ഗാലക്‌സി ടാബ് എസ്11 സീരീസ് ടാബ്‌ലറ്റുകള്‍, ഗാലക്‌സി എസ്25 എഫ്ഇ സ്‌മാര്‍ട്ട്‌ഫോണ്‍ എന്നിവയാണ് ഗാലക്സി ഇവന്‍റിനെ ആകര്‍ഷകമാക്കുന്ന ഗാഡ്‌ജറ്റുകള്‍

തിരുവനന്തപുരം: ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് ലോഞ്ചിന് മുമ്പേ ഗാലക്‌സി ഡിവൈസുകള്‍ പുറത്തിറക്കുന്ന 'ഗാലക്സി ഇവന്‍റ്' ഇന്ന് നടത്താനിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ ടെക് ബ്രാന്‍ഡായ സാംസങ്. ഗാലക്‌സി ടാബ് എസ്11 സീരീസ് ടാബ്‌ലറ്റുകള്‍ (Galaxy Tab S11 Series Tablets), ഗാലക്‌സി എസ്25 എഫ്ഇ (Samsung Galaxy S25 FE) സ്‌മാര്‍ട്ട്‌ഫോണ്‍ എന്നിവ അടക്കമുള്ള ഗാഡ്‌ജറ്റുകളാണ് ഇന്നത്തെ ലോഞ്ച് ഇവന്‍റില്‍ സാംസങ് അവതരിപ്പിക്കുക. ഗാലക്സി എസ്25 ശ്രേണിയിലേക്കുള്ള പുതിയ കൂടിച്ചേര്‍ക്കലാണ് എസ്25 എഫ്‌ഇ.

സാംസങ് ഗാലക്‌സി ഇവന്‍റ് ഇന്ത്യയില്‍ എങ്ങനെ, എപ്പോള്‍ തത്സമയം കാണാം?

ഇന്ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഗാലക്‌സി ഇവന്‍റ് ആരംഭിക്കുക. സാംസങ് ന്യൂസ്‌റൂമും സാംസങ് ഇന്ത്യ യൂട്യൂബ് ചാനലും വഴി ലോഞ്ച് പരിപാടി തത്സമയം ഇന്ത്യയില്‍ കാണാം. ലോഞ്ചിന് മുന്നോടിയായി ഗാലക്‌സി ടാബ് എസ്11 സീരീസ് ടാബ്‌ലറ്റുകള്‍ പ്രീ-റിസര്‍വ് ചെയ്യാനുള്ള അവസരമുണ്ട്. ടാബ്‌ലറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് തുടക്കത്തിലെ ഡിവൈസ് കയ്യിലെത്തുകയും ചാര്‍ജിംഗ് അഡാപ്റ്റര്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും.

സാംസങ് ഗാലക്സി ഇവന്‍റ് വിവരങ്ങള്‍

തീയതി: 2025 സെപ്റ്റംബര്‍ 4

സമയം: ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണി

ലൈവ്സ്ട്രീം: സാംസങ് വെബ്‌സൈറ്റ്, സാംസങ് യൂട്യൂബ് ചാനല്‍.

ഗാലക്‌സി എസ്25 എഫ്ഇ സ്പെസിഫിക്കേഷനുകള്‍

കറുപ്പ്, വെളുപ്പ്, വയലറ്റ്, ഐസി ബ്ലൂ എന്നിങ്ങനെയുള്ള നിറങ്ങളിലാവും സാംസങ് ഗാലക്‌സി എസ്25 എഫ്‌ഇ വിപണിയിലെത്തുക എന്നാണ് ആന്‍ഡ്രോയ്‌ഡ് ഹെഡ്‌ലൈന്‍സിന്‍റെ റിപ്പോര്‍ട്ട്. ഡിസൈനിലേക്ക് വന്നാല്‍ എസ്‌25 മോഡലിലെ മറ്റ് ഫോണുകള്‍ക്ക് ഏതാണ്ട് സമാനമായിരിക്കും ഇതും. ഫ്ലാറ്റ് ഡിസ്‌പ്ലെയും വശങ്ങളും റിയര്‍ ഭാഗവും, ഇടത് വശത്ത് മുകളിലായി ക്യാമറയും എല്ലാമായി ഡിസൈനില്‍ പുതുമയ്‌ക്ക് വലിയ സാധ്യതയില്ല. റെന്‍ഡറുകള്‍ നല്‍കുന്ന സൂചന അനുസരിച്ച് ഗാലക്സി എസ്25 എഫിയുടെ ബെസ്സെലില്‍ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്.

സ്‌മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് അങ്കത്തില്‍ ആര് കപ്പുയര്‍ത്തും? ആപ്പിളിന് ആദ്യ ചെക്ക് വച്ച് സാംസങ് | Tech

എക്‌സിനോസ് 2400 ചിപ്‌സെറ്റില്‍ 8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് സംയോജനത്തോടെയാവും സാംസങ് ഗാലക്‌സി എസ്‌25 എഫ്ഇ അവതരിപ്പിക്കപ്പെടുക. 50 എംപി പ്രധാന ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ്, 8 എംപി ടെലിഫോട്ടോ (3x) എന്നിവയാണ് റിയര്‍ ഭാഗത്ത് പറയപ്പെടുന്നത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 12 മെഗാ‌പിക്‌സല്‍ ക്യാമറയും പ്രതീക്ഷിക്കുന്നു. 4900 എംഎഎച്ചിന്‍റെ ബാറ്ററിയായിരിക്കും ഗാലക്‌സി എസ്25 എഫ്‌ഇയില്‍ വരിക എന്നതാണ് മറ്റൊരു റൂമര്‍. 45 വാട്‌സിന്‍റെ വയേര്‍ഡ് ചാര്‍ജിംഗ് സൗകര്യമായിരിക്കും ഫോണില്‍ വരിക. പൊടിയില്‍ നിന്നും ജലത്തില്‍ നിന്നും സുരക്ഷയ്‌ക്കായി ഐപി28 റേറ്റിംഗ്, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് സഹിതം 3.7 ഇഞ്ച് ഡൈനാമിക് അമോല്‍ഡ് 2എക്‌സ് ഡിസ്‌പ്ലെ, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്‌ടസ് സുരക്ഷ എന്നിവയും ഗാലക്‌സി എസ്25 എഫ്‌ഇ ഫോണിനുണ്ടാകും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | Onam 2025