പുത്തന്‍ റിയൽമി പി3 അൾട്രാ 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഡിസൈന്‍ കമ്പനി എക്സ് പോസ്റ്റിലൂടെ പുറത്തുവിട്ടു  

ദില്ലി: റിയൽമി പി3 അൾട്രാ 5ജി (Realme P3 Ultra 5G) സ്‍മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങും. കമ്പനി തന്നെയാണ് ഈ വിവരം നൽകിയിരിക്കുന്നത്. ഇതോടൊപ്പം, ഫോണിന്‍റെ ഡിസൈനും ഒരു പ്രമോഷണൽ ഇമേജിൽ കമ്പനി വെളിപ്പെടുത്തി. ഫെബ്രുവരിയിൽ രാജ്യത്ത് പുറത്തിറക്കിയ റിയൽമി പി3 പ്രോ 5ജി, റിയൽമി പി3എക്‌സ് 5ജി ഹാൻഡ്‌സെറ്റുകൾക്കൊപ്പം ഈ സ്‍മാർട്ട്‌ഫോണും അണിചേരും. ഒരു സ്റ്റാൻഡേർഡ് റിയൽമി പി3 വേരിയന്‍റ് ഈ നിരയിൽ ചേരുമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും കമ്പനിയിൽ നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. ഇത് പല ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റുകളിലും കണ്ടിട്ടുണ്ട്. പുതിയ റിയൽമി ഫോൺ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

റിയൽമി പി3 അൾട്രാ 5ജി ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനിയുടെ എക്സ് പോസ്റ്റിൽ പറയുന്നു. എങ്കിലും, കൃത്യമായ ലോഞ്ച് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു വാർത്താക്കുറിപ്പിൽ, 'ഹാൻഡ്‌സെറ്റ് അൾട്രാ ഡിസൈൻ അൾട്രാ പെർഫോമൻസ്; അൾട്രാ ക്യാമറ' എന്നിവയുമായി വരുമെന്ന് കമ്പനി അവകാശപ്പെട്ടു. വരും ദിവസങ്ങളിൽ ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

പ്രമോഷണൽ ചിത്രത്തിൽ, റിയൽമി P3 അൾട്രയുടെ വലത് പ്രൊഫൈലിന്‍റെ ഡിസൈൻ കാണാം. ക്യാമറ ബമ്പിൽ രണ്ട് വ്യത്യസ്ത വൃത്താകൃതിയിലുള്ള യൂണിറ്റുകൾ ഉള്ളതായും കാണാം. വോളിയം റോക്കറിന് തൊട്ടുതാഴെയായി, ഓറഞ്ച് നിറത്തിലുള്ള ഒരു പവർ ബട്ടൺ ഉണ്ട്. അടുത്തിടെ പുറത്തിറക്കിയ ഫോണുകളിൽ റിയൽമി നിയോ 7x-ലും സമാനമായ ഒരു പവർ ബട്ടൺ കണ്ടെത്തിയിട്ടുണ്ട്.

റിയൽമി പി3 അൾട്രയ്ക്ക് മീഡിയടെക്കിന്‍റെ ഡൈമെൻസിറ്റി 8300 SoC ചിപ്പ് നൽകാമെന്ന് അടുത്തിടെ ഒരു ലിസ്റ്റിംഗ് വെളിപ്പെടുത്തി. മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റിനെക്കുറിച്ചും ഊഹാപോഹങ്ങൾ വരുന്നുണ്ട്. എങ്കിലും, ഏത് ചിപ്‌സെറ്റുമായാണ് ഫോൺ വരുന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 12 ജിബി റാമുമായി വരുന്ന ഈ ഫോണിന് ഏറ്റവും പുതിയ ആൻഡ്രോയ്‌ഡ് 15-ൽ പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി പി3 അൾട്രാ 5ജിയുടെ ക്യാമറയെക്കുറിച്ചോ മറ്റ് സവിശേഷതകളെക്കുറിച്ചോ ഇതുവരെ ഒരു വിവരവുമില്ല. വിലനിർണ്ണയം സംബന്ധിച്ചും ഇതുവരെ ഒരു റിപ്പോർട്ടുകളും പുറത്തുവന്നിട്ടില്ല. മറ്റ് സവിശേഷതകളും സ്പെസിഫിക്കേഷനുകളും വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Read more: 6,500 എംഎഎച്ച് ബാറ്ററിയോടെ ഒരു ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍; വിവോ ടി4എക്സ് 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം