ദില്ലി: ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോ വിവോ എസ്1 ഫോണിന്‍റെ 4ജിബി പതിപ്പിന്‍റെ വില കുറച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് വിവോ എസ്1 ഫോണ്‍ 17,990 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയത്. ഇപ്പോള്‍ ഇതിന്‍റെ വിലയിലാണ് കുറവ് വരുത്തിയിരിക്കുന്നത്.

ആയിരം രൂപയുടെ കുറവാണ് ഈ ഫോണ്‍ വിലയില്‍ വരുത്തിയിരിക്കുന്നത്. 4ജിബി റാം+128 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിന് ഇതോടെ പുതിയ വിപണി വില 16,990 രൂപയായിരിക്കും. അതേ സമയം ഈ ഫോണിന്‍റെ 6ജിബി റാം പതിപ്പിന് പഴയ വിലയായ 19,990 ആയിരിക്കും. പക്ഷെ ഈ ഫോണിന്‍റെ വില്‍പ്പന താല്‍ക്കാലികമായി വിവോ നിര്‍ത്തിയിട്ടാണ് ഉള്ളത്.

പുതിയ വില ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവിടങ്ങളില്‍ ലഭ്യമാണ്. 6.38 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്പ്ലേ ഫോണാണ് വിവോ എസ്1. ആന്‍ഡ്രോയ്ഡ് 9 പൈ ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം.  4,000 എംഎഎച്ചാണ് ബാറ്ററി ശേഷി.

പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഈ ഫോണിനുള്ളത്. 16 എംപിയാണ് പ്രൈമറി സെന്‍സര്‍, 8 എംപിയാണ് സെക്കന്‍ററി സെന്‍സര്‍, 2 എംപി സെന്‍സറാണ് മൂന്നാമത്തെ ക്യാമറ. മുന്നില്‍ സെല്‍ഫിക്കായി 32 എംപി എഐ ശക്തിയുള്ള ക്യാമറയുണ്ട്.