സാംസങ് ഗാലക്‌സി സ്മാർട്ട്ഫോണുകളിൽ സ്റ്റാറ്റസ് ബാറിൽ തത്സമയ ഇന്റർനെറ്റ് വേഗത കാണിക്കുന്ന ഫീച്ചർ അവതരിപ്പിച്ചു. ഗുഡ് ലോക്ക് ആപ്പിലെ ക്വിക്ക്സ്റ്റാർ മോഡ്യൂൾ വഴി ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കാം. ഇത് ഉപയോക്താക്കൾക്ക് അവരുടെ നെറ്റ്‌വർക്ക് വേഗത എളുപ്പത്തിൽ നിരീക്ഷിക്കാൻ സഹായിക്കുന്നു.

സാംസങ് ഗാലക്‌സി സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഒരു ഫീച്ചർ ഒടുവിൽ ലഭ്യമായി. ഫോണിന്റെ സ്റ്റാറ്റസ് ബാറിൽ തന്നെ തത്സമയ ഇന്റർനെറ്റ് വേഗത (Network Speed Indicator) കാണിക്കുന്ന ഫീച്ചറാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ iQOO, വിവോ, ഷവോമി തുടങ്ങിയ ബ്രാൻഡുകളുടെ ഫോണുകളിൽ ലഭ്യമായിരുന്ന ഈ ഫീച്ചർ ഗാലക്‌സി ഉപയോക്താക്കൾക്ക് ലഭിക്കാൻ തേർഡ് പാർട്ടി ആപ്പുകളെയോ റൂട്ടിംഗ് പോലുള്ള സങ്കീർണ മാർഗങ്ങളെയോ ആശ്രയിക്കേണ്ടിവന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ ഇപ്പോൾ സാംസങിന്റെ ഗുഡ് ലോക്ക് (Good Lock) കസ്റ്റമൈസേഷൻ സ്യൂട്ടിലെ ക്വിക്ക്സ്റ്റാർ (QuickStar) മോഡ്യൂളിലൂടെ ഈ ഫീച്ചർ ഔദ്യോഗികമായി ലഭ്യമാണ്. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാൽ സ്റ്റാറ്റസ് ബാറിന്റെ വലതുവശത്ത് തത്സമയ അപ്‌ലോഡ്, ഡൗൺലോഡ് വേഗതകൾ കാണാൻ കഴിയും. കിലോബൈറ്റ് പെർ സെക്കൻഡ് (KB/s) അല്ലെങ്കിൽ മെഗാബൈറ്റ് പെർ സെക്കൻഡ് (MB/s) എന്ന രീതിയിലാണ് വേഗത പ്രദർശിപ്പിക്കുക.

വൈ-ഫൈ കണക്ഷനിലും മൊബൈൽ ഡാറ്റയിലും ഈ സംവിധാനം പ്രവർത്തിക്കും. വീഡിയോ ബഫറിംഗ്, ഫയൽ ഡൗൺലോഡ് വൈകൽ, ആപ്പ് അപ്ഡേറ്റുകളുടെ മന്ദഗതിയിലുള്ള പ്രകടനം തുടങ്ങിയ പ്രശ്‍നങ്ങൾ നെറ്റ്‌വർക്ക് വേഗത മൂലമാണോ എന്ന് മനസിലാക്കാൻ ഇത് സഹായകരമാകും. എന്നാൽ ഈ ഫീച്ചർ ഡാറ്റാ ട്രാൻസ്ഫർ വേഗത മാത്രമാണ് കാണിക്കുക. നെറ്റ്‌വർക്ക് സിഗ്നൽ ശക്തി അറിയാൻ നിലവിലുള്ള വൈ-ഫൈ, മൊബൈൽ സിഗ്നൽ ഐക്കണുകൾ തന്നെ ഉപയോഗിക്കേണ്ടിവരും.

ഫീച്ചർ ഉപയോഗിക്കാൻ വൺ UI 9 പ്രവർത്തിക്കുന്ന ഗാലക്‌സി സ്മാർട്ട്ഫോൺ ആവശ്യമാണ്. നിലവിൽ ഗ്യാലക്സി S26, ഗ്യാലക്സി S25 സീരീസുകൾക്കായി വൺ യുഐ 9 ബീറ്റാ പതിപ്പ് ലഭ്യമാണ്. കൂടാതെ ക്വിക്ക്സ്റ്റാർ മോഡ്യൂളിന്റെ 11.0.03.15 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പും ഇൻസ്റ്റാൾ ചെയ്തിരിക്കണം.

ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്ന വിധം

1. ഗ്യാലക്സി സ്റ്റോറിൽ നിന്ന് ഗുഡ് ലോക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

2. ഗുഡ് ലോക്ക് തുറന്ന് പ്ലഗിൻ വിഭാഗത്തിലേക്ക് പോകുക.

3. ക്വിക്ക്സ്റ്റാർ മോഡ്യൂളിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യുക.

4. ക്വിക്ക്സ്റ്റാർ തുറന്ന് പ്രധാന ടോഗിൾ ഓൺ ചെയ്യുക.

5. വിസിബിലിറ്റി ഓഫ് ഇൻഡിക്കേറ്റർ ഐക്കൺസ് (Visibility of Indicator Icons) എന്ന ഓപ്ഷനിൽ പ്രവേശിക്കുക.

6. നെറ്റ്വർക്ക് സ്‍പീഡ് എന്ന ഓപ്ഷൻ കണ്ടെത്തി ടോഗിൾ പ്രവർത്തനക്ഷമമാക്കുക.

7. തുടർന്ന് സ്റ്റാറ്റസ് ബാറിൽ തത്സമയ നെറ്റ്‌വർക്ക് വേഗത പ്രദർശിപ്പിക്കും.

മേൽപ്പറഞ്ഞ ഇതേ നടപടികൾ പിന്തുടർന്ന് ആവശ്യമില്ലെങ്കിൽ ഫീച്ചർ പിന്നീട് ഓഫാക്കാനും സാധിക്കും. ഗാലക്‌സി ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണവും വിവരങ്ങളും നൽകുന്ന പുതിയ അപ്ഡേറ്റായാണ് ഈ ഫീച്ചറെ വിലയിരുത്തുന്നത്.