ഒപ്പോയുടെ പുതിയ റെനോ 16 സീരീസ് ജൂലൈ 2-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യൻ പതിപ്പിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റും, 50MP ട്രിപ്പിൾ ക്യാമറയും, എഐ റെക്കോർഡിംഗ് സ്റ്റിക്കർ പോലുള്ള നിരവധി പുതിയ എഐ ഫീച്ചറുകളും ഉണ്ടാകും. ആമസോൺ, ഫ്ലിപ്കാർട്ട് വഴി ഫോൺ വിൽപ്പനയ്‌ക്കെത്തും.
ഒപ്പോയുടെ പുതിയ റെനോ 16 സീരീസ് ജൂലൈ 2-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഓപ്പോ റെനോ 16, ഓപ്പോ റെനോ 16 സി എന്നീ രണ്ട് സ്മാർട്ട്ഫോണുകളാണ് സീരീസിൽ ഉൾപ്പെടുന്നത്. ലോഞ്ചിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്റ്റാൻഡേർഡ് മോഡലിന്റെ പ്രധാന സവിശേഷതകൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൈനയിൽ അവതരിപ്പിച്ച പതിപ്പിൽ മീഡിയടെക് ഡൈമെൻസിറ്റി 8550 സൂപ്പർ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യൻ പതിപ്പ് ക്വാൽകോമിന്റെ സ്‍നാപ്‍ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റുമായാണ് എത്തുക.
4 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഒക്ടാ-കോർ സ്‍നാപ്‍ഡ്രാഗൺ 7 ജെൻ 4 പ്രോസസറിന് പരമാവധി 2.8GHz ക്ലോക്ക് സ്പീഡുണ്ട്. മുൻതലമുറയെ അപേക്ഷിച്ച് സിപിയു പ്രകടനം 27 ശതമാനവും ഗ്രാഫിക്സ് റെൻഡറിങ് 30 ശതമാനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രകടനം 65 ശതമാനവും മെച്ചപ്പെടുത്തിയതായി ഒപ്പോ അവകാശപ്പെടുന്നു.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ കളർ ഓഎസ് 16 ൽ ആണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. ഉപയോക്താക്കൾക്കായി നിരവധി എഐ ഫീച്ചറുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ റെക്കോർഡിംഗ് സ്റ്റിക്കർ, എഐ സ്‍കാൻ, എഐ വോയിസ് ട്രാൻസിലേഷൻ, എഐ മെനു ട്രാൻസിലേഷൻ, എഐ ബിൽ മാനേജർ, എഐ മൈൻഡ് പ്ലോട്ട് തുടങ്ങിയവയാണ് പ്രധാന എഐ ഫീച്ചറുകൾ. ഫോണിലുള്ള പ്രത്യേക എഐ സ്‍നാപ്പ് കീ അമർത്തിയാൽ ഈ സൗകര്യങ്ങൾ വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കും.
സുരക്ഷയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ഓപ്പോ ലോക്ക് എന്ന പുതിയ മോഷണ പ്രതിരോധ സംവിധാനത്തിലൂടെ ഫോൺ വിദൂരസ്ഥലത്ത് നിന്ന് ലോക്ക് ചെയ്യാനും സിം കാർഡ് നീക്കം ചെയ്യുന്നത് നിയന്ത്രിക്കാനും സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ഫോട്ടോഗ്രഫി വിഭാഗത്തിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. ഇതിനൊപ്പം 3.5 മടങ്ങ് ഒപ്റ്റിക്കൽ സൂമും 85 എംഎം ഫോകൽ ലെങ്തും നൽകുന്ന 50 മെഗാപിക്സൽ ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയും 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ലഭിക്കും.
ഹോളോവേഴ്സ് 3D ഡിസൈനും ഫ്ലോട്ടിംഗ് 3D ഗ്ലിറ്റർ ഫിനിഷും ഫോണിന്റെ ഡിസൈൻ പ്രത്യേകതകളാണ്. ജൂലൈ 2-ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കുന്ന റെനോ 16 സീരീസ് ആമസോണിലൂടെയും ഫ്ലിപ്‍കാർട്ടിലൂടെയും വിൽപ്പനയ്‌ക്കെത്തും. സ്റ്റാറി വൈറ്റ്, സ്റ്റെല്ലാർ പർപ്പിൾ, ട്വൈലൈറ്റ് വയലറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് പുതിയ ഓപ്പോ സ്‍മാർട്ട് ഫോണുകൾ ലഭ്യമാകുക.
