10 വര്‍ഷത്തിനിടെ ഐഫോണും ഐപാഡും അടക്കമുള്ള ആപ്പിള്‍ ഡിവൈസുകള്‍ വാങ്ങിയവര്‍ക്ക് ഒരു ക്ലെയിം ഫയൽ ചെയ്യാനും നഷ്ടപരിഹാരം സ്വീകരിക്കാനും അർഹതയുണ്ടായിരിക്കും

കാലിഫോര്‍ണിയ: 2014-നും 2024-നും ഇടയിൽ ഒരു ആപ്പിൾ ഡിവൈസ് സ്വന്തമാക്കിയ അമേരിക്കക്കാര്‍ക്ക് ലോട്ടറി. അവര്‍ക്ക് നഷ്‍ടപരിഹാരമായി ഒരു ചെറിയ തുക ലഭിക്കാൻ സാധ്യതയുണ്ട്. ആപ്പിളിന്‍റെ 95 മില്യൺ ഡോളർ സിരി സെറ്റിൽമെന്‍റാണ് ഇതിനുകാരണം. ആപ്പിളിന്‍റെ വോയ്‌സ് അസിസ്റ്റന്‍റ് സിരി ഉൾപ്പെട്ട സ്വകാര്യതാ ലംഘന കേസ് തീർപ്പാക്കാൻ 95 മില്യൺ ഡോളർ നൽകാൻ കമ്പനി തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. സിരി നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ അനുവാദമില്ലാതെ കേട്ടുവെന്ന് തോന്നുന്നവര്‍ക്ക് ക്ലെയിം ഫയൽ ചെയ്യാനും നഷ്ടപരിഹാരം സ്വീകരിക്കാനും അർഹതയുണ്ടായിരിക്കാം.

എന്താണ് കേസ്?

2023 ഡിസംബറിൽ ഫയൽ ചെയ്ത ലോപ്പസ് vs ആപ്പിൾ ഇൻ‌കോർപ്പറേറ്റഡ് എന്ന കേസിലാണ് പുതിയ വഴിത്തിരിവ്. സിരി വഴി ഉപയോക്താക്കളുടെ സമ്മതമില്ലാതെ സ്വകാര്യ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തെന്നാണ് കേസ്. സിരിയുടെ അപ്രതീക്ഷിതമായ പ്രവർത്തനങ്ങളിലൂടെ സെൻസിറ്റീവ് ആയ വ്യക്തിഗത സംഭാഷണങ്ങൾ പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചുവെന്ന് പരാതിക്കാരൻ അവകാശപ്പെട്ടു. താൻ ഒരു ഡോക്ടറുമായി സ്വകാര്യമായി സംസാരിച്ചതിന് തൊട്ടുപിന്നാലെ തനിക്ക് ഒരു മെഡിക്കൽ ചികിത്സാ പരസ്യം ലഭിച്ചതായി പരാതിക്കാരൻ ആരോപിച്ചു. സിരി ചിലപ്പോൾ അബദ്ധത്തിൽ പ്രവർത്തനക്ഷമമാകുമെന്നും ഇത് സ്വകാര്യ ചർച്ചകൾ റെക്കോർഡ് ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും കാരണമായെന്നും കേസ് അവകാശപ്പെട്ടു. ഇത് ഗുരുതരമായ സ്വകാര്യതാ ആശങ്കകൾ ഉയർത്തി. ഒടുവിൽ 2024 ജനുവരിയിൽ ആപ്പിൾകേസ് ഒത്തുതീർപ്പാക്കാൻ സമ്മതിച്ചു. 95 മില്യൺ ഡോളർ ഒത്തുതീർപ്പിനാണ് ടെക് ഭീമൻ വഴങ്ങിയത്.

നഷ്‍ടപരിഹാരത്തിന് ആർക്കൊക്കെ യോഗ്യത?

രണ്ട് അടിസ്ഥാന കാര്യങ്ങൾ പാലിക്കുന്ന ആപ്പിൾ ഉടമകൾക്കാണ് ഇതിനുള്ള യോഗ്യത. 2014 സെപ്റ്റംബർ 17-നും 2024 ഡിസംബർ 31-നും ഇടയിൽ യോഗ്യമായ ഒരു ആപ്പിൾ ഉപകരണം ഉണ്ടായിരിക്കണം എന്നതാണ് ഇതിൽ ഒരെണ്ണം. നിങ്ങളുടെ സമ്മതമില്ലാതെ സിരി അബദ്ധത്തിൽ ഒരു സ്വകാര്യ സംഭാഷണം റെക്കോർഡ് ചെയ്‌തുവെന്ന് നിങ്ങൾ തെളിയിക്കണം എന്നതാണ് രണ്ടാമത്തെ കാര്യം.
 
