സന്‍ഫ്രാന്‍സിസ്കോ: ഫെബ്രുവരി 22നാണ് സാംസങ്ങ് തങ്ങളുടെ ഗ്യാലക്സി ഫോള്‍ഡ് അവതരിപ്പിച്ചത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എസ്10 അവതരിപ്പിച്ച വേദിയില്‍ തന്നെയാണ്  4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്‌ക്രീനുകളുമായി സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് സാംസങ്ങ് അവതരിപ്പിച്ചത്. ഗ്യാലക്‌സി പരമ്പരയുടെ പത്താം വാര്‍ഷികത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ ഫോണിന്‍റെ അവതരണം. 

ഫോണിനെ ഇത്തരത്തിൽ സ്മാർട്ഫോണായും ടാബ്‍ലറ്റായും ഉപയോഗിക്കാൻ സഹായിക്കുന്നത് ആപ്പ് കൻട്യൂനിറ്റി എന്ന സംവിധാനമാണ്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നിവർത്തുന്ന മുറയ്ക്ക് വലിയ സ്ക്രീനിലേയ്ക്ക് കണ്ടെന്‍റ് വളരെ എളുപ്പത്തിൽ തന്നെ മാറും. മടക്കിയാൽ ചെറിയ സ്ക്രീനിലേയ്ക്കും കണ്ടെന്റ് മാറും. എന്നാൽ വലിയ സ്ക്രീനിൽ മടക്കിന്റെ അടയാളങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയുമില്ല. 

ഒരേ സമയം മൂന്ന് ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മള്‍ടി ടാസ്‌ക് സൗകര്യവും ഇതിലുണ്ട്. മൂന്ന് ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണിത്.  

ആറ് ക്യാമറകളാണ് ഫോണിൽ ഉള്ളത്. ടാബ്‍ലറ്റിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്.  16 എംപി, 12 എംപി, 12 എംപി എന്നിങ്ങനെയാണ് പിൻ ക്യാമറകൾ. രണ്ട് സെൽഫി ക്യാമറകളും ഉണ്ട്. ഇത് എസ്10 പ്ലസിന് സമാനമാണ്. ഏപ്രില്‍ മാസത്തില്‍ വിപണിയില്‍ എത്തുന്ന ഫോണുകള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച വില 1980 ഡോളറാണ് ഇത് ഇന്ത്യന്‍ രൂപയില്‍ 140867 വരും. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഫോണിന്‍റെ വില വീണ്ടും കൂടിയേക്കും.

ഇപ്പോള്‍ ഇതാ ഫോണിന്‍റെ ആഗോള വില്‍പ്പനയുടെ ഭാഗമായി ഈ ഫോണ്‍ ലോകത്തിലെ പല സെലിബ്രേറ്റികള്‍ക്കും നല്‍കി മാര്‍ക്കറ്റിംഗ് ക്യാംപെയിന്‍‌ ആരംഭിച്ചിരിക്കുകയാണ് സാംസങ്ങ്. അതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.