വ്യത്യസ്‍തനാമൊരു 'റാംഗ്ലറാം' ഥാറിനെ മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു!
അഭ്യൂഹങ്ങളെയും പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തി ജീപ്പ് റാംഗ്ലറിനെ ഓര്‍മ്മിപ്പിക്കുന്ന കിടിലന്‍ ലുക്കില്‍ എത്തിയ പുത്തന്‍ ഥാറിന്റെ ചിത്രവിശേഷങ്ങള്‍
മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്‍റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട് ഏറെ സാമ്യമുള്ളതാണ്. ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർമാക്-ഓറിയന്റഡ് വേരിയന്റാണ്. പുതിയ ഥാറിന്‍റെ വില ഒക്ടോബർ രണ്ടിന് പ്രഖ്യാപിക്കും.
ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം.
നിലവിലെ ഥാറിൽ സുഖസൗകര്യങ്ങൾ നാമമാത്രമായിരുന്നെങ്കിൽ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കളർ മൾട്ടി ഇൻഫൊ ഡിസ്‍പ്‍ളേ, റിയർ പാർക്കിങ് മിറർ, പവർ ഫോൾഡിങ് മിറർ എന്നിവയൊക്കെയായിട്ടാണ് പുതിയ ഥാറിന്റെ വരവ്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർ ബാഗ്, എ ബി എസ്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവയുമുണ്ടാവും. അഴിച്ചു നീക്കാൻ കഴിയുംവിധമുള്ള, ഫാക്ടറി ഫിറ്റഡ് ഹാർഡ് ടോപ്പും പുത്തൻ ഥാറിലുണ്ട്.
മുന്‍തലമുറയേക്കാള്‍ കാഴ്ചയില്‍ തന്നെ അല്‍പ്പം വലിയ വാഹനമാണ് പുത്തന്‍ ഥാര്‍. മുഖഭാവം പൂര്‍ണമായും അഴിച്ചുപണിതു. വലിപ്പം കുറഞ്ഞ് ആറ് സ്ലാറ്റുകളുള്ള ബ്ലാക്ക് ഗ്രില്ല്, അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്‌ലാമ്പ്, ചുറ്റിലുമുള്ള ഡിആര്‍എല്‍, ബോണറ്റിന് വശങ്ങളിലായി സ്ഥാനമുറപ്പിച്ച ഇന്റിക്കേറ്റര്‍, ഡ്യുവല്‍ ടോണില്‍ സ്‌പോര്‍ട്ടി ഭാവമുള്ള ബംമ്പര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മുന്‍വശം.
മുന്‍തലമുറ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പ്രീമിയമാണ് അകത്തളം. മികച്ച സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൃത്താകൃതിയിലുള്ള ഏസി വെന്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിങ്ങനെയാണ് സെന്റര്‍ കണ്‍സോള്‍. ഗിയര്‍ ലിവറും, ഡ്രൈവ് മോഡിന്റെ ലിറവും, ഹാന്‍ഡ് ബ്രേക്കും, പവര്‍ വിന്‍ഡോ കണ്‍ട്രോള്‍ യൂണിറ്റുമാണ് മുന്‍നിര സീറ്റുകള്‍ക്കിടയില്‍.
XUV 300ല്‍ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീലാണ് 2020 ഥാറിലും. ഡോര്‍ പാനലിന്റെ വശങ്ങളില്‍ സില്‍വര്‍ സ്ട്രിപ്പില്‍ ഥാര്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. പിന്‍നിരയിലും മുന്നിലേക്ക് ഫെയ്‌സ് ചെയ്തിട്ടുള്ള സീറ്റുകളാണ്. അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഹെഡ് റെസ്റ്റ് ഉള്‍പ്പെടെയുള്ള ക്യാപ്റ്റന്‍ സീറ്റാണ് പിന്നില്‍.
ആഡംബര വാഹനങ്ങളുടെ പ്രൗഡിയാണ് വശങ്ങള്‍ക്ക്. ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ച്, മികച്ച ഡിസൈനിലുള്ള സൈഡ് മിറര്‍, വലിയ സൈഡ് ഗ്ലാസ്, അലോയി വീല്‍ എന്നിവയാണ് വശങ്ങളില്‍. മുന്നിലേതിന് സമാനമായ ബംമ്പര്‍, ഡോറിന്റെ മധ്യഭാഗത്തുള്ള സ്‌റ്റെപ്പിനി ടയര്‍, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.
നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലും എത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മറ്റൊരു സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
ഓൾ-ന്യൂ ഥാർ നമ്മുടെ സമ്പന്നമായ വാഹന പൈതൃകത്തിൽ ഉറച്ചുനിൽക്കുകയും മഹീന്ദ്ര DNA -യെ അതിന്റെ ശുദ്ധമായ രൂപത്തിൽ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു എന്നാണ് കമ്പനിയുടെ അവകാശവാദം
2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോഡലുകളെ അനുസ്‍മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. 2015ലാണ് വാഹനത്തിന്‍റെ ഒടുവിലത്തെ ഫെയ്‍സ്‍ലിഫ്റ്റ് വിപണിയില്‍ എത്തുന്നത്.
10വർഷംകൊണ്ട് മഹീന്ദ്ര വിറ്റഴിച്ചത് 60,000 ഥാറുകളാണ്. അടുത്ത 10 വർഷത്തിൽ വിൽപ്പനയിൽ വമ്പൻ കുതിപ്പാണ് കമ്പനി ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ഓഫ് റോഡ് പ്രേമികള്‍ക്ക് ഒപ്പം കുടുംബങ്ങളിലേക്കും അതുവഴി ലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്കും കടന്നെത്താമെന്നാണ് മഹീന്ദ്രയുടെ കണക്കുകൂട്ടല്‍. വരാനിരിക്കുന്ന പുത്തൻ ഫോഴ്സ് ഗൂർഖ അഞ്ച് ഡോർ പതിപ്പായ സുസുക്കി ജിംനി എന്നിവയായിരിക്കും പുത്തന്‍ ഥാർ എസ്‌യുവിയുടെ പ്രധാന എതിരാളികൾ.