നിലവിൽ SUS CAN ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരേയൊരു സ്മാർട്ട്‌ഫോൺ നിർമ്മാതാവ് ആപ്പിളാണ്

വരാനിരിക്കുന്ന ഗാലക്‌സി ഫോണുകളിൽ പുതിയൊരു തരം ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാംസങ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. SUS CAN എന്ന് വിളിക്കുന്ന ഈ സാങ്കേതികവിദ്യ ബാറ്ററിയുടെ രൂപകൽപ്പനയിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കുന്നു. കാലപ്പഴക്കം ചെല്ലുമ്പോൾ ബാറ്ററികൾ സുരക്ഷിതമാക്കാനും വേഗത്തിൽ ചാർജ് ചെയ്യാനും കൂടുതൽ നേരം ചാർജ്ജ് നിലനിൽക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് റിപ്പോർട്ടുകൾ.

എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നാൽ, ഈ മാറ്റം അതിന്‍റെ അടുത്ത ഫ്ലാഗ്ഷിപ്പ് സീരീസിൽ അരങ്ങേറ്റം കുറിക്കും. അതായത് ഒരുപക്ഷേ ഗാലക്‌സി എസ്26-ൽ ഈ സാങ്കേതികവിദ്യ ആദ്യമായി ലഭിക്കും. മറ്റ് സ്‍മാർട്ട്‌ഫോൺ ബ്രാൻഡുകൾ ഇതിനകം തന്നെ പുതിയ ബാറ്ററി മെറ്റീരിയലുകൾ ഉപയോഗിച്ച് മുന്നോട്ട് കുതിച്ചിട്ടുണ്ട്. 

ബാറ്ററിയുടെ ആന്തരിക ഘടന മെച്ചപ്പെടുത്തുന്നതിന് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കുന്ന SUS CAN എന്ന ബാറ്ററി സാങ്കേതികവിദ്യ സ്വീകരിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ഫോൺ ബാറ്ററികളിലെ നിരവധി സാധാരണ പ്രശ്‍നങ്ങൾ പരിഹരിക്കുക എന്നതാണ് SUS CAN ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട ഊർജ്ജ സാന്ദ്രത ഇതിന്‍റെ ഒരു പ്രധാന നേട്ടമാണ്. വലിപ്പം കൂടാതെ തന്നെ ബാറ്ററിക്ക് കൂടുതൽ പവർ നിലനിർത്താൻ കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു. എല്ലാത്തിനുമുപരി വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുകയും ബാറ്ററി വീക്കം പോലുള്ള ദീർഘകാല പ്രശ്‍നങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നതും ഇതിന്‍റെ ലക്ഷ്യമാണ്.  

നിലവിൽ, SUS CAN ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരേയൊരു സ്മാർട്ട്‌ഫോൺ നിർമ്മാതാവാണ് ആപ്പിൾ. ഐഫോൺ 16 പ്രോ മാക്സിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. സാംസങും ഇത് ഉപയോഗിക്കുകയാണെങ്കിൽ, ഈ ബാറ്ററി സാങ്കേതികവിദ്യ ഒരു ഗാലക്സി ഫോണിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായിരിക്കും.

വർഷങ്ങളായി പഴയ ബാറ്ററി ഡിസൈനുകളിൽ ഉറച്ചുനിൽക്കുന്നതിന് സാംസങ്ങ് ചില വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വൺപ്ലസ് പോലുള്ള എതിരാളികൾ കനം കുറഞ്ഞ ഫോണുകളിൽ വലുതും വലുതുമായ ബാറ്ററികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസ്, ഓപ്പോ പോലുള്ള ബ്രാൻഡുകൾ സമീപ വർഷങ്ങളിൽ സിലിക്കൺ-കാർബൺ ബാറ്ററികൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടുതൽ ബാറ്ററി ശേഷിയുള്ള നേർത്ത ഫോണുകൾ സൃഷ്ടിക്കുന്നതിന് ഈ ബാറ്ററി സാങ്കേതികവിദ്യ സഹായിക്കുന്നു. എന്നാൽ സാംസങ് സിലിക്കൺ-കാർബൺ ബാറ്ററികൾ ഉപയോഗിച്ചിട്ടില്ല. പകരം SUS CAN ഉപയോഗിച്ച് തൽക്കാലം വ്യത്യസ്‍തമായൊരു മാർഗ്ഗം സ്വീകരിക്കാനാണ് നീക്കം എന്നാണ് റിപ്പോർട്ടുകൾ.  

അതേസമയം സാംസങ് SUS CAN ബാറ്ററികളുള്ള സ്‍മാർട്ട് ഫോണുകൾ എപ്പോൾ പുറത്തിറക്കുമെന്ന് വ്യക്തമായ വിവരങ്ങൾ ഒന്നും നിലവിൽ ഇല്ല. ഗാലക്‌സി എസ് 26 അല്ലെങ്കിൽ അടുത്ത ഗാലക്‌സി ഇസഡ് ഫോൾഡ് സീരീസ് പോലുള്ള ഭാവിയിലെ മുൻനിര മോഡലുകളിൽ ഒരുപക്ഷേ ഈ ബാറ്ററി സാങ്കേതികവിദ്യ ലഭിച്ചേക്കാം.ഈ ബാറ്ററി സാങ്കേതികവിദ്യ സാംസങ്ങിൽ നിന്ന് പലരും ആഗ്രഹിച്ച തരത്തിൽ ഉള്ളത് അല്ല. എങ്കിലും വേഗതയേറിയ ചാർജിംഗ്, സുരക്ഷിതമായ ബാറ്ററി ഡിസൈൻ, മെച്ചപ്പെട്ട ദീർഘകാല പ്രകടനം തുടങ്ങിയ ചില പ്രധാന മാറ്റങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം