സാംസങ് ഗാലക്‌സി ടാബ് എ11+ കേരളത്തില്‍ പുറത്തിറക്കി. 6ജിബി + 128ജിബി, 8ജിബി + 256ജിബി എന്നിങ്ങനെ മോഡലുകള്‍ ലഭ്യമാണ്. കൂടാതെ 2ടിബി വരെ മൈക്രോ എസ്‌ഡി എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ് സൗകര്യവും നല്‍കുന്നു.

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് പുതിയ ഗാലക്‌സി ടാബ് എ11+ (Samsung Galaxy Tab A11+) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മെച്ചപ്പെട്ട എഐ ശേഷികള്‍, സ്‌മൂത്ത് 11 ഇഞ്ച് ഡിസ്‌പ്ലേ, പ്രീമിയം മെറ്റല്‍ ഡിസൈന്‍ എന്നിവയോടുകൂടി, കൂടുതല്‍ ഉപയോക്താക്കള്‍ക്ക് സ്‌മാര്‍ട്ടായ, പവര്‍ എഫിഷ്യന്‍റ് ടാബ് അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്ന് സാംസങ് പറയുന്നു.

ഗാലക്‌സി ടാബ് എ11+ സ്പെസിഫിക്കേഷനുകള്‍ വിശദമായി

ഗൂഗിള്‍ ജെമിനി, ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ സര്‍ക്കിള്‍, ഗണിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്. സ്‌ക്രീനിലെ ഏതെങ്കിലും ഉള്ളടക്കം സര്‍ക്കിള്‍ ചെയ്യുമ്പോള്‍ തന്നെ ബന്ധപ്പെട്ട വിവരങ്ങള്‍, വിശദാംശങ്ങള്‍, വിവര്‍ത്തനങ്ങള്‍ എന്നിവ ഉടന്‍ ലഭിക്കും. വാര്‍ത്തകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവ വായിക്കുമ്പോള്‍ സ്‌ക്രോള്‍ ചെയ്യുന്നിടത്തുവെച്ച് തന്നെ റിയല്‍ടൈം ഓണ്‍സ്‌ക്രീന്‍ വിവര്‍ത്തനം ലഭ്യമാകും. കൈയെഴുത്തോ ടൈപ്പുചെയ്‌തതോ ആയ ഗണിതപ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ തിരിച്ചറിഞ്ഞ്, ഘട്ടം ഘട്ടമായി പരിഹാരം നല്‍കുന്നു. അടിസ്ഥാന ഗണിതത്തില്‍ നിന്നു തുടങ്ങി ശാസ്ത്രീയ കാല്‍ക്കുലേറ്റര്‍ നിലവാരത്തിലുള്ള കൃത്യമായ കണക്കുകള്‍, യൂണിറ്റ് കണ്‍വേര്‍ഷനുകള്‍ എന്നിവയും പിന്തുണയ്ക്കുന്നു. 4എന്‍എം മീഡിയ ടെക്ക് എംടി8775 പ്രോസസറുപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ടാബ് എ11+ സ്‌മൂത്ത് മള്‍ട്ടി ടാസ്‌കിങ് പ്രകടനം നല്‍കുന്നു.

6ജിബി + 128ജിബി, 8ജിബി + 256ജിബി എന്നിങ്ങനെ മോഡലുകള്‍ ലഭ്യമാണ്. കൂടാതെ 2ടിബി വരെ മൈക്രോ എസ്ഡി എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജ് സൗകര്യവും നല്‍കുന്നു. 7,040 എംഎഎച്ച് ബാറ്ററിയും 25വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങും വിശ്വാസ്യതയുള്ള ഉപയോഗം ഉറപ്പാക്കുന്നു. സ്ലിം പ്രൊഫൈലും മെറ്റല്‍ ഫിനിഷും ഉള്ള ടാബ് ഗ്രേ, സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

ഗാലക്‌സി ടാബ് എ11+: ക്യാമറ വിവരങ്ങള്‍

8 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയും വീഡിയോ കോള്‍, ഡോക്യുമെന്‍റ് സ്‌കാന്‍, കണ്ടന്‍റ് ക്രിയേഷന്‍ എന്നിവയ്ക്ക് വ്യക്തതയാര്‍ന്ന ഫോക്കസ് നല്‍കുന്നു. ദൈനംദിനജീവിതം മെച്ചപ്പെടുത്തുന്ന നിര്‍ണായക സാങ്കേതികവിദ്യകള്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശക്തമായ എഐ അനുഭവവും പ്രീമിയം ഡിസൈനും ഉപയോഗക്ഷമതയും ഉള്‍കൊള്ളുന്ന ഗാലക്‌സി ടാബ് എ11+ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പ്രയോജനകരമാകുമെന്നും സാംസങ് ഇന്ത്യ എംഎക്‌സ് ബിസിനസ് ഡയറക്‌ടര്‍ സാഗ്‌നിക് സെന്‍ പറഞ്ഞു. ഗാലക്‌സി ടാബ് എ11+ 19,999 രൂപ മുതല്‍ ലഭ്യമാണ് (ബാങ്ക് ക്യാഷ്ബാക്ക് ഉള്‍പ്പെടെ). ആമസോണ്‍, സാംസങ് പ്ലാറ്റ്‌ഫോമുകളിലും തിരഞ്ഞെടുക്കപ്പെട്ട റീട്ടെയില്‍ സ്‌റ്റോറുകളിലും നവംബര്‍ 28 മുതല്‍ ഗാലക്‌സി ടാബ് എ11+ ലഭ്യമാണ്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്