ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോ, ഫൈൻഡ് X10 സീരീസ് ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ ശ്രേണിയിലെ ഫൈൻഡ് X10 പ്രോ മോഡൽ 200MP പ്രൈമറി, 200MP ടെലിഫോട്ടോ ക്യാമറകളോടും 8,000mAh ബാറ്ററിയോടും കൂടിയാണ് എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9600 പ്രോസസറായിരിക്കും ഫോണിന് കരുത്തേകുക.

ന്ത്യയിലെ പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സീരീസായ ഒപ്പോ ഫൈൻഡ് X10 സീരീസ് ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഫൈൻഡ് X9 സീരീസിന്റെ പിൻഗാമിയായെത്തുന്ന ഈ ശ്രേണിയിൽ ഒപ്പോ ഫൈൻഡ് X10, ഫൈൻഡ് X10 പ്രോ, ഫൈൻഡ് X10 പ്രോ മാക്സ്, ഫൈൻഡ് X10s എന്നീ നാല് മോഡലുകൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒപ്പോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, വരാനിരിക്കുന്ന ഫൈൻഡ് X10 പ്രോയെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ ചോർച്ചകളിലൂടെ പുറത്തുവരുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ സ്മാർട്ട്ഫോൺ 200 മെഗാപിക്സൽ പ്രൈമറി ക്യാമറയും 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഉൾക്കൊള്ളുന്ന അതിശക്തമായ ക്യാമറ സംവിധാനവുമായി എത്തുമെന്നാണ് സൂചന.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വൈബോയിൽ പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ഫോണിൽ 1/1.3 ഇഞ്ച് വലുപ്പമുള്ള സെൻസറോടുകൂടിയ 200MP സാംസങ് ISOCELL HPC പ്രൈമറി ക്യാമറ ഉൾപ്പെടും. ഇതിന് പുറമെ 200MP ടെലിഫോട്ടോ ക്യാമറയും 3MP മൾട്ടിസ്പെക്ട്രൽ സെൻസറും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വിവരങ്ങൾ ശരിയാണെങ്കിൽ നിലവിലെ ഫൈൻഡ് X9 പ്രോ മോഡലിൽ നിന്ന് വലിയ മാറ്റമായിരിക്കും ഇത്.

പെർഫോമൻസിന്‍റെ കാര്യത്തിൽ, മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9600 പ്രോസസറാണ് ഫോണിന് കരുത്തേകുക എന്നാണ് റിപ്പോർട്ടുകൾ. 16GB വരെ LPDDR5X റാമും 512GB വരെ UFS 4.1 സ്റ്റോറേജും ലഭിക്കാനിടയുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഫോൺ പ്രവർത്തിക്കുക. ചില റിപ്പോർട്ടുകൾ പ്രകാരം ColorOS 17 പതിപ്പും ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഡിസ്പ്ലേ വിഭാഗത്തിൽ 1.5K റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് LTPO പാനൽ ഉൾപ്പെടുമെന്നാണ് സൂചന. വളരെ നേർത്ത ബെസലുകളും വളഞ്ഞ കോണുകളും ഫോണിന്റെ പ്രീമിയം ഡിസൈൻ കൂടുതൽ ആകർഷകമാക്കും. ബാറ്ററിയുടെ കാര്യത്തിലും ഒപ്പോ വലിയ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 8,000mAh ശേഷിയുള്ള വമ്പൻ ബാറ്ററിയായിരിക്കും ഫോണിൽ ഉൾപ്പെടുക. അതേസമയം ഇതിലും വലിയ ബാറ്ററി ലഭിക്കാമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‍കാനർ, IP68, IP69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനുകൾ എന്നിവയും ഫോണിൽ ഉണ്ടായേക്കും.

ഒപ്പോ ഫൈൻഡ് X10 പ്രോ 2026-ന്റെ നാലാം പാദത്തിൽ ഫൈൻഡ് X10, ഫൈൻഡ് X10 പ്രോ മാക്സ് മോഡലുകൾക്കൊപ്പം അവതരിപ്പിക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഏകദേശം 1,14,999 രൂപ വിലയിൽ ആയിരിക്കും ഫോൺ എത്തുക എന്നാണ് സൂചന. എന്നാൽ ലോഞ്ച് സമയത്ത് വിലയിലും സവിശേഷതകളിലും മാറ്റങ്ങൾ സംഭവിക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.