ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്, തങ്ങളുടെ വൺപ്ലസ് 15R മോഡലിന്റെ പുതിയ 16ജിബി റാം + 512ജിബി സ്റ്റോറേജ് വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 61,999 രൂപ വിലയുള്ള ഈ മോഡലിന് സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രൊസസറും 7400mAh ബാറ്ററിയുമാണ് കരുത്ത് പകരുന്നത്. പുതിയ വേരിയന്റ് വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോൺ ഇന്ത്യയിലും ലഭ്യമാണ്.

നപ്രിയ ചൈനീസ് സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ ജനപ്രിയ സ്‍മാർട്ട്ഫോണായ വൺപ്ലസ് 15ആറിന്റെ പുതിയ 16ജിബി റാം വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇതുവരെ 12ജിബി റാം + 256ജിബി സ്റ്റോറേജ്, 12ജിബി റാം + 512ജിബി സ്റ്റോറേജ് എന്നീ രണ്ട് മോഡലുകളിലായിരുന്നു ഫോൺ ലഭ്യമായിരുന്നത്. ഇപ്പോൾ കൂടുതൽ മെമ്മറിയുമായി എത്തുന്ന 16ജിബി റാം + 512ജിബി സ്റ്റോറേജ് പതിപ്പും കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ മോഡലിന് ഇന്ത്യയിൽ 61,999 രൂപ ആണ് വില നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, 12ജിബി + 256ജിബി മോഡൽ 54,999 രൂപയ്ക്കും 12ജിബി + 512ജിബി മോഡൽ 59,999 രൂപയ്ക്കും ലഭ്യമാണ്. വൺപ്ലസിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെയും ആമസോൺ ഇന്ത്യയിലൂടെയും പുതിയ വേരിയന്റ് വാങ്ങാൻ സാധിക്കും. ചാർക്കോൾ ബ്ലാക്ക്, മിന്റ് ബ്രീസ്, ഇലക്ട്രിക് വയലറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്.

ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓക്സിജൻഒഎസ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വൺപ്ലസ് 15ആർ പ്രവർത്തിക്കുന്നത്. 6.83 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 165Hz വരെ റിഫ്രെഷ് റേറ്റ്, 100 ശതമാനം DCI-P3 കളർ ഗാമറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം തുടങ്ങിയ സവിശേഷതകളും ഡിസ്പ്ലേയ്ക്കുണ്ട്.

ക്വാൽകോമിന്റെ 3 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ് ഫോണിന് കരുത്തുപകരുന്നത്. അഡ്രിനോ ജിപിയു, പരമാവധി 16ജിബി LPDDR5X അൾട്രാ റാം, 512ജിബി UFS 4.1 സ്റ്റോറേജ് എന്നിവയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ G2 വൈ-ഫൈ ചിപ്പും ടച്ച് റെസ്പോൺസ് ചിപ്പും മികച്ച പ്രകടനം ഉറപ്പാക്കുന്നു.

7400mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനും ഇത് പിന്തുണ നൽകുന്നു. പൊടി, വെള്ളം എന്നിവയിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന IP66, IP68, IP69, IP69K സർട്ടിഫിക്കേഷനുകളും ഫോണിനുണ്ട്. ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. 4K റെസല്യൂഷനിൽ 120 ഫ്രെയിംസ് പെർ സെക്കൻഡ് വരെ വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയുന്നതും ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.