ഇന്ത്യയില്‍ പുറത്തിറക്കിയ റെഡ്‌മി 15സി 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും വിശദമായി. 12,499 രൂപയാണ് ഇന്ത്യയില്‍ ഫോണിന്‍റെ വിലത്തുടക്കം. 

ദില്ലി: 6.9 ഇഞ്ച് വലിപ്പവും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്‌പ്ലെയും 6,000 എംഎഎച്ച് ബാറ്ററിയും സഹിതം റെഡ്‌മി 15സി 5ജി (Redmi 15C 5G) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ബജറ്റ്-ഫ്രണ്ട്‌ലി സി വിഭാഗത്തില്‍ ഷവോമിയുടെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് റെഡ്‌മി 15സി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റെഡ്‌മി 14സി സ്‌മാര്‍ട്ട്‌ഫോണിന്‍റെ പിന്‍ഗാമിയായ റെഡ്‌മി 15സി ഡിസ്‌പ്ലെയിലും ബാറ്ററിയിലും പ്രധാനപ്പെട്ട അപ്‌ഗ്രേഡുകളോടെയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 15,000 രൂപ വില പരിധിയില്‍പ്പെടുന്ന റിയല്‍മി പി4എക്‌സ്, ഇന്‍ഫിനിക്സ് ഹോട്ട് 60ഐ, ഓപ്പോ കെ13 എന്നീ സ്‌മാര്‍ട്ട്‌ഫോണുകളുമായാണ് റെഡ്‌മി 15സി 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരിക്കുക.

റെഡ്‌മി 15സി 5ജി: വേരിയന്‍റുകളും വിലയും 

മൂണ്‍ലൈറ്റ് ബ്ലൂ, ഡസ്‌ക് പര്‍പ്പിള്‍, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് റെഡ്‌മി 15സി 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാവുക. 4 ജിബി +128 ജിബി, 6 ജിബി+128 ജിബി, 8 ജിബി+128 ജിബി സ്റ്റോറേജ് വേരിയന്‍റുകള്‍ റെഡ്‌മി 15സി സ്‌മാര്‍ട്ട്‌ഫോണിനുണ്ടാകും. റെഡ്‌മി 15സിയുടെ 4 ജിബി +128 ജിബി അടിസ്ഥാന വേരിയന്‍റിന് 12,499 രൂപയും, 6 ജിബി+128 ജിബി വേരിയന്‍റിന് 13,999 രൂപയും, 8 ജിബി+128 ജിബി വേരിയന്‍റിന് 15,499 രൂപയുമാണ് ഇന്ത്യയിലെ വില. ആമസോണ്‍, എംഐ.കോം, റീടെയ്‌ല്‍ ഔട്ട്‌ലറ്റുകള്‍ എന്നിവ വഴി ഡിസംബര്‍ 11 മുതല്‍ റെഡ്‌മി 15സി ഇന്ത്യയില്‍ വാങ്ങാം.

റെഡ്‌മി 15സി 5ജി: സ്പെസിഫിക്കേഷനുകള്‍ വിശദമായി 

211 ഗ്രാം ഭാരവും 8.05 എംഎം കനവും വരുന്ന റെഡ്‌മി 15സി സ്‌മാര്‍ട്ട്‌ഫോണ്‍ പ്ലാസ്റ്റിക് റിയര്‍ ഭാഗവും ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളുമായാണ് വന്നിരിക്കുന്നത്. ജലത്തിലും പൊടിയിലും നിന്നുള്ള പ്രതിരോധത്തിന് ഐപി64 റേറ്റിംഗ് ഫോണിന് ലഭിച്ചിരിക്കുന്നു. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍, 3.5എംഎം ഓഡിയോ ജാക്ക്, 240 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റ്, 810 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്‌സെറ്റ്, LPDDR4X RAM, യുഎഫ്‌എസ് 2.2 സ്റ്റോറേജ്, 16 ജിബി വരെ വര്‍ധിപ്പിക്കാവുന്ന വെര്‍ച്വല്‍ റാം, ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ഒഎസ് 2, രണ്ട് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റ്, നാല് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകള്‍, 50 എംപി പ്രധാന ക്യാമറ, സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 8 എംപി ഫ്രണ്ട് ക്യാമറ, 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ 6,000 എംഎഎച്ച് ബാറ്ററി, 10 വാട്‌സ് റിവേഴ്‌സ് വയേര്‍ഡ് ചാര്‍ജിംഗ്, 5ജി കണക്റ്റിവിറ്റി എന്നിവയാണ് റെഡ്‌മി 15സി 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ മറ്റ് പ്രത്യേകതകള്‍.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്