യോഗ്യമായ ആപ്പിൾ ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച്, മാക്ബുക്ക്, ഐമാക്, ഹോംപോഡ്, ഐപോഡ് ടച്ച് ആപ്പിൾ ടിവി എന്നിവ ഉൾപ്പെടുന്നു. ഈ ഉപകരണങ്ങളിൽ ഏതിലെങ്കിലും നിങ്ങൾ സിരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, സംഭവിക്കാൻ പാടില്ലാത്ത എന്തെങ്കിലും അതിൽ ഉണ്ടായിരുന്നിരിക്കാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾ നഷ്‍ടപരിഹാരത്തിനു യോഗ്യരാണ്.

എങ്ങനെ ക്ലെയിം ചെയ്യാം?

ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ള ഉടമകൾക്ക് ആപ്പിളും ഒത്തുതീർപ്പ് കൈകാര്യം ചെയ്യുന്ന നിയമ സംഘവും അറിയിപ്പുകൾ അയച്ചുതുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. ക്ലെയിം കോഡുകളുള്ള ഇമെയിലുകളും പോസ്റ്റൽ സന്ദേശങ്ങളുമാണ് അയയ്ക്കാൻ തുടങ്ങിയത്. എന്നാൽ ഇത്തരത്തിലുള്ള അറിയപ്പുകളൊന്നും ലഭിച്ചില്ലെങ്കിൽ പോലും നിങ്ങൾക്ക് ഒരു ക്ലെയിം സമർപ്പിക്കാൻ കഴിയും. അതിനായി ഔദ്യോഗിക സെറ്റിൽമെന്റ് വെബ്‌സൈറ്റിലേക്ക് പോയ ശേഷം കോഡ് ഇല്ലാതെ തന്നെ ക്ലെയിം ഫയൽ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ പാലിക്കുക. നിങ്ങളുടെ വിശദാംശങ്ങൾ നൽകാനും യോഗ്യതയുള്ള ഒരു ഉപകരണം നിങ്ങളുടെ ഉടമസ്ഥതയിലാണെന്ന് സ്ഥിരീകരിക്കാനും ഒരു സ്വകാര്യ സംഭാഷണത്തിനിടെ സിരി സജീവമാക്കിയതായി നിങ്ങൾ വിശ്വസിക്കുന്നുവെന്ന് സത്യപ്രസ്‍താവന നൽകാനും നിങ്ങൾക്ക് സാധിക്കും. 2025 ജൂലൈ രണ്ട് ആണ് ക്ലെയിം ഫയൽ ചെയ്യാനുള്ള അവസാന തീയതി.

എത്ര പണം ലഭിക്കും?

അതേസമയം നഷ്‍ടപരിഹാരമായി വലിയൊരു തുക ലഭിക്കുമെന്നൊന്നും പ്രതീക്ഷിക്കരുത്. മൊത്തം സെറ്റിൽമെന്റ് ഫണ്ട് 95 മില്യൺ ഡോളറാണെങ്കിലും ആപ്പിൾ ഉപകരണങ്ങളുടെ ജനപ്രീതിയും 10 വർഷത്തെ കാലയളവും കണക്കിലെടുക്കുമ്പോൾ, ദശലക്ഷക്കണക്കിന് ആപ്പിൾ ഉപയോക്താക്കൾക്കിടയിൽ ഈ തുക വിഭജിക്കപ്പെട്ടുപോകും. നിലവിലെ കണക്കുകൾ പ്രകാരം, യോഗ്യരായ മിക്ക ഉപയോക്താക്കൾക്കും ഒരു ആപ്പിൾ ഡിവൈസിന് ഏകദേശം 20 ഡോളർ വീതം ലഭിക്കും. നിങ്ങൾക്ക് ഒന്നിലധികം ആപ്പിൾ ഉപകരണങ്ങൾ ഉണ്ടെങ്കിൽ  നിങ്ങൾക്ക് കൂടുതൽ പണം ലഭിച്ചേക്കാം. പക്ഷേ അത് എത്ര പേർ ക്ലെയിം ഫയൽ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

എന്താണ് ഈ കേസിന്‍റെ പ്രാധാന്യം?

ഡാറ്റ സ്വകാര്യത, ഉപയോക്തൃ സമ്മതം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ടെക് കമ്പനികൾ നേരിടുന്ന നിയമ വെല്ലുവിളികളുടെ ഒരു ഭാഗമാണ് ഈ കേസ്. സിരി, അലക്സ, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ വോയ്‌സ് അസിസ്റ്റന്റുകൾ വീടുകളിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായ റെക്കോർഡിംഗുകളെയും ഡാറ്റ ശേഖരണത്തെയും കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരികയുമാണ്. ആപ്പിൾ ഉപയോക്താക്കൾക്ക് തങ്ങളുടെ സ്വകാര്യ ഡാറ്റയിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതിന്റെ പ്രാധാന്യം ഈ ഒത്തുതീർപ്പ് കേസ് എടുത്തുകാണിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം