റിയൽമി 15 പ്രോ 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഡിസ്‌പ്ലെ, റിയര്‍ ഭാഗം എന്നിവ വ്യക്തമാകുന്ന ഡിസൈനാണ് ലീക്കായിരിക്കുന്നത്
മുംബൈ: റിയൽമി 15 5ജിക്കൊപ്പം റിയൽമി 15 പ്രോ 5ജിയും ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ജനുവരിയിൽ പ്രോ പ്ലസ് വേരിയന്‍റിനൊപ്പം അവതരിപ്പിച്ച റിയൽമി 14 പ്രോ 5ജിയുടെ പിൻഗാമിയായി എത്തുന്ന ഫോണാണിത്. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റുകളെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രോ വേരിയന്‍റിന്‍റെ ഡിസൈൻ റെൻഡർ പുറത്തുവന്നിരിക്കുന്നു. ഫോണിന്‍റെ പിൻഭാഗത്തിനും ഡിസ്‌പ്ലേ പാനലുകൾക്കും ലഭിക്കാൻ സാധ്യതയുള്ള ഡിസൈൻ 91 മൊബൈൽസ് പുറത്തുവിട്ട റിപ്പോർട്ടിൽ കാണാം. റിയൽമി 15 പ്രോയിൽ ഡ്യുവൽ റിയര്‍ ക്യാമറ യൂണിറ്റാണ് പ്രതീക്ഷിക്കുന്നത്.
ചോർന്ന വിവരങ്ങൾ അനുസരിച്ച് വരാനിരിക്കുന്ന റിയൽമി 15 പ്രോ 5ജി ഹാൻഡ്‌സെറ്റ് വെള്ളി നിറത്തിൽ കാണപ്പെടുന്നു. ഇത് റിയൽമി ഫോണിന്‍റെ ഫ്ലോയിംഗ് സിൽവർ ഷേഡായിരിക്കാം എന്ന് റിപ്പോർട്ടുകൾ ഉണ്ട്. 'സിൽക്ക് പർപ്പിൾ', 'വെൽവെറ്റ് ഗ്രീൻ' കളർ ഓപ്ഷനുകളിലും റിയൽമി 15 പ്രോ വിൽക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
റിയൽമി 15 പ്രോ 5ജിയുടെ ചോർന്ന റെൻഡറിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുള്ള ഹാൻഡ്‌സെറ്റ് കാണിക്കുന്നു. രണ്ട് ക്യാമറ സെൻസറുകൾ രണ്ട് വ്യത്യസ്ത സർക്കിളുകളിൽ സ്ഥാപിച്ചിരിക്കുന്നു. പാനലിന്‍റെ മുകളിൽ ഇടതുമൂലയിൽ ലംബമായാണ് ക്യാമറകള്‍ ക്രമീകരിച്ചിരിക്കുന്നത്. എൽഇഡി ഫ്ലാഷ് യൂണിറ്റുള്ള മറ്റൊരു വൃത്താകൃതിയിലുള്ള സ്ലോട്ടും ക്യാമറകൾക്കൊപ്പമുണ്ട്.
ക്യാമറ മൊഡ്യൂളിനടുത്തുള്ള ഡിസൈൻ സൂചിപ്പിക്കുന്നത് റിയൽമി 15 പ്രോ 5ജിയിൽ 50-മെഗാപിക്സൽ പ്രധാന സെൻസർ ഉണ്ടായിരിക്കും എന്നാണ്. ചോർന്ന റെൻഡറിൽ വളരെ സ്ലിം ബെസലുകളുള്ള ഒരു ഫ്ലാറ്റ് ഡിസ്പ്ലേയും ഫ്രണ്ട് ക്യാമറ സ്ഥാപിക്കുന്നതിനായി മുകളിൽ ഒരു കേന്ദ്രീകൃത ഹോൾ-പഞ്ച് സ്ലോട്ടും കാണാം. റിയൽമി 15 പ്രോ 5ജിയുടെ ഇടതുവശത്താണ് വോളിയം റോക്കറും പവർ ബട്ടണും സ്ഥാനംപിടിച്ചിരിക്കുന്നത്. പവർ ബട്ടൺ പുറത്തേക്ക് തള്ളിനിൽക്കുന്ന ഒരു യൂണിറ്റ് പോലെയാണ് തോന്നുന്നത്. അതായത് ഫിംഗർപ്രിന്‍റ് സെൻസർ ബട്ടണിൽ അല്ല, മറിച്ച് സ്‌ക്രീനിൽ നൽകിയിരിക്കാനാണ് സാധ്യത എന്നതിലേക്ക് ഇത് വിരൽചൂണ്ടുന്നു.
റിയൽമി 15 5ജി സീരീസ് എഐ എഡിറ്റ് ജെനി, എഐ പാർട്ടി തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളെ പിന്തുണയ്ക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റിയൽമി 15 പ്രോ 5ജി 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാകുമെന്നും നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.



