ആപ്പിള്‍ ഐഫോണ്‍ 17 എയര്‍ പുറത്തിറക്കുന്നതിന് മാസങ്ങള്‍ മുന്നേ ഗാലക്സി എസ്25 എഡ്ജ് സാംസങ് പുറത്തിറക്കി 

സോള്‍: സ്‌മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ആപ്പിളുമായി അടുത്ത നേര്‍ക്കുനേര്‍ പോരാട്ടത്തിന് തുടക്കം കുറിച്ച് സാംസങ്. സാംസങ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഫ്ലാഗ്ഷിപ്പ് മൊബൈല്‍ ഫോണ്‍ ഗാലക്സി എസ്25 എഡ്‌ജ് അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ സഹിതം വരുന്ന സാംസങ് ഗാലക്സി എസ്25 എഡ്ജ് പ്രീമിയം നിലവാരത്തിലുള്ള സ്‌മാര്‍ട്ട്ഫോണാണ്. ആപ്പിളിന്‍റെ വരാനിരിക്കുന്ന അള്‍ട്രാ-സ്ലിം ഫോണായ ഐഫോണ്‍ 17 എയറിന് ഭീഷണിയുയര്‍ത്തുകയാണ് പുതിയ സ്ലിം ഹാന്‍ഡ്‌സെറ്റിലൂടെ സാംസങിന്‍റെ ലക്ഷ്യം. 

പെര്‍ഫോമന്‍സില്‍ വിട്ടുവീഴ്ചയില്ലാത്ത, എന്നാല്‍ അനായാസം കയ്യില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന സ്‌മാര്‍ട്ട്‌ഫോണ്‍ എന്ന നിലയ്ക്കാണ് സാംസങ് ഗാലക്സി എസ്25 എഡ്ജ് പുറത്തിറക്കിയിരിക്കുന്നത്. 5.8 മില്ലീമീറ്റര്‍ മാത്രമാണ് ഫോണിന്‍റെ കട്ടി. ഫോണിലെ വിവിധ ഭാഗങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തിയാണ് കട്ടി കുറച്ചതെങ്കിലും ഫോണ്‍ പെര്‍ഫോമന്‍സില്‍ നിരാശപ്പെടുത്തില്ലെന്നും ചൂടാവുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും സാംസങ് അവകാശപ്പെട്ടു. ഓവര്‍-ഹീറ്റാകുമെന്ന ഭയമില്ലാതെ ഗാലക്സി എസ്25 എഡ്ജ് ഉപയോഗിക്കാമെന്ന് സാംസങ് ഇലക്ടോണിക്സ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് മൂണ്‍ സങ്-ഹൂന്‍ വ്യക്തമാക്കി. പ്രീമിയം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പിലാണ് നിര്‍മ്മാണം.

ദക്ഷിണ കൊറിയയില്‍ മെയ് 23 മുതലും അമേരിക്കയില്‍ 30 മുതലും ഗാലക്സി എസ്25 എഡ്ജിന്‍റെ വില്‍പന ആരംഭിക്കും. ഇന്ത്യയില്‍ എപ്പോഴാണ് ഫോണ്‍ വിപണിയിലെത്തുക എന്ന് വ്യക്തമല്ല. ചൈനയിലടക്കം അടക്കം 30 രാജ്യങ്ങളില്‍ സാംസങ് ഗ്യാലക്സി എസ്25 എഡ്ജ് വൈകാതെ ലഭ്യമാകും എന്നാണ് അറിയിപ്പ്. 

സാംസങ് ഗാലക്സി എസ്25 എഡ്ജ്- സ്പെസിഫിക്കേഷനുകള്‍

6.7 ഇഞ്ച് ഡിസ്പ്ലെയാണ് സാംസങ് ഗാലക്സി എസ്25 എഡ്ജ് ഫോണിനുള്ളത്. 163 ഗ്രാമാണ് ഫോണിന്‍റെ ഭാരം. ഒപ്റ്റിക്കല്‍ സൂം സഹിതം 200 എംപി വൈഡ് ക്യാമറ ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ്, 12 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ക്യാമറ ഫീച്ചറുകളായി വരുന്നത്. 12 ജിബി റാം കണക്കില്‍ വരുന്ന ഗാലക്സി എസ്25 എഡ്ജിന് 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്‍റുകളുണ്ട്. 3900 എംഎഎച്ചിന്‍റെ ഫാസ്റ്റ് വയേര്‍ഡ്, വയര്‍ലസ് ചാര്‍ജിംഗ് ഈ ഫോണ്‍ നല്‍കുന്നു. 30 മിനിറ്റ് കൊണ്ട് 55 ശതമാനം ചാര്‍ജ് ചെയ്യാനാവുന്ന 25 വാട്സ് അഡാപ്റ്ററാണ് ഫോണിനുള്ളത്. 5ജി, എല്‍ടിഇ, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, വണ്‍ യുഐ7 ആന്‍ഡ്രോയ്‌ഡ് 15, ഐപി68 റേറ്റിംഗ്, ക്യാമറയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന മള്‍ട്ടിമോഡല്‍ എഐയാണ് മറ്റൊരു ആകര്‍ഷകമായ ഫീച്ചര്‍ എന്നിവയാണ് സാംസങ് ഗാലക്സി എസ്25 എഡ്ജിന്‍റെതായി പുറത്തുവന്ന പ്രധാന ഫീച്ചറുകള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം