ദില്ലി: സാംസങ്ങ് ഇലക്ട്രോണിക്സ് 2020 ക്യൂഎല്‍ഇഡി ടിവി 8കെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. 5 ലക്ഷം മുതലാണ് ഈ ടിവി സീരിസിന്‍റെ വില ആരംഭിക്കുന്നതെന്നാണ് വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 8കെ റെസല്യൂഷന്‍, ക്വാണ്ടം പ്രോസ്സസര്‍ 8കെ, ക്വാണ്ടം എച്ച്ഡിആര്‍ എന്നിവയാണ് ഈ ടിവിയുടെ പ്രധാന പ്രത്യേകതകള്‍.

ലോകത്തിലെ ആദ്യത്തെ 8കെ ക്യൂഎല്‍ഇഡി ടിവി കഴിഞ്ഞവര്‍ഷമാണ് സാംസങ്ങ് പുറത്തിറക്കിയത്. ഇതിന്‍റെ പരിഷ്കരിച്ച 2020 മോഡലാണ് സാംസങ്ങ് ഇപ്പോള്‍ പുറത്തിറക്കുന്നത്. വീട്ടിനുള്ളിലെ എന്‍റര്‍ടെയ്മെന്‍റ് അനുഭവം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ഡിസൈനാണ് 2020 ക്യൂഎല്‍ഇഡി ടിവി 8കെയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്. അടുത്ത വാരമായിരിക്കും ഈ ടിവി ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിക്കുക. പുതിയ പതിപ്പില്‍ കഴിഞ്ഞ പതിപ്പിനേക്കാള്‍ കൂടിയ ശബ്ദ സംവിധാനം ഉണ്ടെന്നാണ് സൂചന.

ക്യൂ സിംഫണി ഫീച്ചറോടെയുള്ള ആറ് സ്പീക്കറുകളാണ് 2020 ക്യൂഎല്‍ഇഡി ടിവി 8കെയ്ക്ക് ഉണ്ടാക്കുക. സറോംണ്ടിംഗ് ശബ്ദ സംവിധാനത്തില്‍ മികച്ച അനുഭവം ഇത് നല്‍കും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. എഐ ഫീച്ചര്‍വച്ച് സറോംണ്ടിഗ് ശബ്ദസംവിധാനവുമായി മികച്ച രീതിയില്‍ സിങ്ക് ആകുവാന്‍ ടിവിക്ക് സാധിക്കും.

ജനുവരിയില്‍ ലാസ്വേഗസില്‍ നടന്ന കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോയിലാണ് ആദ്യമായി 2020 ക്യൂഎല്‍ഇഡി ടിവി 8കെ ദക്ഷിണകൊറിയന്‍ ടെക് ഭീമന്മാരായ സാംസങ്ങ് അവതരിപ്പിച്ചത്. ഈ ടിവിയുടെ ബോഡി സ്ക്രീന്‍ അനുപാതം 99 ശതമാനമാണ്.