയില്‍ 69,900 രൂപയാണ് വില. 

അതായത്, ഇവിടെ ഡോളറും രൂപയുമായുള്ള വിനിമയനിരക്ക് ആപ്പിള്‍ വ്യക്തമായി കണക്കുകൂട്ടിയിരിക്കുന്നു. ഇത് 100 രൂപയാണ്. ഐഫോണ്‍ 12 ന് യുഎസില്‍ 799 ഡോളറാണ് വിലവരുന്നത്. ഇന്ത്യയില്‍ ഇതിന്റെ വില ആരംഭിക്കുന്നത്, 79,900 രൂപയ്ക്കാണ്. എന്നാല്‍, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവയിലേക്കു വരുമ്പോള്‍ ഡോളറിന് ഈ 100 രൂപ എന്ന വിനിമയനിരക്കില്‍ വ്യതിയാനം വരുന്നു. 

യുഎസിലെ ഐഫോണ്‍ 12 പ്രോ ആരംഭിക്കുന്നത് 999 മുതല്‍. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ വില 99,900 രൂപയല്ല. പകരം ഇതിന്റെ വില 119,900 രൂപയാണ്. ഈ സാഹചര്യത്തില്‍, ആപ്പിള്‍ ഒരു ഡോളറിന് 120 രൂപ ഈടാക്കിയിരിക്കുന്നു. ഐഫോണ്‍ 12 പ്രോ മാക്‌സ് യുഎസില്‍ 1099 ഡോളറില്‍ നിന്നാണ് ആരംഭിക്കുന്നത്, എന്നാല്‍ ഇന്ത്യയില്‍ 129,900 രൂപയാണ് വില, അതായത് ഡോളര്‍ രൂപ നിരക്ക് 118 രൂപയ്ക്ക് സമാനമാണ്. ഇവിടെ ആപ്പിളിനു തെറ്റു പറ്റിയോ, അതോ ഉയര്‍ന്ന ഫോണുകള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുക എന്ന തന്ത്രം പയറ്റുകയാണോ എന്ന് സമൂഹമാധ്യമങ്ങളിലൂടെ ഉപയോക്താക്കള്‍ ചോദിക്കുന്നു.

ഐഫോണ്‍ 11 ലേക്ക് ഇറങ്ങുമ്പോള്‍, ഈ കണക്ക് വീണ്ടും ദുര്‍ബലമാകും. യുഎസില്‍, 100 ഡോളര്‍ വില കുറച്ചതിനുശേഷം ഐഫോണ്‍ 11 ന് 599 ഡോളറാണ് വിലവരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇതിന് 59,900 രൂപ വിലയില്ല. പകരം 54,900 രൂപയാണ് വില. അതിനര്‍ത്ഥം ആപ്പിള്‍ ഇവിടെ ഉപയോഗിച്ചിരുന്ന ഡോളര്‍ രൂപ വിനിമയ നിരക്ക് മുമ്പത്തെപ്പോലെ 91 രൂപയാണ്. ഇതു മാത്രമല്ല, ഇനിയും കൂടുതലുണ്ട്! ഇന്ത്യയില്‍ ഹോംപോഡും വില്‍പ്പനയ്ക്കുണ്ട്. യുഎസില്‍ ഹോംപോഡ് 299 ഡോളറിന് വില്‍ക്കുന്നു. ഇന്ത്യയില്‍ വില 19,999 രൂപയാണ്. ഹോംപോഡിന്റെ കാര്യത്തില്‍, ഡോളര്‍ രൂപ നിരക്ക് 66 രൂപയാക്കി ആപ്പിള്‍ ചുരുക്കിയിരിക്കുന്നു. എന്നാല്‍, ഹോംപോഡ് മിനിയില്‍ ഇത് ബാധകമല്ല. യുഎസില്‍, ഈ സ്മാര്‍ട്ട് സ്പീക്കറിന്റെ വില 99 ഡോളറാണ്. ഇന്ത്യയില്‍ 9,900 രൂപയാണ് വില.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആപ്പിള്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഡോളറിനെതിരേ രൂപ കൊണ്ട് അളക്കുന്ന രീതി വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത രീതിയിലാണ്. അങ്ങനെയൊരു കണക്കുകൂട്ടല്‍ ആപ്പിളിന് ഉണ്ടോ? തീര്‍ച്ചയായും ഉണ്ടായിരിക്കണം, കാരണം എല്ലാ കമ്പനികളെയും പോലെ ആപ്പിളും പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നു, മാത്രമല്ല അത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുകയും ചെയ്യും. ഇത് ആവശ്യം, വിതരണം, ലാഭവിഹിതം, നിര്‍മ്മാണ സാമഗ്രികളുടെ വില, മറ്റ് നൂറുകണക്കിന് ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
 

Follow Us:
Download App:
  • android
  • ios