സാംസങ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ സ്‌മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണത്തോടെയായിരുന്നു ഫ്ലാഗ്‌ഷിപ്പ് ഫീച്ചറുകളോടെ ഗാലക്സി എസ്25 എഡ്‌ജ് പുറത്തിറക്കിയത്

സോള്‍: സാംസങിന്‍റെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഫ്ലാഗ്‌ഷിപ്പ് ഗാലക്സി എസ്25 എഡ്ജിന്‍റെ വില്‍പന പ്രതീക്ഷിച്ച നിലയിലേക്ക് ഉയര്‍ന്നില്ല എന്ന് റിപ്പോര്‍ട്ട്. ഗാലക്സി എസ് സീരീസിന് പുത്തന്‍ ഡിസൈന്‍ ചാരുത നല്‍കാന്‍ ഈ ഫ്ലാഗ്‌ഷിപ്പിനായെങ്കിലും എസ്25 എഡ്ജ് ഫോണ്‍ വിപണിയില്‍ വലിയ തരംഗമുണര്‍ത്തിയില്ല എന്ന് ജിഎസ്എം അരീന റിപ്പോര്‍ട്ട് ചെയ്തു.

ഒരു പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങിയാല്‍ ആദ്യ മൂന്ന് മാസം കൊണ്ട് അതിന്‍റെ വിപണി ഭാഗ്യം അറിയാന്‍ കഴിയുമെന്ന് ഇന്‍സൈഡര്‍മാര്‍ പറയുന്നു. എന്നാല്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ടാഗുമായി പുറത്തിറക്കിയ ഗാലക്സി എസ്25 എഡ്ജിന് പ്രതീക്ഷിച്ച വില്‍പന ആദ്യ മൂന്ന് മാസക്കാലം ഉണ്ടായില്ലായെന്നാണ് റിപ്പോര്‍ട്ട്. മെയ് അവസാനമായിരുന്നു സാംസങ് ഗാലക്സി എസ്25 സ്മാര്‍ട്ട്‌ഫോണിന്‍റെ ലോഞ്ച്. പ്രതീക്ഷിച്ചതിനേക്കാള്‍ കുറവ് യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത് എന്നതിനാല്‍ ആപ്പിള്‍ ഈ ഫോണിന്‍റെ നിര്‍മ്മാണം കുറച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അടുത്ത വര്‍ഷം വരാനിരിക്കുന്ന ഗാലക്സി എസ്26 സീരീസില്‍ പ്ലസ് മോഡലിന് പകരം എഡ‌്ജായിരിക്കും കമ്പനി പുറത്തിറക്കുക എന്ന് സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്. പരമ്പരാഗതമായി സംസങിന്‍റെ സ്മാര്‍ട്ട്‌ഫോണ്‍ ഗാലക്സി പരമ്പരകളില്‍ ഏറ്റവും കുറവ് വില്‍പന നടക്കുന്ന മോഡലാണ് പ്ലസ്.

5.8 എംഎം മാത്രം കട്ടിയുള്ള ഈ ഹാൻഡ്‌സെറ്റ് സാംസങിന്‍റെ മറ്റ് സ്‌മാര്‍ട്ട്‌ഫോണുകളേക്കാളെല്ലാം നേര്‍ത്തതാണ്. മാത്രമല്ല, ഈ ഹാൻഡ്‌സെറ്റിന് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ നൽകുന്ന ശക്തമായ കരുത്തുമുണ്ട്. ഗാലക്‌സി എസ്25 എഡ്ജിന്‍റെ നേർത്ത ചേസിസിൽ യോജിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന മെച്ചപ്പെട്ട 200 എംപി സെൻസറാണ് ഇതിലുള്ളത്. കൂടാതെ, 12 എംപി അൾട്രാ-വൈഡ് സെൻസറും ഉണ്ട്. ഗാലക്‌സി എസ്25+ അല്ലെങ്കിൽ അൾട്രയിൽ നിന്ന് വ്യത്യസ്തമായി ടെലിഫോട്ടോ സെൻസർ ഇല്ല എന്നതാണ് ക്യാമറ വിഭാഗത്തിലെ ന്യൂനത. എസ്25 എഡ്ജില്‍ 3900 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നത് വിപണിയില്‍ തിരിച്ചടിയാകുമെന്ന പ്രവചനങ്ങള്‍ നേരത്തെതന്നെയുണ്ടായിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ സഹിതം വന്ന സാംസങ് ഗാലക്സി എസ്25 എഡ്ജ് പ്രീമിയം നിലവാരത്തിലുള്ള സ്‌മാര്‍ട്ട്ഫോണാണ്. ആപ്പിളിന്‍റെ വരാനിരിക്കുന്ന അള്‍ട്രാ-സ്ലിം ഫോണായ ഐഫോണ്‍ 17 എയറിന് ഭീഷണിയുയര്‍ത്തുകയാണ് പുതിയ സ്ലിം ഹാന്‍ഡ്‌സെറ്റിലൂടെ സാംസങ് ലക്ഷ്യമിട്ടത്. എന്നാല്‍ സാംസങിന്‍റെ ആ ശ്രമം വിജയിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഗാലക്സി എസ്25 എഡ്ജിന്‍റെ വില ഇന്ത്യയില്‍ 1,09,999 രൂപയിലാണ് ആരംഭിക്കുന്നത്. 12 ജിബി + 256 ജിബി മോഡലിന്‍റെ വിലയാണിത്.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News