സാംസങ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന സാംസങ് മെസേജസ് സേവനം കമ്പനി അവസാനിപ്പിക്കുന്നു. 2026 ജൂലൈയോടെ ആപ്പ് പൂർണ്ണമായും നിർത്തലാക്കുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. 

സാംസങ് കമ്പനിയുടെ മെസേജിംഗ് സേവനത്തിൽ വലിയ മാറ്റം വരാനിരിക്കുകയാണ്. വർഷങ്ങളായി ഉപയോഗത്തിലിരുന്ന സാംസങ് മെസേജസ് (Samsung Messages) ആപ്പ് 2026 ജൂലൈയിൽ പൂർണ്ണമായി നിർത്തലാക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ, ഉപയോക്താക്കൾ ഇനി ഗൂഗിൾ മെസേജസ് ആപ്പിലേക്ക് മാറേണ്ടി വരും. പുതിയ സാംസങ് സ്‍മാർട്ട്‌ഫോണുകളും ടാബ്‍ലറ്റുകളും ഇതിനകം തന്നെ ഗൂഗിൾ മെസേജസിനെ ഡീഫോൾട്ട് മെസേജിംഗ് ആപ്പായി ഉൾപ്പെടുത്തിയാണ് പുറത്തിറങ്ങുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സാംസങ് യുഎസ് സപ്പോർട്ട് പേജിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് ഈ നിർണായക തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്ന കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ല. എങ്കിലും, ആപ്പ് പ്രവർത്തനം അവസാനിക്കുന്നതിന് മുൻപ് ഉപയോക്താക്കൾക്ക് അറിയിപ്പുകൾ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ആൻഡ്രോയിഡ് 11 അല്ലെങ്കിൽ അതിന് താഴെയുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കു ഈ മാറ്റം ബാധകമാകില്ല എന്നതും ശ്രദ്ധേയമാണ്.

സാംസങ് മെസേജസിൽ നിന്ന് ഗൂഗിൾ മെസേജസിലേക്ക് മാറുന്നത് വളരെ ലളിതമാണ്. ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ മെസേജസ് ആപ്പ് ഡൗൺലോഡ് ചെയ്ത്, അത് ഡീഫോൾട്ട് എസ്എംഎസ് ആപ്പായി സെറ്റ് ചെയ്യുക മാത്രമാണ് വേണ്ടത്. ആദ്യമായി ആപ്പ് തുറക്കുമ്പോൾ തന്നെ 'മേക്ക് ഇറ്റ് യുവർ ഡിഫോൾട്ട് എസ്എംഎസ് ആപ്പ്' എന്ന നിർദേശം ലഭിക്കും. തുടർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് മാറ്റം സ്ഥിരീകരിക്കാം.

സന്ദേശങ്ങളും കോൺടാക്ടുകളും നഷ്‍ടമാകാതെ സുരക്ഷിതമായി മാറ്റാനോ സിങ്ക് ചെയ്യാനോ കഴിയുമെന്ന് സാംസങ് ഉറപ്പുനൽകുന്നു. സാംസങ്ങ് സ്‍മാർട്ട് സ്വിച്ച്, ഗൂഗിൾ ഡ്രൈവ് എന്നിവയുടെ സഹായത്തോടെ ഡാറ്റ ബാക്കപ്പ് എടുക്കാനും പുനഃസ്ഥാപിക്കാനും സാധിക്കും. ഗ്യാലക്സി സീരീസിലെ ഫോണുകൾ, ടാബ്ലറ്റുകൾ, സ്‍മാർട്ട് വാച്ചുകൾ തുടങ്ങിയവയിൽ ഉടനീളം ഗൂഗിൾ മെസേജസ് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, ഗ്യാലക്സി വാച്ച് 4-നു മുൻപ് പുറത്തിറങ്ങിയ ടൈസൺ ഓഎസ് അടിസ്ഥാനമാക്കിയ വാച്ചുകൾക്ക് ഗൂഗിൾ മെസേജസ് പിന്തുണ ലഭ്യമല്ല. അതിനാൽ, ഇത്തരം ഉപകരണങ്ങളിൽ പൂർണ്ണമായ മെസേജ് ഹിസ്റ്ററി കാണുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ടാകും. എങ്കിലും സാധാരണ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാനും വായിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.

സേവനം അവസാനിച്ചതിന് ശേഷം സാംസങ് മെസേജസ് വഴി സാധാരണ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയില്ല. അതേസമയം, അടിയന്തര നമ്പറുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കാൻ മാത്രം ചില പരിമിത സൗകര്യങ്ങൾ തുടരാനിടയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 2022-ന് മുൻപ് പുറത്തിറങ്ങിയ ചില ഉപകരണങ്ങളിൽ ആർസിഎസ് സേവനത്തിൽ പ്രശ്‍നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ മാറ്റം, സാംസങ് ഉപയോക്താക്കളെ കൂടുതൽ ഏകീകൃതമായ ഒരു മെസേജിംഗ് അനുഭവത്തിലേക്ക് നയിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.