ചൈനീസ് ബ്രാന്‍ഡിന്‍റെ പുത്തന്‍ ഷവോമി 15ടി സ്‌മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിംഗിന് ഒരുങ്ങുന്നു. മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ ചിപ്‌സെറ്റില്‍ വരുന്ന ഫോണില്‍ 5500 എംഎഎച്ച് ബാറ്ററിയും ട്രിപ്പിള്‍ റിയര്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയും ഉൾപ്പെട്ടേക്കാം.
KNOW
ദില്ലി: ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി ഉടൻ തന്നെ ഷവോമി 15ടി സീരീസ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്‌മാർട്ട്‌ഫോൺ പരമ്പരയിൽ ഷവോമി 15ടി, ഷവോമി 15ടി പ്രോ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഷവോമി 15ടി സീരീസിലെ അടിസ്ഥാന മോഡലിന്‍റെ സവിശേഷതകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഒരു ടിപ്സ്റ്ററാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഷവോമി 15ടി സീരീസ്
ഷവോമി 15ടി-യിൽ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.83 ഇഞ്ച് അമോലെഡ് സ്‌ക്രീൻ ഉണ്ടാകുമെന്ന് ടിപ്‌സ്റ്റർ അഭിഷേക് യാദവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. ലൈക്ക സമ്മിലക്‌സ് ഒപ്റ്റിക്കൽ ലെൻസുള്ള ലൈക്ക ബ്രാൻഡഡ് പിൻ ക്യാമറ യൂണിറ്റ് ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടാകാം. മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ പ്രോസസർ ഷവോമി 15ടി-യിൽ ഉപയോഗിക്കാം. ഈ വർഷം ആദ്യമാണ് പോക്കോ എക്‌സ്7 പ്രോ 5ജി-യ്‌ക്കൊപ്പം മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ അവതരിപ്പിച്ചത്.
ഷവോമി 15ടി സ്‌മാർട്ട്‌ഫോൺ ഹൈപ്പർഒഎസിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഈ ഫോണിൽ 67 വാട്‌സ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,500 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കാം. അടുത്തിടെ, ഷവോമി 25069PTEBG എന്ന മോഡൽ നമ്പറുള്ള ഒരു സ്‌മാർട്ട്‌ഫോൺ ബെഞ്ച്മാർക്കിംഗ് സൈറ്റായ ഗീക്ക്ബെഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്നു. ഇത് ഷവോമി 15ടി ആയിരിക്കാം. ഷവോമി 15ടി സീരീസ് സെപ്റ്റംബർ 25-ന് അന്താരാഷ്ട്ര വിപണിയിൽ ലോഞ്ച് ചെയ്യുമെന്ന് ഷവോമി പ്രസ്‌താവിച്ചു. ഈ സ്‌മാർട്ട്‌ഫോൺ സീരീസിന്‍റെ പിൻ ക്യാമറ രൂപകൽപ്പനയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഈ സ്‌മാർട്ട്‌ഫോണുകളിൽ ലെയിക്ക ട്യൂൺ ചെയ്‌ത പിൻ ക്യാമറ യൂണിറ്റ് ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഷവോമി 15ടി ക്യാമറ ലീക്കുകള്‍
വിൻഫ്യൂച്ചറിന്‍റെ റിപ്പോർട്ട് പ്രകാരം, ഷവോമി 15ടി-യിൽ പ്ലാസ്റ്റിക് ഫ്രെയിം ഉണ്ടായിരിക്കും. അതേസമയം ഈ പരമ്പരയിലെ പ്രോ മോഡലിന് മെറ്റൽ ഫ്രെയിം ഉണ്ടാവാനും സാധ്യതയുണ്ട്. രണ്ട് സ്‌മാർട്ട്‌ഫോണുകളിലും 6.83 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ലഭിക്കുമെന്നതാണ് മറ്റൊരു വിവരം. ഈ സ്‌മാർട്ട്‌ഫോണുകൾക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം നൽകിയേക്കാം. രണ്ട് സ്‌മാർട്ട്‌ഫോണുകളിലും 12 ജിബി റാമും 256 ജിബി, 512 ജിബി സ്റ്റോറേജും ഉണ്ടായിരിക്കാമെന്നും ലീക്കുകള്‍ പറയുന്നു. ഷവോമി 15ടി പ്രോയിൽ 50-മെഗാപിക്‌സൽ ലൈറ്റ് ഫ്യൂഷൻ 900 ഒഐഎസ് സെൻസർ, 50-മെഗാപിക്സൽ 5x ടെലിഫോട്ടോ സാംസങ് ജെഎന്‍5 സെൻസർ ക്യാമറ, 12-മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറ എന്നിവ ഉണ്ടായിരിക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി രണ്ട് സ്‌മാർട്ട്‌ഫോണുകളിലും 32-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.



