ദില്ലി: ഇന്ത്യന്‍ വിപണിയില്‍ താങ്ങാവുന്ന വിലയ്ക്ക് പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയരായ കമ്പനിയാണ് വണ്‍പ്ലസ്. ഇപ്പോള്‍ വണ്‍പ്ലസിന്‍റെ ടെലിവിഷനുകളും ഇന്ത്യയിലേക്ക് എത്തുന്നു. വണ്‍പ്ലസ് ഫോണുകളുടെ അതേ മാതൃകയില്‍ താങ്ങാവുന്ന വിലയില്‍ പ്രീമിയം ടിവികളായിരിക്കും വണ്‍പ്ലസ് ഇന്ത്യയില്‍ എത്തിക്കുക എന്നാണ് സൂചന. എന്നാല്‍ എപ്പോഴാണ് ഇന്ത്യയില്‍ വണ്‍പ്ലസ് ടിവി പുറത്തിറക്കുന്നത് എന്ന് വ്യക്തമായ സൂചന വണ്‍പ്ലസ് നല്‍കുന്നില്ല. 

എന്നാല്‍ പ്രമുഖ ഇന്ത്യന്‍ ടിപ്സ്റ്റര്‍ ഇഷാന്‍ അഗര്‍വാളിന്‍റെ ട്വീറ്റ് പ്രകാരം അധികം വൈകാതെ വണ്‍പ്ലസ് ടിവി ഇന്ത്യയില്‍ എത്തും. 2019 ല്‍ തന്നെ ഈ ടിവി എത്തിയേക്കും എന്നാണ് സൂചന. 2019 ല്‍ വണ്‍പ്ലസ് ഫോണിന്‍റെ അടുത്ത പതിപ്പിന് ഒപ്പമായിരിക്കുമോ ടിവി എത്തുക എന്നതാണ് ഇനി അറിയേണ്ടത്.

ഒഎല്‍ഇഡ‍ി ഡിസ്പ്ലേയോടെ ആയിരിക്കും വണ്‍പ്ലസ് ടിവി എന്നാണ് ലഭിക്കുന്ന സൂചന. അതിനാല്‍ തന്നെ വണ്‍പ്ലസ് ലക്ഷ്യം വയ്ക്കുന്നത് ടിവി വിപണിയിലെ പ്രീമിയം കക്ഷികളായ സാംസങ്ങിനെയും, സോണിയെയും, എല്‍ജിയെയും ഒക്കെയാണ്.