ചൈനയില്‍ ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ റെഡ്‌മി ടര്‍ബോ 4 പ്രോയുടെ റീബ്രാന്‍ഡ് വേര്‍ഷനായിരിക്കുമോ പോക്കോ എഫ്‌7?

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ പോക്കോ അവരുടെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ പോക്കോ എഫ്‌7 (POCO F7) ഇന്ത്യയില്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഭീമാകാരന്‍ 7,550 എംഎഎച്ച് ബാറ്ററി സഹിതമാണ് പോക്കോ എഫ്‌7 ഇന്ത്യയിലേക്ക് വരുന്നെതെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ഇരട്ട റീയര്‍ ക്യാമറകളാണ് ഈ ഫോണിനുണ്ടാവുക. 

ചൈനയില്‍ ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ റെഡ്‌മി ടര്‍ബോ 4 പ്രോയുടെ റീബ്രാന്‍ഡ് വേര്‍ഷനായിരിക്കും പോക്കോ എഫ്‌7 എന്ന് സൂചനകളുണ്ട്. ജൂണിലെ മൂന്നാമത്തെയോ നാലാമത്തേയോ ആഴ്‌ചയായിരിക്കും ഫോണ്‍ പുറത്തിറങ്ങുക എന്നാണ് അഭ്യൂഹങ്ങള്‍. ടീസര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 7,550 എംഎഎച്ച് കരുത്തിലുള്ള ബാറ്ററി പോക്കോ എഫ്‌7 സ്‌മാര്‍ട്ട്‌ഫോണിലുണ്ടാകും. അങ്ങനെയെങ്കില്‍ പൊതു ഉപയോഗത്തിന് വിപണിയില്‍ ലഭ്യമായ സ്‌മാര്‍ട്ട്ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയായിരിക്കും ഇത്. ശരാശരി ഉപയോക്താക്കള്‍ക്ക് രണ്ട് ദിവസം ഉപയോഗിക്കാന്‍ ശേഷിയുള്ളതാണ് ഈ ബാറ്ററി എന്നാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 90 വാട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗും 22.5 വാട്സ് റിവേഴ്സ് വയേര്‍ഡ് ചാര്‍ജിംഗും പോക്കോ എഫ്‌7-നൊപ്പമുണ്ടായേക്കും.

കുറഞ്ഞത് രണ്ട് കളര്‍ ഓപ്ഷനുകളിലായിരിക്കും പോക്കോ എഫ്‌7 പുറത്തിറങ്ങാന്‍ സാധ്യത. ഇതിലൊന്ന് കറുത്ത ഫിനിഷിലും പില്‍ ആകൃതിയിലുള്ള ഇരട്ട ക്യാമറ മൊഡ്യൂളും വെര്‍ട്ടിക്കല്‍ എല്‍ഇഡി സ്ട്രിപ്പും വരുന്നതായിരിക്കും. ഇന്ത്യന്‍ വിപണിക്കായി പ്രത്യേക പതിപ്പ് പോക്കോ ഇറക്കാനും സാധ്യതയുണ്ട്.

6.83 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലെ സഹിതം വരാനിരിക്കുന്ന പോക്കോ എഫ്‌7-ല്‍ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കുന്നു. ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8എസ് ജെനറേഷന്‍ 4 ചിപ്‌സെറ്റാണ് പോക്കോ എഫ്‌7-ല്‍ പ്രതീക്ഷിക്കുന്നത്. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബി‌ലൈസേഷന്‍ സഹിതം 50 എംപി പ്രധാന സെന്‍സര്‍, 8 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 20 എംപി സെല്‍ഫി ക്യാമറ എന്നിവയും ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന പോക്കോ എഫ്‌7 സ്‌മാര്‍ട്ട്ഫോണില്‍ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകളാണ്. പോക്കോ എഫ്‌7-ന്‍റെ കൂടുതല്‍ ഫീച്ചറുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News