സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ കമ്പനിക്കെതിരായി ഉയര്‍ന്ന 'ബാറ്ററിഗേറ്റ്' വിവാദത്തില്‍ ഒടുവില്‍ ഒത്തുതീര്‍പ്പ്. 500 മില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ ഒത്തുതീര്‍പ്പിനാണ് ആപ്പിള്‍ കമ്പനി സമ്മതിച്ചത് എന്നാണ് റിപ്പോര്‍ട്
പഴയ ഐഫോൺ മോഡലുകൾ മുൻ‌കൂട്ടി അറിയിക്കാതെ പ്രവര്‍ത്തന വേഗത കുറയുന്ന സംഭവമാണ്  'ബാറ്ററിഗേറ്റ്'  എന്ന വിവാദം. ഇത് തങ്ങളുടെ ഭാഗത്ത് സംഭവിച്ച തെറ്റാണ് എന്ന് സമ്മതിച്ച് ആപ്പിള്‍ നേരത്തെ കുറ്റസമ്മതം നടത്തുകയും ഉപയോക്താക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പേരിലുള്ള ക്ലാസ്-ആക്ഷൻ കേസാണ് ഇപ്പോള്‍ തീര്‍പ്പായത്.

പ്രശ്നം നേരിട്ട ഒരോ  ഐഫോൺ ഉടമയ്ക്കും ആപ്പിൾ ഏകദേശം 25 ഡോളർ ‌നൽകേണ്ടിവരും. കേസ് തീർപ്പാക്കാൻ ആപ്പിളിന് മൊത്തം 31 കോടി മുതൽ 50 കോടി ഡോളർ വരെ നൽകേണ്ടിവരുമെന്ന് ടെക് വിദഗ്ധരുടെ അഭിപ്രായം. ലഭിച്ച ക്ലെയിമുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഓരോ വ്യക്തിക്കും ലഭിക്കുന്ന കൃത്യമായ തുക അൽപം വ്യത്യാസപ്പെടാം.

ഐഒഎസ് 10.2.1, ശേഷമുള്ള ഐഒഎസ് 11.2 അല്ലെങ്കിൽ അതിനുശേഷമുള്ള ഐഫോൺ 6, 6 പ്ലസ്, 6 എസ്, 6 എസ് പ്ലസ്, 7, 7 പ്ലസ്, എസ്ഇ എന്നീ മോഡലുകൾക്കാണ് ആപ്പിൾ സെറ്റില്‍മെന്‍റ് അനുസരിച്ച് നഷ്ടപരിഹാരം നൽകുക. ഉപയോക്താക്കൾക്ക് ക്ലെയിം സമർപ്പിക്കുന്നതിന് നിർദ്ദിഷ്ട വെബ്‌സൈറ്റ് ഉണ്ട്. ക്ലെയിം ഓൺലൈനിലോ മെയിലിലോ ചെയ്യാം. എല്ലാ ക്ലെയിമുകളും ഓൺലൈനായി സമർപ്പിക്കുകയോ ഒക്ടോബർ 6 നകം ലെറ്റർ മെയിൽ വഴി അയക്കുകയോ ചെയ്യണം.

നിലവാരമില്ലാത്ത ബാറ്ററികളുള്ള ചില ഐഫോൺ മോഡലുകളെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് മന്ദഗതിയിലാക്കിയതായി ആപ്പിൾ 2017 ൽ സമ്മതിച്ചിരുന്നു. അപ്രതീക്ഷിതമായി ഫോൺ പ്രവർത്തനം നിലയ്ക്കുന്നത് തടയുന്നതിനും ഉപകരണങ്ങളുടെ ആയുസ്സ് സംരക്ഷിക്കുന്നതിനും അപ്‌ഡേറ്റ് ആവശ്യമാണെന്ന് ആപ്പിള്‍ അന്ന് അവകാശപ്പെട്ടു.

എന്നാല്‍ ഫോണ്‍ സ്ലോ ആയത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെയായിരുന്നുവെന്ന് ആപ്പിള്‍ ഉപഭോക്താക്കളെ അറിയിക്കേണ്ടതായിരുന്നു എന്നാണ് പരാതിക്കാരുടെ വാദം. കൂടാതെ ബാറ്ററി മാറ്റിവച്ചാല്‍ പ്രവര്‍ത്തനം പഴയപടിയാകുമെന്ന കാര്യവും തങ്ങളില്‍ നിന്നു മറച്ചു വച്ചു. ഇതറിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ ബാറ്ററി മാറ്റുമായിരുന്നു, പുതിയ ഫോണ്‍ വാങ്ങേണ്ടി വരില്ലായിരുന്നു എന്നാണ് ഉപയോക്താക്കളുടെ നിലപാട്. ഈ വാദം പിന്നീട് ആപ്പിള്‍ അംഗീകരിച്ചു.