ദില്ലി: റെഡ്മി നോട്ട് 7 പ്രോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു. ഗുഡ്ഗാവ് സ്വദേശിയായ ഉപയോക്താവിന്‍റെ  ഫോണ്‍ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് തന്റെ ഫോണ്‍ പൂര്‍ണ്ണമായും പൊട്ടിത്തെറിച്ചതായും ബാഗ് കത്തി ചാമ്പലായതായും ഗുഡ്ഗാവ് സ്വദേശി വികേഷ് കുമാറാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. 

2019 ഡിസംബറില്‍ വാങ്ങിയതാണ് റെഡ്മി നോട്ട് 7 പ്രോ. എല്ലായ്‌പ്പോഴും ഫോണിന്‍റെ യഥാര്‍ത്ഥ ചാര്‍ജര്‍ ഉപയോഗിച്ചാണ് ചാര്‍ജ് ചെയ്തിരുന്നതെന്നും താന്‍ തെറ്റായതൊന്നും നടത്തിയില്ലെന്നും ഇയാള്‍ പറയുന്നു. ഫോണിനു പുറമേ, ഇയാള്‍ ഉപയോഗിച്ചിരുന്ന ബാഗും കത്തി പോയെങ്കിലും വികേഷിന് ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല. പക്ഷേ, ഷവോമി സര്‍വ്വീസ് സെന്‍ററില്‍  നിന്നുള്ള പ്രതികരണത്തില്‍ താന്‍ നിരാശനാണെന്നു കുമാര്‍ പറയുന്നു. സ്‌ഫോടനത്തിന് ആദ്യം കുറ്റപ്പെടുത്തുകയും അപമാനിക്കാന്‍ ശ്രമിക്കുകയും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് അറിയിക്കുയും ചെയ്തു. 

ശനിയാഴ്ചയാണ് സംഭവം നടന്നത്. സര്‍വീസ് സെന്‍ററില്‍ നിന്ന് മോശം പ്രതികരണം ലഭിച്ചതിന് ശേഷം വികേഷ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പറഞ്ഞതോടെ ഇവര്‍ അദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പുതിയ ഫോണിന്‍റെ അമ്പതു ശതമാനം നല്‍കാമെന്നു വാഗ്ദാനം ചെയ്തു. 

സംഭവത്തെക്കുറിച്ച് വികേഷ് പറയുന്നത് ഇങ്ങനെ, റെഡ്മി നോട്ട് 7 പ്രോ ജോലിസ്ഥലത്ത് എത്തുമ്പോള്‍ 90 ശതമാനം ചാര്‍ജ് ആയിരുന്നുവെന്നും എന്നാല്‍ പൊടുന്നനെ ഫോണിന്‍റെ താപനില ക്രമാതീതമായി ഉയരുന്നതായി അനുഭവപ്പെട്ടവെന്നും വികേഷ് പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ പോക്കറ്റില്‍ നിന്ന് പുറത്തെടുത്തപ്പോള്‍, ബാറ്ററിയില്‍ നിന്ന് പുക വരുന്നത് കണ്ട് അയാള്‍ സമീപത്ത് കിടന്നിരുന്ന ബാഗിലേക്ക് എറിഞ്ഞു. അപ്പോഴേയ്ക്കും ഫോണ്‍ പൊട്ടിത്തെറിച്ച് ബാഗിന് തീപിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നശിക്കുകയും ചെയ്തു. കുമാര്‍ പറയുന്നതു പ്രകാരം, 5 സെക്കന്‍ഡ് പോലും ഫോണ്‍ പോക്കറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ വൈകിയിരുന്നുവെങ്കില്‍ താനും പൊള്ളി ചാമ്പലായേനെ എന്നാണ്. 

തുടര്‍ന്ന് ഇയാള്‍ ഷവോമിയുടെ സര്‍വീസ് സെന്‍ററിലേക്ക് പോയെങ്കിലും ഉപഭോക്താക്കളെ സഹായിക്കാന്‍ ചുമതലപ്പെടുത്തിയ എക്‌സിക്യൂട്ടീവുകള്‍ സ്‌ഫോടനത്തിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചു. ബാറ്ററി സ്‌ഫോടനത്തിലേക്ക് നയിച്ച സ്മാര്‍ട്ട്‌ഫോണിന് കേടുപാടുകള്‍ വരുത്തി സ്‌ഫോടനത്തിന് ഉത്തരവാദി താനാണെന്ന് പറഞ്ഞതായി വികേഷ് പറയുന്നു. ബാഗില്‍ അവശേഷിക്കുന്ന ദ്വാരം കണക്കാക്കി, സ്‌ഫോടനമാണ് തീപിടിത്തത്തിന് കാരണമായതെന്ന് അവര്‍ വിധി പ്രസ്താവിച്ചു. 

കുമാര്‍ വിസമ്മതിച്ചപ്പോള്‍, അവര്‍ കൈമലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് തന്‍റെ ദുരനുഭവം സോഷ്യല്‍ മീഡിയില്‍ വെളിപ്പെടുത്തിയതോടെ, പകരം റെഡ്മി നോട്ട് 7 പ്രോയുടെ 50 ശതമാനം നല്‍കി പുതിയൊരെണ്ണം നല്‍കാന്‍ അവര്‍ തയ്യാറാവുകയായിരുന്നുവേ്രത. നല്‍കിയിരിക്കുന്ന ജോബ് ഷീറ്റില്‍, സ്‌ഫോടനത്തെ പ്രശ്‌നമായി പരാമര്‍ശിക്കുന്നതിനു പകരം 'പവര്‍ ഓണ്‍ ഫാള്‍ട്ട്' എന്ന് തെറ്റായാണ് എഴുതിയിരുന്നത്. മൂന്നാം കക്ഷി ചാര്‍ജറുകള്‍, മുന്‍ കേടുപാടുകള്‍ അല്ലെങ്കില്‍ സ്‌ഫോടനങ്ങള്‍ക്ക് മൂന്നാം കക്ഷി സേവന കേന്ദ്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് ഉപഭോക്താവിനെ കുറ്റപ്പെടുത്തുന്ന ഈ തന്ത്രം മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകള്‍ വളരെക്കാലമായി ഉപയോഗിച്ചു വരുന്നുണ്ടെന്നും വികേഷ് കുറ്റപ്പെടുത്തുന്നു. 

ഷവോമിയില്‍ നിന്നും സ്മാര്‍ട്ട്‌ഫോണുകള്‍ മുമ്പ് നിരവധി തവണ പൊട്ടിത്തെറിച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അടുത്തിടെ നടന്ന ഒരു സംഭവത്തില്‍, നോട്ട് 6 പ്രോ യൂണിറ്റ് പുകഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു. അത് നന്നാക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. ജിയോ ഫോണുകള്‍, സാംസങ് ഗ്യാലക്‌സി എസ് 10 5 ജി, ഐഫോണ്‍ എക്‌സ്എസ് മാക്‌സ്, റെഡ്മി നോട്ട് 4, എംഐ 1, മോട്ടോ ഇ 3 പവര്‍ എന്നിവയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ വന്ന ഫോണുകള്‍.