ബാഴ്സിലോണ: എംഐ 10-ന്‍റെ ആഗോള അവതരണത്തിനായി വലിയ തയ്യാറെടുപ്പുകളിലായിരുന്നു ഷവോമി. എന്നാല്‍, കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ചൈനയില്‍ എംഐ 10 ന്‍റെ  പ്രൗഡഗംഭീരമായി നടത്താനിരുന്ന ലോഞ്ചിംഗ് ചടങ്ങ് വളരെ ലളിതമായാണ് ഷവോമി നടത്തിയത്. അതിന്‍റെ ഫലമായി, ഫോണിന്‍റെ ആഗോള അവതരണവും വൈകുമെന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ നിന്നും പടര്‍ന്നുപിടിച്ച കൊറോണ വൈറസ് പകര്‍ച്ചവ്യാധി കണക്കിലെടുത്ത് ബാഴ്സിലോണയില്‍ നടക്കാനിരുന്ന മൊബൈല്‍ ലോക കോണ്‍ഗ്രസ് 2020 റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ വേദിയില്‍ പുറത്തിറക്കാനിരുന്ന ഷവോമിയുടെ പ്രീമിയം ഫോണ്‍ എംഐ 10ന്‍റെ ആഗോള ലോഞ്ചിംഗില്‍ കാലതാമസം ഉണ്ടാകുമെന്നാണ് ഷവോമി നല്‍കുന്ന സൂചന. 

തങ്ങളുടെ ജീവനക്കാര്‍, പങ്കാളികള്‍, മാധ്യമ സുഹൃത്തുക്കള്‍, അതിഥികള്‍ എന്നിവരെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമാണെന്നും അതിനാല്‍ ഇപ്പോള്‍ എംഐ10 ആഗോള പുറത്തിറക്കല്‍ ചടങ്ങ് തല്‍ക്കാലം ഇല്ലെന്നാണ് ഷവോമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. എംഡബ്ല്യുസി 2020 ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഫെബ്രുവരി 23 നാണ് എംഐ 10 അവതരിപ്പിക്കാന്‍ ഷവോമി തീരുമാനിച്ചിരുന്നത്. 

കൊറോണ വൈറസ് പകര്‍ച്ചവ്യാധി പല കമ്പനികളെയും എംഡബ്ല്യുസി 2020 ല്‍ നിന്ന് പിന്മാറി. സോണി, ആമസോണ്‍, നോക്കിയ, എല്‍ജി തുടങ്ങിയവയും പിന്മാറി. പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായതിനുശേഷം പിന്നീടുള്ള തീയതിയില്‍ ഈ കമ്പനികളില്‍ ഭൂരിഭാഗവും സ്വന്തം നിലയ്ക്ക് ലോഞ്ചിങ് ഇവന്റുകള്‍ സംഘടിപ്പിച്ചേക്കാം. പകര്‍ച്ചവ്യാധിയുടെ സമയത്ത് ഔദ്യാഗികമായി ലോഞ്ചിങ് നടത്തിയ ഒരേയൊരു കമ്പനി സാംസങ് ആണ്, ഗാലക്‌സി എസ് 20 സീരീസ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ അവര്‍ അവതരിപ്പിച്ചു.

ഈ വര്‍ഷം വണ്‍പ്ലസ്, സാംസങ് എന്നിവയുടെ അതേ തട്ടകത്ത് കളിക്കാന്‍ ഷവോമി കണ്ടുപിടിച്ച ആയുധമായിരുന്നു എംഐ 10. പ്രീമിയം സെഗ്മെന്റില്‍ ആധുനിക ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ പോലെയാണ് ഇതിന്റെ പ്രവര്‍ത്തനവും. ഉയര്‍ന്ന പുതുക്കല്‍ നിരക്ക് ഡിസ്‌പ്ലേയാണ് എംഐ 10 ന് ലഭിക്കുന്നത്, എന്നാല്‍ ട്രെന്‍ഡി 120 ഹെര്‍ട്‌സില്‍ നിന്ന് വ്യത്യസ്തമായി എംഐ 10 90ഹെര്‍ട്‌സ് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. അമോലെഡ് പാനലിന് മികച്ച ജെഎന്‍സിഡി റേറ്റിംഗുമുണ്ട്.