3D കർവ്ഡ് ഡിസ്‌പ്ലേയുള്ള ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണായിരിക്കും ഇതെന്ന് വിവോ അവകാശപ്പെടുന്നു
ദില്ലി: ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോയുടെ വൈ400 പ്രോ 5ജി (Vivo Y400 Pro 5G) ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും. വിവോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് വഴിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വെബ്‌സൈറ്റിലെ ഒരു ഇവന്‍റ് പേജിലൂടെ പുതിയ വൈ-സീരീസ് സ്മാർട്ട്‌ഫോണിന്‍റെ വരവ് വിവോ ഉറപ്പിക്കുന്നു. ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു. വിവോ വൈ400 പ്രോ 5ജിയിൽ 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള 6.77 ഇഞ്ച് അമോലെഡ് സ്‌ക്രീൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റിൽ ഇത് പ്രവർത്തിക്കാൻ സാധ്യതയുണ്ട്. കൂടാതെ 5,500 എംഎഎച്ച് ബാറ്ററിയും ലഭിച്ചേക്കാം എന്നുമാണ് റിപ്പോർട്ടുകൾ.
3D കർവ്ഡ് ഡിസ്‌പ്ലേയുള്ള ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനി നൽകിയ പ്രൊമോഷണൽ പോസ്റ്ററിൽ, ലംബമായി, ചെറുതായി ഉയർത്തിയ പിൽ ആകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളുമായി ഈ ഫോൺ കാണപ്പെടുന്നു. വിവോ വൈ400 പ്രോയുടെ ക്യാമറ ഐലൻഡിൽ രണ്ട് ക്യാമറകളുണ്ട്. ഒരു എൽഇഡി ഫ്ലാഷ് യൂണിറ്റ് ഇതിനോടൊപ്പം നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോണിന്‍റെ ക്യാമറ ഐലൻഡ് സിൽവർ ഫിനിഷിലും അതിന്‍റെ പിൻ പാനൽ വെളുത്ത മാർബിൾ പാറ്റേണിലും കാണപ്പെടുന്നു.
ഈ സ്‍മാർട്ട്‌ഫോണിന് ഫുൾ എച്ച്‌ഡി+ റെസല്യൂഷനും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഉള്ള 6.77 ഇഞ്ച് 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുുകൾ. ഇതിന്‍റെ ഡിസ്‌പ്ലേയ്ക്ക് 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ലെവൽ ഉണ്ടാകും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുമായി ബന്ധപ്പെട്ട സവിശേഷതകളും ഈ ഫോണിന് ലഭിക്കും.
ഈ ഫോണിൽ 50-മെഗാപിക്സൽ സോണി ഐഎംഎക്സ്882 പ്രൈമറി ക്യാമറയും 2-മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഉണ്ടായിരിക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32-മെഗാപിക്സൽ ക്യാമറയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. 90 വാട്സ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,500 എംഎഎച്ച് ബാറ്ററിയും ഈ സ്‍മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കാം. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് 15-ൽ ആയിരിക്കും ഈ വിവോ ഫോൺ പ്രവർത്തിക്കുക. സുരക്ഷയ്ക്കായി ഇതിന് ഒപ്റ്റിക്കൽ ഫിംഗർപ്രിന്‍റ് സെൻസറും ലഭിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജും 8 ജിബി റാമും + 256 ജിബിയും ഉള്ള രണ്ട് വേരിയന്‍റുകളിൽ ഈ സ്‍മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ സാധ്യതയുണ്ട് എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.
ഗോൾഡ്, നെബുല പർപ്പിൾ, വെള്ള നിറങ്ങളിൽ ഈ വിവോ ഫോൺ ലഭ്യമാകും. 8 ജിബി റാമും സ്റ്റാൻഡേർഡായി 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ വിൽക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ സ്മാർട്ട്‌ഫോണിന്‍റെ വില 25,000 രൂപയിൽ താഴെയാകാനാണ് സാധ്യത. അതേസമയം ഫോണിന്‍റെ കൃത്യമായ ലോഞ്ച് തീയതി വിവോ വെളിപ്പെടുത്തിയിട്ടില്ല.

