മുംബൈ: ചൈനയിലെ കൊറോണ വൈറസ് ബാധ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വില വര്‍ദ്ധനവ് കാരണമായേക്കാം എന്ന നിരീക്ഷണം സത്യമാകുന്നു. കൊറോണ ബാധയെ തുടര്‍ന്ന് ഉത്പാദന മേഖലയിലുണ്ടായ മാന്ദ്യത ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുന്ന ഷവോമിയുടെ വിതരണ ശൃംഖലയെ ബാധിച്ചിരിക്കുകയാണ്. ഇതോടെ ഷവോമി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യമുള്ള മോഡലായ ഷവോമി റെഡ്മീ നോട്ട് 8 ന്‍റെ വില വര്‍ദ്ധിപ്പിച്ചു. 500 രൂപയുടെ വര്‍ദ്ധനവാണ് റെഡ്മീ നോട്ട് 8 ന് ഷവോമി വരുത്തിയിരിക്കുന്നത്.

അതേ സമയം ഇപ്പോള്‍ ഷവോമിയുടെ ഈ ഫോണ്‍ ആമസോണില്‍ ഔട്ട് ഓഫ് സ്റ്റോക്കാണ്. പുതിയ സ്റ്റോക്ക് എത്തുന്നതോടെ പുതിയ വില വര്‍ദ്ധനവ് നിലവില്‍ വരും എന്നാണ് സൂചന. പുതിയ വില വര്‍ദ്ധനവ് ഷവോമി റെഡ്മീ നോട്ട് 8 4ജിബി റാം+ 64ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിനായിരിക്കും ബാധകം. നേരത്തെ ഈ മോഡലിന് 9,999 രൂപയായിരുന്നു വില. പുതിയ വര്‍ദ്ധനവോടെ വില 10,499 രൂപയാകും. 

ചൈനയിലെ ഉത്പാദന യൂണിറ്റുകള്‍ അടച്ചിട്ടത് നീട്ടിയത് ഞങ്ങളുടെ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഫോണ്‍ അനുബന്ധ സാമഗ്രികളുടെ മൊത്തത്തിലുള്ള വിതരണത്തെയും അത് ബാധിച്ചു. ഞങ്ങള്‍ ഫോണ്‍ അനുബന്ധ സാമഗ്രികള്‍ക്കായി  സമാന്തരമായ വിതരണ മാര്‍ഗ്ഗങ്ങളെ ആശ്രയിക്കുകയാണ് ഇത് മൂലം സാമഗ്രികള്‍ക്ക് കൂടുതല്‍ വില എന്ന സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഇത് നേരിടാന്‍ താല്‍കാലികമായ ഒരു വില വര്‍ദ്ധന അത്യവശ്യമാണ്. എന്‍ഡിടിവിയോട് പ്രതികരിച്ച ഷവോമി വക്താവ് വ്യക്തമാക്കി. 

എംഐ.കോം, ആമസോണ്‍ എന്നീ ഓണ്‍സ്റ്റോറുകളില്‍ വില വര്‍ദ്ധനവ് ഉടന്‍ നിലവില്‍ വരും. അതേ സമയം ഇപ്പോള്‍ ഔട്ടോ ഓഫ് സ്റ്റോക്ക് കാണിക്കുന്ന ഷവോമിയുടെ റെഡ്മീ നോട്ട് 8 ന്‍റെ പുതിയ സ്റ്റോക്ക് ഫെബ്രുവരി 18ഓടെ വീണ്ടും ലഭിക്കാന്‍ തുടങ്ങും.