സിയോള്‍: ഒരു ദശലക്ഷം സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ് സ്മാര്‍ട്ട്ഫോണുകള്‍ വിറ്റു എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം ടെക് ലോകത്തെ ഒരു പ്രധാന വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് സാംസങ്ങ് ഇലക്ട്രോണിക്സ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ടെക് ക്രഞ്ച് സംഘടിപ്പിച്ച കോണ്‍ഫ്രന്‍സില്‍ സാംസങ്ങ് പ്രസിഡന്‍റ്  സോന്‍ യോങ് വോന്‍ ആണ് ഈ കാര്യം നേരത്തെ ഒരു ദശലക്ഷം സാംസങ്ങ് ഫോള്‍ഡ് ഫോണുകള്‍ വിറ്റെന്ന് അവകാശപ്പെട്ടത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചതോടെ സാംസങ്ങ് വക്താവ് ഔദ്യോഗികമായി അത് നിഷേധിച്ചു. ഇതുവരെ ഞങ്ങള്‍ ഒരു ദശലക്ഷം എന്ന മാര്‍ക്ക് കടന്നിട്ടില്ല.

ഈ വര്‍ഷം അവസാനിക്കുന്നതിനിടെ 5 ലക്ഷം സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ് സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കാനാണ് സാംസങ്ങ് ലക്ഷ്യം വച്ചിരുന്നത്. ഇത് ഇതിനകം സാംസങ്ങ് കൈവരിച്ചിരിക്കാം എന്നാണ് വിപണിയില്‍ നിന്നുള്ള വര്‍ത്തമാനം. സെപ്തംബര്‍ മാസത്തിലാണ് സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ് വില്‍പ്പനയ്ക്ക് എത്തിച്ചത് 7.3 ഇഞ്ച് സ്ക്രീന്‍ നല്‍കുന്ന ഫോണ്‍ 2000 ഡോളറിലാണ് വില്‍പ്പനയ്ക്ക് എത്തിച്ചത്.

ഫെബ്രുവരിയിലാണ് സാംസങ്ങ്  4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്‌ക്രീനുകളുമായി സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് ആദ്യം പ്രദര്‍ശിപ്പിച്ചത്. ഈ ഗാഡ്ജറ്റ് ഇത്തരത്തിൽ സ്മാർട്ഫോണായും ടാബ്‍ലറ്റായും ഉപയോഗിക്കാൻ സഹായിക്കുന്നത് ആപ്പ് കൻട്യൂനിറ്റി എന്ന സംവിധാനമാണ്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നിവർത്തുന്ന മുറയ്ക്ക് വലിയ സ്ക്രീനിലേയ്ക്ക് കണ്ടെന്‍റ് വളരെ എളുപ്പത്തിൽ തന്നെ മാറും. മടക്കിയാൽ ചെറിയ സ്ക്രീനിലേയ്ക്കും കണ്ടെന്റ് മാറും. എന്നാൽ വലിയ സ്ക്രീനിൽ മടക്കിന്‍റെ അടയാളങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയുമില്ല. ഒരേ സമയം മൂന്ന് ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മള്‍ടി ടാസ്‌ക് സൗകര്യവും ഇതിലുണ്ട്. 

മൂന്ന് ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണിത്. നാല് ക്യാമറകളാണ് ഫോണിൽ ഉള്ളത്. ടാബ്‍ലറ്റിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്.  16 എംപി, 12 എംപി, 12 എംപി എന്നിങ്ങനെയാണ് പിൻ ക്യാമറകൾ. 10 എംപി സെൽഫി ക്യാമറയും ഉണ്ട്. ഇത് എസ്10 പ്ലസിന് സമാനമാണ്. 4,300 എംഎഎച്ചാണ് ബാറ്ററിശേഷി. 

ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഇന്‍റേണല്‍ സ്റ്റോറേജ് 512 ജിബിയാണ്. ഒക്ടാകോര്‍ പ്രോസ്സസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ വിപണിയില്‍ എത്തേണ്ടിയിരുന്നതായിരുന്നു സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ്.  എന്നാല്‍  ഫോണ്‍ റിവ്യൂ ചെയ്യാന്‍ നല്‍കിയപ്പോഴാണ് ഫോണിന്‍റെ സ്ക്രീന്‍ പ്രശ്നം ഉയര്‍ന്ന് വന്ന് വിവാദമായത്. സെലിബ്രേറ്റികള്‍ അടക്കമുള്ളവര്‍ക്കാണ് അന്ന് പ്രശ്നം നേരിട്ടത്. ഇപ്പോള്‍ ഫോണ്‍ പുറത്തിറക്കുമ്പോള്‍ സ്ക്രീന്‍ സംബന്ധിയായ ഫോണിന്‍റെ ഏത് പ്രശ്നത്തിലും 70 ശതമാനം ചിലവ് സാംസങ്ങ് വഹിക്കുന്ന ഒരു ഓഫറും നടപ്പിലാക്കി.