തൃശ്ശൂരിലെ ഒരു പരിപാടിയിൽ ധരിച്ച വസ്ത്രത്തിന്റെ പേരിൽ ഡിജെ സനക്ക് നേരെ കടുത്ത സൈബർ ആക്രമണവും ബോഡി ഷെയ്മിംഗും ഉണ്ടായി. ഇത് ജീവഭയമുണ്ടാക്കുന്നതാണെന്ന് പ്രതികരിച്ച സന, തന്റെ രൂപം കണ്ട് ആളുകൾ ക്രൂരമായ വാക്കുകളാല്‍ തന്നെ അളക്കുകയാണെന്നും സന.
കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് ഡി ജെ സന. തൃശ്ശൂരിൽ നടന്നൊരു പരിപാടിയാണ് ഇതിന് കാരണം. പ്രോഗ്രാമിൽ സന ധരിച്ചിരുന്ന വസ്ത്രത്തെ കുറിച്ച് മാത്രമല്ല ബോഡി ഷെയ്മിംഗ് അടക്കം നടത്തി വലിയ സൈബറാക്രമണം ആയിരുന്നു ഉയർന്നത്. വിമർശനങ്ങൾ അതിന് കടന്നതോടെ പ്രതികരണവുമായി സന എത്തുകയും ചെയ്തിരുന്നു. ബോഡി ഷെയ്മിങ്ങും പരിഹാസങ്ങളും ജീവഭയമുണ്ടാക്കുന്നതാണെന്നും വേദനയെക്കാൾ അപ്പുറമായ കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നുമാണ് സന പറഞ്ഞു.
ഇപ്പോഴിതാ സൈബറാക്രമണത്തിൽ വീണ്ടും ഡിജെ സന പ്രതികരണവുമായി എത്തിയിരിക്കുകയാണ്. അവളുടെ രൂപം കണ്ട് ചിരിക്കുന്നവർ ക്രൂരമായ വാക്കുകളാൽ ശരീരത്തെ അളക്കുകയാണെന്ന് സന പറയുന്നു. അവൾ വ്യത്യസ്തയായത് കൊണ്ട് വെറുപ്പിന് അർഹയാണെന്ന് അവർ വിശ്വസിക്കുന്നെന്നും വീഴുന്നത് വരെ കോപം എറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും സന കുറിക്കുന്നു.
"അവളുടെ രൂപം കണ്ട് അവർ ചിരിക്കുന്നു. ക്രൂരമായ വാക്കുകളാൽ അവളുടെ ശരീരത്തെ അളക്കുന്നു. അവളുടെ മാനം തൊടാൻ തങ്ങൾക്കവകാശമുള്ളതാണെന്ന മട്ടിൽ അവർ കീറിമുറിക്കുന്നു. അവൾ വെറുപ്പിന് അർഹയാണ്, കാരണം അവൾ വ്യത്യസ്തയാണ്. ആയിരക്കണക്കിന് അപരിചിതർ ഒരു തുണിക്കഷണത്തെക്കാൾ അവളുടെ മൂല്യം തീരുമാനിക്കുകയാണ്. ഒരു ദയയും വേണ്ട, അവളെ കൊല്ലൂ. ഈ ലോകത്ത് നിലനിൽക്കാൻ ആവശ്യമായ ധൈര്യമൊന്നും അവർക്കറിയില്ല. എന്നിട്ടും അവർ അവളുടെ മേൽ കോപം എറിയുകയാണ് അവൾ വീഴുന്നതുവരെ. ആക്രമിക്കുന്നത് തുടരൂ. ഒരുപാട് സ്നേഹം", എന്നാണ് സന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.

രണ്ട് ദിവസം മുന്‍പാണ് തൃശ്ശൂരില്‍ സനയുടെ പ്രോഗ്രാം നടന്നത്. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി തൃശ്ശൂരിലെ ഹൈലൈറ്റ് മാളിൽ ആയിരുന്നു പരിപാടി. ഒട്ടനവധി പേരാണ് ഡിജെ കാണാന്‍ എത്തിച്ചേര്‍ന്നത്. പിന്നാലെ സനയുടെ വസ്തധാരണം ചൂണ്ടിക്കാട്ടി സൈബര്‍ ആക്രമണങ്ങള്‍ വന്നു. വളരെ മോശമായ ഭാഷയിലായിരുന്നു ബോഡി ഷെയ്മിംഗ് കമന്‍റുകള്‍ വന്നത്.



