വണ്‍പ്ലസ് 8 ടി പുതുതായി അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയില്‍ വണ്‍പ്ലസ് 8 വിലയില്‍ വന്‍ വിലക്കുറവ്. ഉത്സവ സീസണിന് മുന്നോടിയായി വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് പഴയ വണ്‍പ്ലസ് 8 ന്റെ വില കുറയ്ക്കുകയാണെന്നാണ് സൂചന. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്ക് കീഴിലുള്ള ഡീലുകളിലൂടെ ആമസോണ്‍ ഇതിനു തുടക്കം കുറിക്കുമെന്നാണ് കരുതുന്നത്. വണ്‍പ്ലസ് 8 ജൂണില്‍ അവതരിപ്പിച്ച ഫോണാണ്. ഇതില്‍ പുതിയ ഹാര്‍ഡ്‌വെയറുകളും ജനപ്രിയ ഓക്‌സിജന്‍ ഒഎസ് 11 ഉം കൊണ്ടുവന്നിരുന്നു.

വണ്‍പ്ലസ് 8-ന് 8 ജിബി റാമും 128 ജിബി സ്‌റ്റോറേജ് പതിപ്പും ചേര്‍ന്ന മോഡലിന് ഇപ്പോള്‍ 41,999 രൂപയാണ് വില. ലോഞ്ചിങ് വില 44,999 രൂപയില്‍ നിന്ന് 3,000 രൂപ കുറവാണ് ഇത്. വണ്‍പ്ലസ് 8-ന്റെ 12 ജിബി റാം, 256 ജിബി പതിപ്പ് എന്നിവയുടെ വില 44,999 രൂപയായി കുറഞ്ഞു, ഇതിനു മുമ്പത്തെ 49,999 രൂപയില്‍ നിന്ന് 5,000 രൂപയാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. 

വണ്‍പ്ലസ് 8 വിലക്കുറവ് ശരിക്കും ഉപയോക്താക്കള്‍ക്കു ഗുണകരമായേക്കാം. ഇപ്പോള്‍, 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ് പതിപ്പിന്റെ വിലയ്ക്ക് കൂടുതല്‍ റാമും സ്‌റ്റോറേജും ലഭിക്കും. 8 ജിബി റാം, 128 ജിബി പതിപ്പിന്റെ വിലയ്ക്ക്, നിങ്ങള്‍ക്ക് 12 ജിബി പതിപ്പ് ലഭിക്കുന്നുവെന്നര്‍ത്ഥം. വണ്‍പ്ലസ് 8 ലെ ബാക്കി ഹാര്‍ഡ്‌വെയര്‍ എല്ലാ വേരിയന്റുകളിലും സമാനമാണ്.

ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസറാണ് വണ്‍പ്ലസ് 8 ന്റെ കരുത്ത്, 12 ജിബി റാമുമായി ചേര്‍ത്തതാണിത്. 6.55 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 402 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയും ഉണ്ട്. ഡിസ്‌പ്ലേയ്ക്ക് കീഴില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത ഓക്‌സിജന്‍ ഒഎസ് പ്രവര്‍ത്തിപ്പിക്കുന്നു, എന്നാല്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 പതിപ്പ് അപ്‌ഡേറ്റായി ഇതില്‍ ലഭ്യമാണ്. 4300 എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് 8 ന്റെ പിന്തുണ.